Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജാമ്യം വേണമെങ്കിൽ നൂറ് കോടി അടയ്‌ക്കേണ്ടി വരും; ആ പണത്തിന്റെ ഉറവിടം കണ്ടെത്തിയില്ലെങ്കിൽ വീണ്ടും കേസ്; ജയലളിതയെ കാത്ത് തീരാത്ത നൂലാമാലകൾ

ജാമ്യം വേണമെങ്കിൽ നൂറ് കോടി അടയ്‌ക്കേണ്ടി വരും; ആ പണത്തിന്റെ ഉറവിടം കണ്ടെത്തിയില്ലെങ്കിൽ വീണ്ടും കേസ്; ജയലളിതയെ കാത്ത് തീരാത്ത നൂലാമാലകൾ

 ബാംഗ്ലൂർ: പരപ്പന അഗ്രഹാര ജയിൽ മോചനത്തിന് ജയലളിതയ്ക്ക് മുന്നിൽ കടമ്പകൾ ഏറെയാണ്. ജാമ്യം നേടിയാൽ പുതിയ നിയമ കുരുക്കിനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെയാണ് ജയലളിതയുടെ അഭിഭാഷകനായ രാം ജഠ്മലാനി നീങ്ങുന്നത്. അടയ്‌ക്കേണ്ട പിഴയെ സംബന്ധിച്ച ആശയക്കുഴപ്പം മാറിയിട്ടില്ല.

അനധികൃതസ്വത്ത് സമ്പാദനക്കേസിൽ തടവിലായ തമിഴനാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ ഇന്ന് കർണ്ണാടക ഹൈക്കോടതി പരിഗണിക്കും. നാല് കൊല്ലം തടവും നൂറ് കോടി രൂപ പിഴയുമായിരുന്നു വിചാരണ കോടതിയുടെ ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷംകൂടി ശിക്ഷ അനുഭവിക്കേണ്ടി വരും. ഈ സാഹചര്യത്തിൽ ജാമ്യം കിട്ടിയാലും പിഴ അടയ്‌ക്കേണ്ടി വരുമെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്. നൂറ് കോടി രൂപ പിഴയടച്ചാൽ അതിന്റെ ഉറവിടം വ്യക്തമാക്കേണ്ടിയും വരും. അത് ജയലളിതയ്ക്ക് പുതിയ തലവേദനയുമാകും. കൃത്യമായി ഉറവിടം കാണിക്കാനായില്ലെങ്കിൽ അത് പുതിയ കേസിനും വഴിവയ്ക്കും.

ജാമ്യാപേക്ഷയോടൊപ്പം വിചാരണക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടും ഹർജി നൽകിയിട്ടുണ്ട്. വിചരണക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്താൽ പിഴ സംബന്ധിച്ച ആശയക്കുഴപ്പമുണ്ടാകില്ല. എന്നാൽ അഴിമതിക്കേസിലെ വിധികളെ പെട്ടെന്ന് സ്റ്റേ ചെയ്യില്ലെന്നതാണ് രീതി. അതിനാൽ അപ്പീൽ നൽക്കാനായി ജാമ്യം മാത്രമേ അനുവദിക്കാൻ സാധ്യതയുള്ളൂവെന്നാണ് വിലയിരുത്തൽ.

അനധികൃത സ്വത്ത് സമ്പാദനക്കേസിലെ കോടതിവിധിയിൽ ജയലളിതയ്‌ക്കെതിരെ പ്രത്യേകകോടതി ജഡ്ജി ഉയർത്തിയത് രൂക്ഷവിമർശനമാണ്. ഉന്നതാധികാരം കൈയാളുന്നവർ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നത് സമൂഹത്തെ മൊത്തത്തിൽ ദുഷിപ്പിക്കുന്നതിന് വഴിയൊരുക്കുമെന്ന് ജഡ്ജി ജോൺ മൈക്കൽ ഡി കുന വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതെല്ലാം ജാമ്യ ഹർജിയിലെ വാദങ്ങൾക്കൊപ്പം ഹൈക്കോടതിയും പരിഗണിക്കും. ജനാധിപത്യത്തിന്റെ അടിസ്ഥാനഘടന തന്നെ അട്ടിമറിക്കുന്ന പ്രവൃത്തിയാണിത് ജയലളിത ചെയ്തതെന്നാണ് വിചാരണകോടതിയുടെ വിമർശനം മുകളിലുള്ളവരെ കണ്ടാണ് താഴെയുള്ളവർ പ്രവർത്തിക്കുക. ഇത്രയും വലിയ അഴിമതി ശിക്ഷിക്കപ്പെടുക തന്നെ വേണമെന്ന നിരീക്ഷണവും കോടതി വിധിയിലുണ്ട്.

വെറും അഞ്ചു കൊല്ലത്തിനുള്ളിൽ 53.60 കോടി രൂപയുടെ അനധികൃത സമ്പാദ്യമാണ് കൈവശപ്പെടുത്തിയത്. ഈ കാലയളവിൽ 9.91 കോടി രൂപയുടെ സ്വത്താണ് നിയമാനുസൃതമായി പ്രതികൾക്കുള്ളത്. അധികാരവും സമ്പത്തും ഒന്നിച്ചുചേരുമ്പോൾ എന്താണ് സംഭവിക്കുന്നതെന്നതിന് ഉത്തമോദാഹരണമാണ് ഈ കേസെന്നും കോടതി വിലയിരുത്തി.
'
തമിഴ്‌നാട്ടിലുടനീളം 3000 ഏക്കറോളം ഭൂമിയാണ് ഈ കാലയളവിൽ പ്രതികൾ വാങ്ങിക്കൂട്ടിയത്. ഇതിന്റെ ഇപ്പോഴത്തെ വില ഭാവനയ്ക്ക് വിടാൻ മാത്രമേ കഴിയുകയുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചില ബിനാമി കമ്പനികളാണ് ജയലളിതയ്ക്കും കൂട്ടർക്കും വേണ്ടി ഈ സ്വത്തുക്കൾ വാങ്ങുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തത്.

രാംരാജ് അഗ്രൊ മിൽസ്, സിഞ്ഞോറ ബിസിനസ് എന്റർപ്രൈസസ്, ലെക്‌സ് പ്രോപ്പർട്ടിസ്, റിവർവെ അഗ്രൊ പ്രൊഡക്ട്‌സ്, മെഡൊ അഗ്രൊ ഫാംസ്, ഇൻഡൊ ദോഹ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് എന്നീ കമ്പനികളാണ് ഈ ഇടപാടുകൾ നടത്തിയത്. ഈ ഭൂസ്വത്തുക്കൾ തങ്ങളുടേതാണെന്നു ചൂണ്ടിക്കാട്ടി ഈ കമ്പനികൾ കോടതിയിലെത്തിയിരുന്നു. എന്നാൽ വ്യക്തമായ രേഖകളുടെ വെളിച്ചത്തിൽ കമ്പനികളുടെ അവകാശ വാദങ്ങൾ കോടതി തള്ളിക്കളയുകയായിരുന്നു.

 

(മഹാനവമിയും ഗാന്ധിജയന്തിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(02-10-2014) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP