Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെന്നൈ കത്തുന്നു; ഐസ് ഹൗസ് പൊലീസ് സ്‌റ്റേഷന് തീയിട്ട് സമരക്കാർ; സമരക്കാർക്കും പൊലീസുകാർക്കും പരിക്കേറ്റു; സമരക്കാരെ നിയന്ത്രിക്കാനാവാതെ ഭരണകൂടം; മറീനാ ബീച്ചിലെ പ്രക്ഷോഭം തെരുവിലേക്ക്; എങ്ങും ലാത്തിച്ചാർജ്ജും തീവയ്‌പ്പും; ജെല്ലിക്കെട്ട് സമരത്തിന് മുന്നിൽ പതറി തമിഴ്‌നാട് സർക്കാർ

ചെന്നൈ കത്തുന്നു; ഐസ് ഹൗസ് പൊലീസ് സ്‌റ്റേഷന് തീയിട്ട് സമരക്കാർ; സമരക്കാർക്കും പൊലീസുകാർക്കും പരിക്കേറ്റു; സമരക്കാരെ നിയന്ത്രിക്കാനാവാതെ ഭരണകൂടം; മറീനാ ബീച്ചിലെ പ്രക്ഷോഭം തെരുവിലേക്ക്; എങ്ങും ലാത്തിച്ചാർജ്ജും തീവയ്‌പ്പും; ജെല്ലിക്കെട്ട് സമരത്തിന് മുന്നിൽ പതറി തമിഴ്‌നാട് സർക്കാർ

ചെന്നൈ: മറീനാ ബീച്ചിലെ ജല്ലിക്കെട്ട് സമരക്കാരെ ഒഴിപ്പിക്കുന്നതിനിടയിൽ സമീപത്തുള്ള ഐസ്ഹൗസ് പൊലീസ് സ്റ്റേഷന് പ്രതിഷേധക്കാർ തീയിട്ടു. ചില പൊലീസുകാർക്കും പ്രതിഷേധക്കാർക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. മറീനാ ബിച്ചിലെ സമരക്കാരെ ഒഴിപ്പിക്കാൻ രാവിലെ മുതൽ തന്നെ പൊലീസ് ശ്രമിക്കുന്നുണ്ടായിരുന്നു.ഭൂരിഭാഗം പേരും പൊലീസ് നിർദ്ദേശമനുസരിച്ച് ഒഴിഞ്ഞ് പോയെങ്കിലും തീവ്ര നിലപാടുകളുള്ള ചില സംഘങ്ങൾ ഒഴിഞ്ഞ് പോകാൻ തയ്യാറായിരുന്നില്ല. പൊലീസ് ബലം പ്രയോഗിച്ചാൽ കടലിൽ ചാടുമെന്ന്ഭീഷണി മുഴക്കി ഇവർ കടലിനോട് ചേർന്ന് തമ്പടിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് കലാപം നഗരത്തിലേക്ക് ബാധിക്കുന്നത്.

ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമമാണു സമരത്തെ അക്രമാസക്തമാക്കിയത്. ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസും പ്രതിഷേധക്കാരും നേർക്കുനേർ ഏറ്റുമുട്ടി. മറീനയിലുള്ള പ്രതിഷേധനത്തിനിടെ പൊലീസിനുനേരെ സമരക്കാർ കല്ലെറിഞ്ഞിരുന്നു. പ്രതിഷേധക്കാരെ ഒഴിപ്പിക്കാനായി പൊലീസ് ലാത്തി വീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. കല്ലേറിൽ അഞ്ച് പൊലീസുകാർക്കു പരുക്കേറ്റു. ഇതോടെയാണ് സമരം അക്രമത്തിലേക്ക് നീങ്ങിയത്. സമരകേന്ദ്രമായ മറീനാ ബീച്ചിലേക്കു വന്നവരെ പൊലീസ് വിരട്ടിയോടിച്ചു. ഒഴിപ്പിക്കൽ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. 75% പേരെയും ഒഴിപ്പിച്ചെങ്കിലും ഇവർ വീണ്ടും സംഘടിച്ചെത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

സമരം നടക്കുന്ന തമിഴ്‌നാട്ടിലെ മറ്റു സ്ഥലങ്ങളിലും ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണ്. തഞ്ചാവൂർ, ഡിണ്ടിഗൽ, കൃഷ്ണഗിരി എന്നിവിടങ്ങളിൽ രാവിലെ തന്നെ പൊലീസ് നടപടി തുടങ്ങി. സമരക്കാരെ ബലംപ്രയോഗിച്ചു നീക്കി. മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ഒഴിഞ്ഞുപോകാൻ സമരക്കാർ കൂട്ടാക്കിയില്ല. തുടർന്നു പലവട്ടം ചർച്ചകൾ നടന്നു. കോയമ്പത്തൂരിലെ സമരക്കാരെ പൊലീസ് ഇപ്പോൾ ബലംപ്രയോഗിച്ചു നീക്കുകയാണ്. മധുരയിൽ ചെറുത്തുനിൽപ്പു പിന്നെയും തുടർന്നു. ബാരിക്കേഡുകൾ സമരക്കാർ എടുത്തുമാറ്റിയതോടെ പൊലീസ് പിൻവാങ്ങിയിരുന്നു. മധുരയിലെ അളകനല്ലൂരിൽ തെരുവിൽ പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. എന്നാൽ ഇവിടെയെല്ലാം സ്ഥിതി നിയന്ത്രണ വിധേയമാണ്. ചെന്നൈയിൽ സമരക്കാർ പൊലീസുമായി ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ല. ചെന്നൈയിലെ തെരുവുകളിലേക്ക് കലാപം ബാധിക്കുകയാണ്. എന്നാൽ എന്തു ചെയ്യണമെന്ന വ്യക്തമായ ചിത്രം പൊലീസിനമുമില്ല.

മറീനാ ബീച്ചിൽ രാവിലെതന്നെ പൊലീസ് ഉദ്യോഗസ്ഥരെത്തി സമരം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഓർഡിനൻസ് ഇറക്കുകയും ഇന്നു നിയമസഭയിൽ ബിൽ അവതരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യവും വിശദീകരിച്ചു. സമരം വിജയിച്ചെന്നും പിരിഞ്ഞുപോകണമെന്നുമുള്ള അഭ്യർത്ഥന സമരക്കാർ തള്ളിയതോടെയാണു പൊലീസ് നടപടി തുടങ്ങിയത്. പകുതിയോളം ആളുകൾ പൊലീസിനോട് സഹകരിച്ചുവെങ്കിലും ബാക്കിയുള്ളവർ കടലിന് സമീപത്തായി നിലയുറപ്പിച്ചിരിക്കുകയാണ്. പൊലീസ് എത്തിയാൽ കടലിലേക്ക് ചാടുമെന്നാണ് ഇവരുടെ ഭീഷണി. തീവ്രസ്വഭാവമുള്ള സംഘടനാ പ്രവർത്തകരാണ് ഒഴിഞ്ഞ് പോകാൻ കൂട്ടാക്കാതെ ഭീഷണിയുമായി നിൽക്കുന്നത്. ഓർഡിനൻസിനു പകരമായി നിയമ നിർമ്മാണം നടത്തുമെന്ന മുഖ്യമന്ത്രി ഒ. പനീർസെൽവം ഉറപ്പു നൽകിയിരുന്നു. ഇന്നു ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ തന്നെ ജെല്ലിക്കെട്ട് നിരോധനം നീക്കികൊണ്ടുള്ള ബിൽ അവതരിപ്പിക്കും. നിയമസഭ ബിൽ പാസാക്കുന്നതോടെ ഇതു നിയമമായി മാറും.

പിന്നീട്, ഗവർണറും രാഷ്ട്രപതിയും ഒപ്പു വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത ചെറുക്കുന്നതിനുള്ള 1960ലെ കേന്ദ്ര നിയമത്തിലെ ഭേദഗതിയാണു ബില്ലിലുണ്ടാവുക. തമിഴ്‌നാട്ടിൽ മാത്രമേ ഈ ഭേദഗതിക്കു പ്രാബല്യമുണ്ടാകൂ. തമിഴ്‌നാടിന്റെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനും മുന്നോട്ടു കൊണ്ടുപോകുന്നതിനും നാടൻ കാളകളുടെ ഇനങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള ജെല്ലിക്കെട്ടിന്റെ പങ്കും കണക്കിലെടുത്താണു നിയമത്തിൽ ഭേദഗതി വരുത്തുന്നത് എന്നു സംസ്ഥാന സർക്കാർ നേരത്തേ പുറത്തിറക്കിയ ഓർഡിനൻസിൽ വ്യക്തമാക്കിയിരുന്നു.

1960-ലെ തമിഴ്‌നാട് മൃഗപീഡനനിരോധനനിയമത്തിൽ ഭേദഗതി കൊണ്ടുവരാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതോടെ ജല്ലിക്കെട്ട് നടത്താൻ ഭാവിയിൽ യാതൊരുവിധ നിയമതടസ്സങ്ങളും ഉണ്ടാകില്ലെന്ന് പറയപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP