Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

12 ഏക്കർ നിറയെ ആഢംബരസൗധങ്ങൾ; ആർക്കും കടന്നു കയറാൻ കഴിയാത്ത സുരക്ഷാമതിലുകൾ; കൈക്കരുത്തിനെ നിയമം തോൽപ്പിച്ച ആൾദൈവത്തിന്റെ ആശ്രമത്തിലെ കാഴ്ചകൾ

12 ഏക്കർ നിറയെ ആഢംബരസൗധങ്ങൾ; ആർക്കും കടന്നു കയറാൻ കഴിയാത്ത സുരക്ഷാമതിലുകൾ; കൈക്കരുത്തിനെ നിയമം തോൽപ്പിച്ച ആൾദൈവത്തിന്റെ ആശ്രമത്തിലെ കാഴ്ചകൾ

ഹിസാർ: ദൈവമാണ് മനുഷ്യരെ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങളുടെ സൃഷ്ടാവെന്ന വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. അപ്പോൾപ്പിന്നെ മനുഷ്യർ നിർമ്മിച്ച നിയമങ്ങളിലൂടെ ദൈവത്തെ നിയന്ത്രിക്കാനാകുമോ...? . പൊലീസ് തനിക്കെതിരെ പടയൊരുക്കം തുടങ്ങിയപ്പോൾ ഹരിയാനയിലെ ആൾദൈവമായ രാംപാൽ ദാസിന്റെ മനസിൽ ഒരു പക്ഷേ ഈ ചോദ്യമുയർന്നിരിക്കാം. അവസാനം അനുയായികൾ ഉയർത്തിയ കനത്ത വെല്ലുവിളികളെയും ആക്രമങ്ങളെയും ചെറുത്ത് തോൽപ്പിച്ച് പൊലീസ് ബുധനാഴ്ച രാത്രി രാംപാലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആഢംബരം നിറഞ്ഞ് തുളുമ്പുന്ന കൊട്ടാരസദൃശമായി ആശ്രമമായിരുന്നു രാംപാലിന്റെ ആസ്ഥാനമായ സത്‌ലോക് ആശ്രമം. ഇവിടെ വച്ചാണ് പഞ്ചാബിലും ഹരിയാനയിലും മറ്റുമുള്ള ലക്ഷക്കണക്കിന് ആരാധകരെ രാപാൽ അനുഗ്രഹിച്ചിരുന്നത്...!!.

12 ഏക്കറുള്ള ഈ ആശ്രമവളപ്പിൽ നിറയെ ആഢംബര സൗധങ്ങളായിരുന്നു. ആഗ്രയിലെ കോട്ടയ്ക്ക് സമാനമായ രീതിയിലായിരുന്നു ഈ ആശ്രമത്തിന്റെ നിർമ്മാണമെന്നാണ് രാംപാലിനെതിരെയുള്ള ഓപ്പറേഷനായ ഓപ്പറേഷൻ സംവേദിയിൽ പങ്കെടുത്ത ഒരു പൊലീസ് ഓഫീസർ പറയുന്നത്. നിരവധി കടമ്പകൾ ഭേദിച്ച് മൂന്നുദിവസം നീണ്ടു നിന്ന ശ്രമത്തിലൂടെയാണ് ഈ ആൾദൈവത്തെ വലയിലാക്കിയത്. 2006ൽ നടന്ന ഒരു കൊലപാതക്കുറ്റത്തിൽ രാംപാൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ചൊവ്വാഴ്ച അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം പൊലീസ് ആരംഭിച്ചത്. ആർക്കും അത്രയെളുപ്പം കടന്ന് ചെല്ലാനാകാത്ത വിധം സുരക്ഷാ സൗകര്യങ്ങളുള്ള ആശ്രമത്തിൽ അനുയായികളെ ഭേദിച്ച് രാംപാലിനെ അറസ്റ്റ് ചെയ്യുകയെന്നത് നിസ്സാര കാര്യമായിരുന്നില്ല. എന്നാൽ അവസാനം പൊലീസ് ലക്ഷ്യം കാണുകയായിരുന്നു. കൈക്കരുത്തിന്റെ മേൽ നിയമം നേടിയ വിജയമായി ഇതിനെ കാണാം.

ആഢംബരത്തിന്റെ മറുവാക്കെന്ന് ഈ ആശ്രമത്തെ വിശേഷിപ്പിച്ചാലും അനുചിതമാകില്ല. ഇവിടുത്തെ പ്രാർത്ഥനാഹാളാണ് ഏറ്റവും ആകർഷകം. 50,000 ആളുകൾക്ക് ഇരിക്കാവുന്ന ചത്വരമാണിത്. ഹാളിൽ പ്രത്യേകമായി സ്ഥാപിച്ച സുരക്ഷാമേഖലയിലുള്ള ഹൈഡ്രോളിക് കസേരയിലിരുന്നാണ് രാംപാൽ അനുയായികൾക്കായി ധർമോപദേശം നൽകിയിരുന്നത്. അവിടെ അദ്ദേഹത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക ഭടന്മാരെയും നിയമിച്ചിരുന്നു. ഹാളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമിരിക്കാനായി പ്രത്യേക സ്ഥാനങ്ങൾ നിർണയിച്ചിരുന്നു. ഡസൻകണക്കിന് എയർകണ്ടീഷണറുകൾ, നൂറുകണക്കിന് ഫാനുകൾ തുടങ്ങിയവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ 10,000 സീലിങ് ഫാനുകളും 1000 എക്‌സോസ്റ്റ് ഫാനുകളും ഉണ്ടെന്നാണ് ഓപ്പറേഷനെത്തിയ ഒരു പൊലീസ് ഓഫീസർ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.

ഈ കോംപ്ലക്‌സിന്റെ ഏറ്റവും ഇടത്തെയറ്റത്താണ് രാംപാൽ ആഢംബരജീവിതം നയിക്കുന്ന നാലുനിലസൗധം നിലകൊള്ളുന്നത്. ഇവിടെ പ്രൈവറ്റ് സ്വിമ്മിങ് പൂൾ എലിവേറ്ററുകൾ, അറ്റാച്ച്ഡ് ബാത്ത്‌റൂമുകളോടു കൂടിയ 24 എസി റൂമുകൾ തുടങ്ങിയവ ഇവിട സജ്ജീകരിച്ചിരിക്കുന്നതായി കാണാം. ദരിദ്രപശ്ചാത്തലത്തിൽ നിന്ന് വന്ന രാംപാലും അടുത്ത അനുയായികളും ഇവിടെ രാജകീയ ജീവിതമായിരുന്നു നയിച്ചിരുന്നത്. ഇതിൽ ഒരു റൂമിൽ മസാജ് ബെഡ് കാണാം. മറ്റൊന്നിൽ രാംപാലിന്റെ കൂറ്റൻ പോസ്റ്ററുകൾ കാണാം. പതിനായിരക്കണക്കിന് പേർക്ക് ഭക്ഷണമൊരുക്കാൻ ശേഷിയുള്ള വലിയ അടുക്കള ആശ്രമത്തിലെ മറ്റൊരു പ്രത്യേകതയാണ്. ലക്ഷക്കണക്കിന് പുസ്തകങ്ങളുള്ള ഒരു വലിയ ലൈബ്രറിയും സത്‌ലോക് ആശ്രമത്തിലുണ്ട്. അതിന് പുറമെ ഒരു ആതുരശാലയും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. എൽഇഡി സ്‌ക്രീനുകളുള്ള വലിയ ലെക്ചർ ഹാളും ഇവിടെയുണ്ട്. ബിഎംഡബ്ല്യൂ, മെർസിഡസ് കാറുകളിലായിരുന്നു രാംപാലിന്റെ സഞ്ചാരം. ഇതിനെല്ലാം പുറമെ കനത്ത സുരക്ഷയായിരുന്നു ആശ്രമത്തിലുണ്ടായിരുന്നത്. ഇതിന് ചുറ്റുമായി ആർക്കും അത്രയെളുപ്പത്തിൽ കയറാൻ കഴിയാത്ത 30 അടി ഉയരമുള്ള സുരക്ഷാമതിലും കെട്ടിയുയർത്തിയിരുന്നു. രണ്ടടി കനമുള്ള മതിലാണിത്. രാംപാലിന്റെ സംരംക്ഷണത്തിനായി 250 പേരുള്ള ഒരു സ്വകാര്യസേനയെ സജ്ജമാക്കിയിരുന്നു. അവരുടെ കൈയിൽ കത്തിയടക്കമുള്ള ആയുധങ്ങളുമുണ്ടായിരുന്നു. ഇവരെയും മറ്റ് 500 അനുയായികളെയും പൊലീസ് രാംപാലിനൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ ആശ്രമം രാംപാലിന്റെ പേരിലല്ല രജിസ്റ്റർ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ കബീർ പരമേശ്വർ ഭക്തി ട്രസ്റ്റിന്റെ പേരിലാണിതുള്ളത്. ഹരിയാനയിൽ പലയിടങ്ങളിൽ ഈ ട്രസ്റ്റിന്റെ പേരിൽ ഭൂമിയുണ്ട്. ഇതിന് പുറമെ മധ്യപ്രദേസിൽ മറ്റൊരു ആശ്രമം പണിയുന്നുമുണ്ട്. ഈ ആശ്രമത്തിന്റെ പേരിൽ ഡസൻ കണക്കിന് ബസുകളും മറ്റ് വാഹനങ്ങളുമുണ്ട്. റെയ്ഡിനിടെ നൂറ് വാഹനങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞതായി ഹിസാർ ഡെപ്യൂട്ടി കമ്മീഷണർ എം.എൽ.കൗശിക് വെളിപ്പെടുത്തിയിരുന്നു. ആശ്രമത്തിൽ നിന്ന് 24 തോക്കുകൾ കണ്ടെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ടെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

ആശ്രമത്തിലെ മിക്ക റൂമുകളിലുമുള്ള ലോക്കറുകൾ തുറക്കാൻ പൊലീസ് ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് അവസാനം പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോടതി രാംപാലിന്റെ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ഇയാളെ 28 വരെ കസ്റ്റഡിൽ വയ്ക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. തൊട്ടടുത്ത ദിവസം ആൾദൈവത്തെ കോടതിയിൽ ഹാജരാക്കുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP