Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയലളിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും; തീരുമാനം ഹൈക്കോടതി രജിസ്ട്രാർക്ക് നൽകിയ അപേക്ഷയെ തുടർന്ന്; അഴിക്കുള്ളിലും തലൈവിക്ക് ഇളവുകൾ ഏറെ; തമിഴ്‌നാട്ടിൽ ഇന്ന് സിനിമാ ബന്ദ്‌

ജയലളിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും; തീരുമാനം ഹൈക്കോടതി രജിസ്ട്രാർക്ക് നൽകിയ അപേക്ഷയെ തുടർന്ന്; അഴിക്കുള്ളിലും തലൈവിക്ക് ഇളവുകൾ ഏറെ; തമിഴ്‌നാട്ടിൽ ഇന്ന് സിനിമാ ബന്ദ്‌

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിലായ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. കർണാടക ഹൈക്കോടതിയുടെ പ്രത്യേക ബഞ്ചാണ് അപേക്ഷ പരിഗണിക്കുന്നത്. ഹൈക്കോടതി രജിസ്ട്രാർക്ക് നൽകിയ അപേക്ഷയെത്തുടർന്നാണ് ജയയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്നത്.

നേരത്തെ കർണാടക ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്ടോബർ ആറിലേക്ക് മാറ്റി വച്ചിരുന്നു. വിധിപകർപ്പ് ലഭിക്കാത്തതിനാൽ പരിഗണിക്കാൻ സാധിക്കില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് മാറ്റിവച്ചത്. ഇതോടെ തിങ്കളാഴ്ച വരെ ജയലളിതയ്ക്ക് ജയിലിൽ തുടരേണ്ടി വരുമെന്ന അവസ്ഥയായിരുന്നു. ഇതെത്തുടർന്നാണ് ഹൈക്കോടതി രജിസ്ട്രാർക്ക് പ്രത്യേക അപേക്ഷ നൽകിയത്. മുതിർന്ന അഭിഭാഷകൻ രാംജത് മലാനിയാണ് ജയലളിതയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായത്. ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചാണ് ജയലളിതയുടെ ഹർജി ആദ്യം പരിഗണിച്ചത്.

പുരൈച്ചിതലൈവിയെ ജയിലിൽ അടച്ച കോടതിവിധിയിൽ പ്രതിഷേധിച്ച് ഇന്ന് തമിഴ്‌നാട്ടിൽ സിനിമബന്ദ് ആചരിക്കുകയാണ്. ഇന്ന് 26മാത്തെ ഇനമായാണ് കോടതി ജയലളിതയുടെ ജാമ്യാപേക്ഷ എടുത്തത്. എന്നാൽ വിധിപ്പകർപ്പ് ഇല്ലാത്തതിനാൽ കേസ് പരിഗണിക്കുന്നില്ലെന്ന് പറഞ്ഞതോടെ ജയയുടെ പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയാൽ എത്രയും പെട്ടെന്ന് സുപ്രീംകോടതിയെ സമീപിക്കാനാണ് എഐഎഡിഎംകെ ക്യാമ്പിന്റെ നീക്കം. കോടതി വിധിക്കെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം പ്രകടനങ്ങൾ അവസാനിച്ചിട്ടില്ല.

അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷത്തെ തടവ് ശിക്ഷ ലഭിച്ച മുൻ മുഖ്യമന്ത്രി ജെ ജയലളിതയോട് അനുകമ്പ പ്രകടിപ്പിച്ച് തമിഴ്‌നാട്ടിലെ സിനിമ തിയ്യേറ്ററുകൾ ഇന്ന് അടച്ചിട്ടാണ് ബന്ദ് നടത്തുന്നത്. ജയലളിതക്ക് പിന്തുണ പ്രഖ്യാപിച്ച് തമിഴ് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷൻ പ്രവർത്തകർ ഏകദിന നിരാഹാര സമരവും നടത്തുന്നുണ്ട്. നിരാഹാര സമരത്തിൽ പങ്കാളികളാകുമെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലും സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ്‌സ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്. ചെപ്പോക്കിൽ രാവിലെ ഒമ്പതിന് ആരംഭിച്ച നിരാഹാര സമരം വൈകുന്നേരം ആറുവരെ നീണ്ടു നിൽക്കും

അതേസമയം ജയിലിൽ കഴിയുന്ന ജയലളിതയ്ക്ക് അഴിക്കുള്ളിൽ നിരവധി ഇളവുകളാണ് നൽകുന്നത്. പുലർച്ചെ അഞ്ചരക്ക് ഉണർന്നാൽ ഉടനെ ഒരു ഗ്‌ളാസ് നാരങ്ങാ വെള്ളമാണ് ജയ കഴിക്കുന്നത്. തുടർന്ന് പ്രഭാത നടത്തം,. ഇതിന് ശേഷം തമിഴ് പത്രങ്ങളും ഇംഗ്ലീഷ് പത്രങ്ങളും അടക്കം മൂന്ന് നാല് പത്രങ്ങൾ വായിക്കും. ജയിലിൽ ഏത് സമയവും ഡോക്ടറുടെ സേവനം ജയക്ക് ലഭിക്കുന്നുണ്ട്. പ്രഭാത ഭക്ഷവും ജയയ്ക്ക് ഇഷ്ടപ്പെട്ടതാണ്. വീട്ടിലുണ്ടാക്കിയ ഭക്ഷണമാണ് ജയക്കായി കൊണ്ടുവരുന്നത്. ഉച്ചക്ക് ചപ്പാത്തിയും തൈര് സാദവുമാണ് പ്രിയം. ഇതും പുറമേ നിന്ന് കൊണ്ടുവരും. രാത്രി ജ്യൂസ് മാത്രം മതി.

തടവുകാർ ജയിൽ യൂനിഫോം ഇടണമെന്ന് നിബന്ധന ഉണ്ടെങ്കിലും അതിലും ജയലളിതക്ക് ഇളവുണ്ട്. വീട്ടിൽ നിന്ന് കൊണ്ടുവന്ന സ്വന്തം വസ്ത്രങ്ങളാണ് ധരിക്കുന്നത്. ജയയെ പാർപ്പിച്ച വിമൻ ബാരക്കിലെ സിംഗിൾ സെല്ലിൽ അത്യാവശ്യ സൗകര്യങ്ങളുണ്ട്. രണ്ടു കസേര, ഒരു മേശ. കട്ടിൽ, ഫാൻ , ടി വി എന്നിവ നൽകിയിട്ടുണ്ട് . വിമൻ ഗാർഡുകൾ അടക്കം പൊലിസ് പുറത്തു സദാ കാവലുണ്ട് .
ഇതേസമയം കൂട്ടുപ്രതികളായ ശശികല , ഇളവരശി , സുധാകരൻ എന്നിവർക്ക് ജയലളിതക്ക് ലഭിക്കുന്ന വി.വി.ഐ.പി സൗകര്യങ്ങൾ നൽകുന്നില്ല. അവർക്ക് ജയിൽ ഭക്ഷണമാണ് കൊടുക്കുന്നത്.

ബംഗളൂരുവിൽ തടവുകാരിയായി ജയലളിത കഴിയുന്നത് കർണാടക സർക്കാരിനു വലിയ തലവേദനയാണ് സൃഷ്ട്ടിക്കുന്നത്. തമിഴ് വംശജർ സംസ്ഥാനത്ത് ധാരാളം ഉള്ളതിനാൽ പൊലീസ് സദാ ജാഗ്രതയിലാണ്. തമിഴ്‌നാട്ടിൽ പ്രതീക്ഷിച്ചത്ര കുഴപ്പങ്ങൾ ഉണ്ടായിട്ടില്‌ളെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP