Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്ത്യ ലക്ഷ്യമിടുന്നത് 60,000 കോടി രൂപയുടെ അഞ്ച് ഹൈസ്പീഡ് ട്രയിൻ റൂട്ടുകൾ; മൂന്ന് ലക്ഷം കോടിയുടെ ഇടപാട് ഉറപ്പിക്കാൻ ജപ്പാനും ചൈനയും മത്സരത്തിൽ: വിലക്കുറവിന്റെ ചൈനയോ മൂല്യത്തിന്റെ ജപ്പാനോ എന്നു തീരുമാനിക്കേണ്ടത് മോദി മാത്രം

ഇന്ത്യ ലക്ഷ്യമിടുന്നത് 60,000 കോടി രൂപയുടെ അഞ്ച് ഹൈസ്പീഡ് ട്രയിൻ റൂട്ടുകൾ; മൂന്ന് ലക്ഷം കോടിയുടെ ഇടപാട് ഉറപ്പിക്കാൻ ജപ്പാനും ചൈനയും മത്സരത്തിൽ: വിലക്കുറവിന്റെ ചൈനയോ മൂല്യത്തിന്റെ ജപ്പാനോ എന്നു തീരുമാനിക്കേണ്ടത് മോദി മാത്രം

ന്യൂഡൽഹി: വികസനക്കുതിപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് അതിവേഗ ട്രെയ്‌നുകൾ വിൽക്കാൻ ജപ്പാനും ചൈനയും കടുത്ത മത്സരത്തിലേക്ക് നീങ്ങുന്നു. ഇന്ത്യയിലെ റെയിൽവേ വികസന രംഗത്ത് നാഴിക കല്ലായി മാറാനിരിക്കുന്ന അതിവേഗ ട്രെയിനിന്റെ വിപണന സാധ്യതയിലാണ് ഇവരുടെ കണ്ണ്. രാജ്യത്ത് ആദ്യമായി പ്രഖ്യാപിക്കപ്പെട്ട അഹമ്മദാബാദ്-മുംബൈ അതിവേഗ ട്രെയിൻ ഇടനാഴിയിൽ ഷിങ്കാൻസെൻ നെറ്റുവർക്ക് സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനത്തിനു ജപ്പാൻ ഇതിനകം തന്നെ തുടക്കമിട്ടു കഴിഞ്ഞു. ഈ ആഴ്ച അവസാനം ജപ്പാനിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചയിൽ ഇതും വിഷയമാകും. ഷിങ്കാൻസെൻ ഹൈസ്പീഡ് നെറ്റ്‌വർക്കിനായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ശക്തമായി നിലകൊള്ളുകയും ചെയ്േതക്കാം. ശനിയാഴ്ച മോദി ഇറങ്ങുന്ന ജാപനീസ് നഗരമായ ക്യോട്ടോയ്ക്കും ടോക്യോയ്ക്കുമിടയിലെ ഷിങ്കാൻസെൻ അതിവേഗ റെയിൽ സർവീസ് ഏറെ പേരുകേട്ടതാണ്.

അതിനിടെ, ലോകത്തെ ഏറ്റവും നീളമേറിയ ഹൈസ്പീഡ് റെയിൽ നെറ്റ്‌വർക് സ്വന്തമായുള്ള ചൈനയ്ക്കും ഇന്ത്യയിലെ അതിവേഗ ട്രെയിൻ വിപണിയിൽ കണ്ടുണ്ട്. ജപ്പാൻ മുന്നോട്ടു വയ്ക്കുന്ന തുകയേക്കാൾ കുറഞ്ഞ തുകയ്ക്ക് ട്രെയിനുകൾ നൽകാൻ ചൈന ഒരുക്കമാണ്. പ്രഥമ ഇന്ത്യൻ സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്റ് സി ജിൻപിങ് അടുത്ത മാസം മധ്യത്തോടെ ഇന്ത്യയിലെത്തുന്നുണ്ട്. വിലകുറവ് ചൈന ആകർഷകമായി മുന്നോട്ടു വയ്ക്കുമ്പോൾ ഗുണനിലവാരവും സുരക്ഷയുമാണ് ജപ്പാൻ ഊന്നൽ നൽകുന്നത്.

സുരക്ഷയുടെ കാര്യത്തിൽ നല്ല പേരുള്ള ജപാനാണ് ഈ ഇടപാടിൽ അല്പം മുന്നിട്ടു നിൽക്കുന്നതെന്ന് ഇടപാടുമായി അടുത്ത ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. നൂറു കണക്കിന് പേരുടെ മരണത്തിനിടയാക്കിയ ഒരു ഹൈസ്പീഡ് ട്രെയിനപകടമെങ്കിലും ചൈനയിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ, അര നൂറ്റാണ്ടോളം കാലമായി സുരക്ഷയുടെ കാര്യത്തിൽ മുന്നിട്ടു നിൽക്കുന്ന ജപ്പാന്റെ ഷിങ്കാൻസെൻ അതിവേഗ ട്രെയ്ൻ അവർക്ക് വിദേശത്ത് അധികം വിൽക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനു പ്രധാന കാരണം ഇതു ചെലവേറുമെന്നത് തന്നെയാണ്.

എങ്കിലും ജപ്പാനിലെ അതിവേഗ ട്രെയ്ൻ നിർമ്മാണ കമ്പനികളുടെ പുതിയ സംഘടനയായ ഇന്റർനാഷണൽ ഹൈസ്പീഡ് റെയിൽ അസോസിയേഷൻ മുൻകൈയെടുത്ത് ഇന്ത്യയുമായി കച്ചവടമുറപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ബജറ്റിൽ റെയിൽവേ മന്ത്രി സദാനന്ദ ഗൗഡ പ്രഖ്യാപിച്ചിരുന്നത് ഒരു അതിവേഗ ട്രെയ്‌നിന്റെ ചെലവ് 60,000 കോടി രൂപയാണ്. വിദേശ നിക്ഷേപ സാധ്യതയടക്കമുള്ള വഴികളിലുടെ ചെലവ് ചുരുക്കിയുള്ള ഓഫർ ജപാനു മുന്നോട്ടു വയ്ക്കാനാകുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ദൽഹി-ആഗ്ര, ദൽഹി-ചണ്ഡീഗഢ്, മൈസൂർ-ബാംഗ്ലൂർ, അമ്മദാബാദ്-മുംബൈ, മുംബൈ-ഗോവ, ഹൈദരാബാദ്-സെക്കന്ദരാബാദ് എന്നീ റൂട്ടുകളിൽ അതിവേഗ ട്രെയ്ൻ സർവീസുകൾക്കാണ് ഇന്ത്യ പദ്ധതിയിടുന്നത്.

ഇന്ത്യയിലെ പഴഞ്ചനും കാര്യക്ഷമവുമല്ലാത്ത റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുതിയ കെട്ടിടങ്ങളും സ്റ്റേഷനുകളും പണിയുന്നതിനുമുള്ള അവസരങ്ങൾ ചൈന ആരായുന്നുണ്ട്. 11,000 കിലോമീറ്റർ അതിവേഗ റെയിൽ നെറ്റ് വർക്കുള്ള ചൈന 2015-ഓടെ ഇത് 19,000 കിലോമീറ്റർ ആക്കി വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇതുവരെ സർക്കാരാണ് ചൈനയിൽ ഈ രംഗത്ത് മുതൽ മുടക്കിയിരുന്നതെങ്കിൽ സ്വകാര്യ നിക്ഷേപത്തിനും ഇനി മുതൽ അവസരം നൽകുമെന്ന് ദിവസങ്ങൾക്ക് മുമ്പ് ചൈനീസ് പ്രധാനമന്ത്രി ലി കെഖ്വിയാങ് പ്രഖ്യാപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP