Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യാപം കുംഭകോണത്തിൽ വീണ്ടും ദുരൂഹ മരണം; മെഡിക്കൽ കോളേജ് ഡീൻ ഡൽഹി ഹോട്ടലിൽ മരിച്ച നിലയിൽ; സിബിഐ അന്വഷണം ആവശ്യപ്പെട്ട് കോൺഗ്രസ്; പ്രത്യേക അന്വേഷണമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ; മധ്യപ്രദേശിൽ ബിജെപി സർക്കാർ കടുത്ത പ്രതിരോധത്തിൽ

വ്യാപം കുംഭകോണത്തിൽ വീണ്ടും ദുരൂഹ മരണം; മെഡിക്കൽ കോളേജ് ഡീൻ ഡൽഹി ഹോട്ടലിൽ മരിച്ച നിലയിൽ; സിബിഐ അന്വഷണം ആവശ്യപ്പെട്ട് കോൺഗ്രസ്; പ്രത്യേക അന്വേഷണമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ; മധ്യപ്രദേശിൽ ബിജെപി സർക്കാർ കടുത്ത പ്രതിരോധത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി/ഭോപാൽ: മധ്യപ്രദേശിൽ ഉന്നത രാഷ്ട്രീയക്കാർ പ്രതികളായ നിയമന (വ്യാപം) തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് വീണ്ടും ദുരൂഹ മരണം. ഉന്നതസമ്മർദ്ദങ്ങൾ ഉണ്ടെന്ന് വ്യക്തമായ കേസിൽ ഇതിോടകം 25 പേർ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജബൽപൂർ എൻ.എസ് മെഡിക്കൽ കോളജിലെ ഡീൻ ഡോ. അരുൺ ശർമയെ് ദൂരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഡൽഹിയിലെ ഹോട്ടലിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് അരുൺ ശർമ ഹോട്ടലിലെത്തിയത്. കോളജിനു വേണ്ടി നിയമന തട്ടിപ്പുകേസ് അന്വേഷിക്കുന്ന സംഘത്തിലെ അംഗമായിരുന്നു ഡോ. അരുൺ ശർമ.

മദ്യവും മരുന്നുകളും ശർമയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിടുത്തിട്ടുണ്ട്. മുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ടും വാതിൽ തുറക്കാതെ വന്നതിനെ തുടർന്ന് ഡ്യൂപ്‌ളിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ജീവനക്കാർ മുറി തുറന്നെപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അമിതമായി മദ്യപിച്ചതിനാൽ തന്നെ മുറിയിൽ ഛർദ്ദിച്ചതായും കണ്ടെത്തി. ശനിയാഴ്ചയാണ് ശർമ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തതെന്ന് പൊലീസിനോട് ഹോട്ടൽ അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച അഗർത്തലയിലേക്ക് പോവാനിരുന്നതായിരുന്നു. ജൂലായ് നാലിന്, ദുരൂഹ സാഹചര്യത്തിൽ മരിച്ച ഡോ.ഡി.സകേലിക്ക് പകരമായാണ് റേഡിയോളജി വിഭാഗം മേധാവിയിരുന്നകോളേജിലെ ഡീനായി ശർമ സ്ഥാനമേറ്റത്.

കേസിൽ സാക്ഷിയായിരുന്ന നമ്രദ ദാമോറിന്റെ മാതാപിതാക്കളെ അഭിമുഖം നടത്തിയ മാദ്ധ്യമപ്രവർത്തകൻ ശനിയാഴ്ച ദൂരുഹ സാഹചര്യത്തിൽ മരിച്ചിരുന്നു. ടി.വി. ടുഡേ ലേഖകൻ അക്ഷയ് സിങ്ങാണ് മരിച്ചത്. ദാമോറിന്റെ മാതാപിതാക്കളെ അഭിമുഖം നടത്തി മണിക്കൂറുകൾക്കുള്ളിലായിരുന്നു അക്ഷയ് സിങ്ങിന്റെ മരണം. 'വ്യാപം' അഴിമതി കേസിലെ പ്രതികളും സാക്ഷികളുമായ 25 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ടുണ്ട്.

അതേസമയം, 'വ്യാപം' അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ മരണങ്ങളും പ്രത്യേകമായി അന്വേഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വ്യക്തമാക്കി. തട്ടിപ്പിനെകുറിച്ച് അന്വേഷിക്കാൻ ആദ്യം ആവശ്യപ്പെട്ടത് താനാണ്. ഇതുപോലെ ആഴത്തിൽ മറ്റൊരു കേസും അന്വേഷിച്ചിട്ടില്ല. കുംഭകോണം സിബിഐ അന്വേിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. എന്നാൽ, ഈ ആവശ്യം ഹൈക്കോടതി തള്ളിയതാണ്. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ചൗഹാൻ പറഞ്ഞു.

അതേസമയം മാദ്ധ്യമപ്രവർത്തകൻ അക്ഷയ് സിംഗിന്റെ വീട്ടിൽ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെത്തി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സംസ്‌ക്കാര ചടങ്ങിൽ പങ്കെടുക്കാനെത്തി. മികച്ച ഭരണത്തിലൂടെ തുടർച്ചയായി അധികാരത്തിൽ എത്തിയെന്ന ഖ്യാതിയിൽ നിൽക്കുമ്പോഴാണ് ശിവരാജ് സിങ് ചൗഹാൻ സർക്കാരിനുമേൽ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങൾ കൂടുതൽ കരിനിഴലിൽ വീഴ്തുന്നത്.

കുംഭകോണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തും സാക്ഷിപട്ടികയിലുമുള്ള 41 പേർ ഇതിനകം ദുരൂഹസാഹചര്യത്തിൽ മരിച്ചതായാണ് റിപ്പോർട്ട്. 25 പേർ മരിച്ചെന്ന് സർക്കാർ സമ്മതിക്കുന്നു. രണ്ടുവർഷമായി അന്വേഷണം തുടരുന്ന കുംഭകോണവുമായി ബന്ധപ്പെട്ട് ഇത്രയും മരണം നടന്നത് ആരെയും ഞെട്ടിക്കുന്നതാണ്.

വിവിധ കോഴ്‌സുകളിലേക്കും സർക്കാർ തസ്തികകളിലേക്കും പ്രവേശനത്തിനും നിയമനത്തിനുമുള്ള പരീക്ഷകൾ നടത്താൻ ചുമതലപ്പെട്ട മധ്യപ്രദേശ് പ്രൊഫഷണൽ പരീക്ഷാ ബോർഡിൽ (മധ്യപ്രദേശ് വ്യവസായിക് പരീക്ഷാ മണ്ഡൽ)നടന്ന പരീക്ഷ നിയമന തട്ടിപ്പാണ് വ്യാപം കുംഭകോണം. 2008 മുതൽ 2013 വരെ ബോർഡ് നടത്തിയ വിവിധ പരീക്ഷകളിൽ തട്ടിപ്പ് നടന്നതായി കണ്ടെത്തി. മെഡിക്കൽ പ്രവേശനപരീക്ഷാതട്ടിപ്പാണ് ഇതിൽ പ്രധാനം. മെഡിക്കൽ പരീക്ഷയിൽ തട്ടിപ്പ് നടന്നതായി 2013ലാണ് ആക്ഷേപം ഉയർന്നത്. പരാതി പരിശോധിച്ച ഇൻഡോർ പൊലീസ് 2008 മുതൽ തട്ടിപ്പ് നടന്നുവരുന്നതായി കണ്ടെത്തി. ബോർഡ് ഉദ്യോഗസ്ഥരുമായി ചേർന്ന് തട്ടിപ്പ് നടത്താൻ സംസ്ഥാനവ്യാപകമായി ഒരു റാക്കറ്റുതന്നെ പ്രവർത്തിക്കുന്നതായും പല പ്രമുഖർക്കും ഇതിൽ പങ്കുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

രാഷ്ട്രീയ നേതാക്കളും സർക്കാർ ഉദ്യോഗസ്ഥരുമുൾപ്പെടെ 3000ൽ പരം പേർക്കെതിരെയാണ് കേസിൽ ആരോപണമുയർന്നത്. മുൻവിദ്യാഭ്യാസമന്ത്രി ലക്ഷ്മികാന്ത് ശർമയുൾപ്പെടെ ഒട്ടേറെപ്പേർ അറസ്റ്റിലായിരുന്നു. നിലവിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP