Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പതിനായിരം കോടി വരുന്ന ജയലളിതയുടെ സ്വത്തുക്കൾ ശശികലയ്ക്കു ലഭ്യമാക്കുക എളുപ്പമല്ല; സഹോദരന്റെ മക്കൾക്ക് അവകാശവാദം ഉന്നയിക്കാം; ജയലളിതയുടെ പേരിൽ ട്രസ്റ്റ് രൂപീകരിച്ച് സ്വത്തുക്കൾ മാറ്റാൻ ആലോചന സജീവം

ചെന്നൈ: അന്തരിച്ച മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പതിനായിരം കോടിയലിധികം രൂപ വിലവരുന്ന സ്വത്തുക്കളുടെ അവകാശം തോഴി ശശികലയ്ക്ക് ലഭ്യമാക്കുക അത്ര എളുപ്പമാവില്ല. ജയലളിതയുടെ കുടംബത്തിനുള്ളിൽനിന്നുതന്നെ സ്വത്തിന് അവകാശം ഉന്നയിക്കപ്പെടാമെന്ന് നിരീക്ഷിക്കപ്പെടുന്നു.

ജയലളിതയുടെ പിൻഗാമിയായി ആരു തെരഞ്ഞെടുക്കപ്പെടുമെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. അതോടൊപ്പംതന്നെ കോടികളുടെ സ്വത്തുക്കൾ ആര് എങ്ങനെ കൈകാര്യം ചെയ്യുമെന്നകാര്യത്തിലും കൂടുതൽ വ്യക്തത കൈവന്നിട്ടില്ല. തമിഴ്‌നാട്ടിലും ഹൈദരാബാദിലുമായി വൻ ഭൂസ്വത്തുക്കളടക്കം ജയലളിതയ്ക്കു സ്വന്തമായിട്ടുണ്ട്. ജീവിതം മുഴുവൻ തമിഴ്മക്കൾക്കായി ഉഴിഞ്ഞുവയ്ക്കാൻ തീരുമാനിച്ച ജയലളിത, തന്റെ മരണശേഷം സ്വത്തുക്കൾ ജനോപകാരപ്രദമായി ചെലവഴിക്കണമെന്നു തന്നെ തീരുമാനമെടുത്തിരുന്നു.

സ്വത്തിന്റെ പേരിൽ അവകാശത്തകർക്കം മുൻകൂട്ടിക്കണ്ട് ജയലളിത മരണത്തിനു മുമ്പായി ഒരു ട്രസ്റ്റിന് രൂപം നല്കിയതാതി വിവരമുണ്ട്. ഇതിന്റെ തലപ്പത്ത് ശശികലയുടെ പേരാണ് നിർദ്ദേശിച്ചിരിക്കുന്നതെന്നും അറിയുന്നു. ജയലളിതയുടെ വിൽപത്രത്തിലെ വിദശാംദങ്ങൾ പുറത്തുവിട്ടാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത കൈവരൂ.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ നൽകിയ സത്യവാങ്മൂലമനുസരിച്ചു മാത്രം ജയലളിതയ്ക്ക് 117.3 കോടിരൂപയുടെ സ്വത്തുക്കളുണ്ട്. നീലഗിരി കോടനാട്ടുള്ള വൻ തോട്ടവും ബംഗ്ലാവും ചെന്നൈ ശിറുതാവൂരിലുള്ള ഫാംഹൗസും ഇതിൽ ഉൾപ്പെടുന്നില്ല. ഇവയെല്ലാം ജയലളിതയുടെ പേരിലല്ലെന്നാണറിയുന്നത്. ചെന്നൈ പോയസ് ഗാർഡറിനെ വീടുൾപ്പെടുന്ന സ്വത്തിന്, ജയലളിത തന്നെ നൽകിയ സത്യവാങ്മൂലത്തിൽ 43 കോടി രൂപയുടെ മൂല്യമാണ് കാണിച്ചിരുന്നു. ഇന്നിതിന് 80 കോടിയെങ്കിലും മതിപ്പുവിലയുണ്ടാകും.

പോയസ് ഗാർഡനിലെ വീടുൾപ്പെടെ പല സ്വത്തുക്കളും ജയലളിതയുടെയും അമ്മയുടെയും പേരിലാണ്. അവിവാഹിതയായ ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും ഈ സ്വത്തുക്കൾക്ക് അവകാശം ഉന്നയിച്ചെത്തിയാൽ വൻ നിയമയുദ്ധത്തിലേക്കാവും കാര്യങ്ങൾ നീങ്ങുക. ട്രസ്റ്റ് രൂപീകരിച്ച് സ്വത്തുക്കൾ തന്റെ പേരിലേക്കാക്കാൻ ശശികല ഏറെ കാത്തിരിക്കേണ്ടിവരും.

ഹൈദരാബാദിലെ ജീഡിമെട്ല ഗ്രാമത്തിൽ 14.50 ഏക്കർ കൃഷി ഭൂമി ജയലളിതയ്ക്കുണ്ട്. 1968-ൽ ജയലളിതയും അമ്മയും ചേർന്ന് 1,78,313 രൂപയ്ക്കാണ് ഈ ഭൂമി വാങ്ങിയത്. ഇന്നിപ്പോൾ ഇതിന് 14.44 കോടി രൂപ വില വരും. കാഞ്ചീപുരം ജില്ലയിലെ ചെയ്യൂർ ഗ്രാമത്തിലും ജയലളിതയ്ക്ക് 3.43 ഏക്കർ ഭൂമിയുണ്ട്. ജയലളിതയുടെയും അമ്മയുടെയും പേരിലുള്ള ഈ ഭൂമിക്ക് 34 ലക്ഷം രൂപ മതിപ്പ് വിലവരുമെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. പോയസ് തോട്ടത്തിൽ വീടു കൂടാതെ ഒന്നര ഗ്രൗണ്ടിൽ 3600 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമുണ്ട്.
1991-ൽ പത്ത് ലക്ഷം രൂപയ്ക്കാണ് ജയലളിത ഈ സ്ഥലം വാങ്ങിയത്. ഇന്ന് 7.8 കോടി രൂപയാണ് ഇതിന്റെ മതിപ്പുവില.

24,000 ചതുരശ്ര അടി വിസ്തൃതിയിലാണ് പോയസ് ഗാർഡനിലെ വീട്. 1967-ൽ ജയലളിതയും അമ്മയും ചേർന്ന് 1.32 ലക്ഷം രൂപയ്ക്കാണ് ഈ സ്വത്ത് വാങ്ങിയത്. ഹൈദരാബാദിലെ ശ്രീനഗർ കോളനിയിൽ അഞ്ചുകോടി മതിക്കുന്ന മറ്റൊരു വീടുമുണ്ട്. ചെന്നൈയിൽ ജെമിനി മേൽപ്പാലത്തിനടുത്ത് പാഴ്സൻ മാനറിലും മന്ദവേലിയിലെ സെന്റ് മേരീസ് റോഡിലും ജയലളിതയ്ക്ക് ഫ്ളാറ്റുണ്ട്. രണ്ടിനും കൂടി 48 ലക്ഷം രൂപയുടെ അടുത്ത് വിലവരുമെന്നാണ് അവർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP