Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണിപ്പൂരിലെ സമരനായിക ഇറോം ശർമ്മിളയെ വീണ്ടും അറസ്റ്റ് ചെയ്തു; ബലമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മണിപ്പൂരിലെ സമരനായിക ഇറോം ശർമ്മിളയെ വീണ്ടും അറസ്റ്റ് ചെയ്തു; ബലമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇംഫാൽ: മണിപ്പൂരിലെ മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമിള വീണ്ടും അറസ്റ്റിലായി. പ്രക്ഷോഭം തുടരുന്നതിനിടെ ബലം പ്രയോഗിച്ചാണ് അറസ്റ്റ്. ജയിൽ മോചിതയായ ശേഷം തന്നെ പരിശോധിക്കാൻ ശർമിള ഡോക്ടർമാരെ അനുവദിച്ചില്ല. ഇതോടെയാണ് ഇന്ന് വനിതാ പൊലീസെത്തി അവരെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് ബലമായി കൂട്ടിക്കൊണ്ടു പോയത്. ഇതേ തുടർന്ന് ഇംഫാലിലെ പ്രക്ഷോഭവേദിയിൽ പ്രക്ഷോഭകാരികളും പൊലീസും തമ്മിൽ സംഘർഷം ഉടലെടുത്തു. 

ഇംഫാലിൽ സമരം തുടരുന്നതിനിടെയാണ് പൊലീസ് ഇറോം ശർമിളയെ അറസ്റ്റ് ചെയ്തത്. പതിനാല് വർഷം നീണ്ട ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് മോചിതയായ ഇറോം ശർമ്മിള ആശുപത്രിക്ക് പുറത്ത് നിരാഹാര സമരം പുനരാരംഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് വീണ്ടും അറസ്റ്റ്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഇതിനുമുമ്പ് ഇറോം ശർമിളയെ ട്യൂബിലൂടെ ബലമായി ഭക്ഷണം കഴിപ്പിച്ചത്.  തടങ്കലിലാക്കി പാർപ്പിച്ചിരുന്ന ആശുപത്രിക്ക് അരക്കിലോമീറ്റർ മാത്രം അകലെയാണ് ഇറോം ശർമ്മിള നിരാഹാരം നടത്തിയിരുന്നത്.

നിരാഹാരത്തിനിടെ ബലമായി ഭക്ഷണം നൽകി ഇറോം ശർമ്മിളയുടെ ജീവൻ നിലനിർത്താനായി അധികൃതർ ഘടിപ്പിച്ചിരുന്ന കുഴൽ ഉപേക്ഷിച്ചാണ് സമരം ശർമ്മിള തുടരുന്നത്. ഭക്ഷണവും മരുന്നും തുടർന്നും ഉപേക്ഷിക്കുമെന്ന് ഇറോം ശർമ്മിള അറിയിച്ചിരിക്കുന്നതിനാൽ ആരോഗ്യനിലയെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നു. സായുധ സേനയ്ക്ക് പ്രത്യേക അധികാരം നൽകിയ നിയമം പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നാണ് ഇറോം ശർമ്മിളയുടെ നിലപാട്.

2000 നവംബർ രണ്ടിന് ആസാം റൈഫിൾസ് സൈനികർ വിമാനത്താവളത്തിൽ സമരം നടത്തിയവർക്ക് നേരെ നടത്തിയ വെടിവയ്‌പ്പിൽ രണ്ട് കുട്ടികളടക്കം പത്ത് പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സൈന്യത്തിന്റെ പ്രത്യേകാവകാശം റദ്ദാക്കണമെന്നാവസ്യപ്പെട്ട് ഇറോം ശർമിള സത്യാഗ്രഹം ആരംഭിച്ചതും പൊലീസ് ആത്മഹത്യാശ്രമത്തിന് കേസെടുത്തതും. ഇവരെ നിർബന്ധിപ്പിച്ച് മൂക്കിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് നൽകിയിരുന്നത്. ഭക്ഷണവും വെള്ളവും കഴിക്കാതെ ശർമിള നടത്തുന്ന സമരത്തെ ആത്മഹത്യാ ശ്രമമാണെന്ന് പറയാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി കഴിഞ്ഞ ദിവസമാണ് അവരെ വെറുതെ വിട്ടത്.

സേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന 1958ലെ ആംഡ് ഫോഴ്സസ് സ്പെഷ്യൽ ആക്ട് എടുത്തുകളയേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി തന്റെ സമരം കുറച്ചുകൂടി തിരക്കുള്ള ഭാഗത്തേക്ക് വ്യാപിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നതായി ഇറോം ശർമിള പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP