Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുരന്തമുഖത്ത് രക്ഷകരായി ഇന്ത്യൻ സേന; കാഠ്മണ്ഡുവിലും എവറസ്റ്റിലും രക്ഷാപ്രവർത്തനത്തിന് എത്തി; ഇതുവരെ സുരക്ഷിതരായി തിരിച്ചെത്തിച്ചത് 5400 പേരെ; സ്‌പെയിൻ ഇന്ത്യയുടെ സഹായം തേടി; 'ഓപ്പറേഷൻ മൈത്രി'ക്ക് കൈയടികളോടെ സൈബർ ലോകവും

ദുരന്തമുഖത്ത് രക്ഷകരായി ഇന്ത്യൻ സേന; കാഠ്മണ്ഡുവിലും എവറസ്റ്റിലും രക്ഷാപ്രവർത്തനത്തിന് എത്തി; ഇതുവരെ സുരക്ഷിതരായി തിരിച്ചെത്തിച്ചത് 5400 പേരെ; സ്‌പെയിൻ ഇന്ത്യയുടെ സഹായം തേടി; 'ഓപ്പറേഷൻ മൈത്രി'ക്ക് കൈയടികളോടെ സൈബർ ലോകവും

ന്യൂഡൽഹി: എല്ലാ കാര്യങ്ങൾക്കും ഇന്ത്യയെ ആശ്രയിക്കുന്ന രാജ്യമാണ് നേപ്പാൾ. അതുകൊണ്ട് തന്നെ ഇന്ത്യക്കാർക്ക് ആ രാജ്യത്തേക്ക് കടക്കണമെങ്കിൽ വിസ പോലും ആവശ്യമില്ല. അങ്ങനെയുള്ള രാജ്യത്തെ ഭൂകമ്പം താറുമാറാക്കിയപ്പോൾ സർവസഹായങ്ങളും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത് ഇന്ത്യ തന്നെയായിരുന്നു. നേപ്പാളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് ആവശ്യമായ ഉപകരണങ്ങൾ എത്തിച്ചുകൊടുത്തതിന് പുറമേ രക്ഷാദൗത്യത്തിലും ഇന്ത്യൻ ദുരന്തനിവാരണ സേന ഭാഗഭാക്കായി. കൂടാതെ എവറസ്റ്റിൽ രക്ഷാപ്രവർത്തനം നടത്തിയതും ഇന്ത്യൻ സേനയായിരുന്നു.

ഭൂകമ്പം നാശം വിതച്ച എവറസ്റ്റിലെ രക്ഷാക്യാമ്പിൽ എത്തിയ സേന അവിടെ മഞ്ഞുവീഴ്‌ച്ചയിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്താനും പരിക്കേറ്റവരെ രക്ഷിക്കാനുമാണ് എത്തിയത്. ഇന്ത്യൻ ആർമിയാണ് ഇവിടെ എത്തിയത്. എവറസ്റ്റിൽ കൂടുതലും അകപ്പെട്ടത് പർവതാരോഹണത്തിനെത്തിയ പാശ്ചാത്യ രാജ്യങ്ങളായിരുന്നു. എല്ലാവരും ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ചതോടെ ആറ് ഹെലിക്ടോപ്ടറുകാണ് ഇന്ത്യ എവറസ്റ്റിലേക്ക് അയച്ചത്. ഇവിടെ പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകിയും ആശുപത്രിയിൽ എത്തിച്ചതും ഇന്ത്യയായിരുന്നു.

ഭൂകമ്പത്തിൽ തകർന്ന നേപ്പാളിൽ നിന്നും ഇന്ത്യ ഇതുവരെ 5400 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ അറിയിച്ചിട്ടുണ്ട്. ഇതിൽ 30 പേർ വിദേശീയരാണ്. അതേസമയം, നേപ്പാളിലുള്ള തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ സ്‌പെയിൻ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 340 സ്പാനിഷുകാർ നേപ്പാളിൽ കുടുങ്ങിയിരിക്കുകയാണെന്നാണ് വിവരം. ഇവരെ രക്ഷിക്കാൻ വേണ്ടിയും ഇന്ത്യൻ സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. കാഠ്മണ്ഡുവിലും ഭക്ഷണവും വെള്ളവും ലഭിക്കാതെ സ്ഥിതിഗതികൾ രൂക്ഷമാകുകയാണ്. എന്നാൽ ഇവിടെയും ഇന്ത്യ സഹായഹസ്തം നീട്ടി രംഗത്തെത്തി.

ദുരന്തബാധിതർക്ക് ഭക്ഷണമെത്തിച്ചും ചികിൽസാസഹായമെത്തിച്ചും ദുരന്തബാധിതപ്രദേശത്ത് നിന്ന് രക്ഷപ്പെടുത്തിയും രാപകൽ ഭേദമില്ലാതെ ഇന്ത്യൻ സൈന്യം നേപ്പാളിൽ രംഗത്തുണ്ട്. ഓപ്പറേഷൻ മൈത്രി എന്നാണ് നേപ്പാളിലെ രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ സേന നൽകിയ പേര്. ഇന്ത്യൻ സേനയുടെ 13 സൈനിക വിമാനങ്ങളും നിരവധി ഹെലികോപ്റ്ററുകളും നേപ്പാളിലുണ്ട്. തുടർഭൂചലനങ്ങളും കനത്ത മഴയും കാരണം വിമാന സർവീസ് ദുഷ്‌കരമായ നേപ്പാളിൽ ഇന്ത്യൻ സേന മുപ്പതോളം ബസ് സർവീസുകൾ പുറത്തിറക്കിയിട്ടുണ്ട്.

നേപ്പാളിന്റെ പ്രധാന വരുമാനം വിനോദ സഞ്ചാരം ആണെന്നതിനാൽ നിരവധി വിദേശികൾ രാജ്യത്തുണ്ട്. അതുകൊണ്ട് തന്നെ പാശ്ചാത്യ രാജ്യങ്ങൾ സഹായം തേടി ആദ്യം വിളിച്ചതും ഇന്ത്യയെ ആയിരുന്നു. അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ വ്യോമസേന തന്നെ രംഗത്തെത്തിയിരുന്നു. ഭൂകമ്പത്തിൽ ഭയന്നുപോയ പല ഇന്ത്യക്കാർക്ക് ധൈര്യം നൽകിയത് ഇന്ത്യൻ പട്ടാളക്കാരായിരുന്നു. എന്തുവിലകൊടുത്തു ഇന്ത്യക്കാരെ രക്ഷപെടുത്തുമെന്ന് സൈനികർ പറഞ്ഞത് ധൈര്യം പകർന്നെന്ന് രക്ഷപെട്ടെത്തിയ പലരും ഒരേസ്വരത്തിൽ പറയുന്നു.

അതേസമയം നേപ്പാളിൽ ഇന്ത്യൻ സേന നടത്തുന്ന രക്ഷാദൗത്യത്തെ കൈയടികളോടെയാണ് സൈബർ ലോകവും എതിരേൽക്കുന്നത്. ഇന്ത്യൻ സേനയെ സ്തുതിക്കുന്ന നിരവധി പോസ്റ്റുകളാണ് ഫേസ്‌ബുക്കിലും ട്വിറ്ററിലുമുള്ളത്. അതിനിടെ ഫോട്ടോഷോപ്പുകളുമായി രംഗത്തെത്തിയ ആർഎസ്എസ് പ്രവർത്തകർക്കെതിയും സൈബർലോകത്ത് പ്രതിഷേധം ഉയർന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP