Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംഘപരിവാറിന്റെ ആവശ്യത്തിന് വഴങ്ങി ജെഎൻയു പ്രസിഡന്റിനെ ദേശദ്രോഹ കുറ്റത്തിന് അറസ്റ്റു ചെയ്ത പൊലീസ് കുടുങ്ങി: കന്നയ്യ കുമാർ ദേശദ്രോഹ മുദ്രാവാക്യം വിളിച്ചില്ലെന്ന് സ്ഥിരീകരിച്ച് ഡൽഹി പൊലീസ്; മാദ്ധ്യമപ്രവർത്തകരും കേന്ദ്രത്തിനെതിരെ മുദ്രാവാക്യങ്ങളുമായി തെരുവിൽ

സംഘപരിവാറിന്റെ ആവശ്യത്തിന് വഴങ്ങി ജെഎൻയു പ്രസിഡന്റിനെ ദേശദ്രോഹ കുറ്റത്തിന് അറസ്റ്റു ചെയ്ത പൊലീസ് കുടുങ്ങി: കന്നയ്യ കുമാർ ദേശദ്രോഹ മുദ്രാവാക്യം വിളിച്ചില്ലെന്ന് സ്ഥിരീകരിച്ച് ഡൽഹി പൊലീസ്; മാദ്ധ്യമപ്രവർത്തകരും കേന്ദ്രത്തിനെതിരെ മുദ്രാവാക്യങ്ങളുമായി തെരുവിൽ

ന്യൂഡൽഹി: അഫ്‌സൽ ഗുരു അനുസ്മരണ ചടങ്ങിൽ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റു ചെയ്ത ബിജെപി കുടുങ്ങി. കനയ്യ കുമാർ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയിട്ടില്ലെന്ന് വ്യക്തമായതോടെ കോടതിയിൽ നിന്നും കനത്ത വിമർശനം കേൾക്കേണ്ടി വരുമെന്ന കാര്യം ഉറപ്പായി. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയതെന്ന ചോദ്യമാണ് ഉയരുന്നത്. അഫ്‌സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചത് കന്നയ്യ കുമാർ അല്ലെന്നാണ് ഡൽഹി പൊലീസ് വ്യക്തമാക്കിയത്.

ഡൽഹി സ്‌പെഷ്യൽ ബ്രാഞ്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതോടെ കന്നയ്യ കുമാറിന് എതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്നാണ് സൂചന. നാല് പേജുള്ള റിപ്പോർട്ടാണ് ഡൽഹി പൊലീസ് കേന്ദ്രത്തിന് സമർപ്പിച്ചത്. റിപ്പോർട്ടിൽ അഫ്‌സൽ ഗുരു അനുകൂല മുദ്രാവാക്യം വിളിച്ചത് കന്നയ്യ കുമാർ അല്ലെന്നും ഡെമോക്രാറ്റിക് സ്റ്റുഡൻസ് യൂണിയൻ(ഡി.എസ്.യു) നേതാവ് ഉമർ ഖാലിദ് ആണെന്നും റിപ്പോർട്ടിൽ പറയുന്നു. ദേശ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതും ഉമർ ഖാലിദാണ്. ഫെബ്രുവരി ഒമ്പതിന് അഫ്‌സൽ ഗുരുവിനെ അനുസ്മരിക്കുന്ന ഒരു ഡോക്യുമെന്ററി സർവകലാശാലയിൽ പ്രദർശിപ്പിക്കുന്നത് ജെ.എൻ.യു അധികൃതർ വിലക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഉമർ ഖാലിദിന്റെ നേതൃത്വത്തിൽ ചിലർ രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സർവകലാശാലയിൽ ചില ദേശവിരുദ്ധ പ്രവർത്തനം നടക്കാൻ പോകുന്നുവെന്ന് എ.ബി.വി.പി അധികൃതരെ അറിയിച്ചതായ റിപ്പോർട്ടും പൊലീസ് തള്ളി. ഡൽഹി പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ച്(ഇന്റലിജൻസ്) വിഭാഗമാണ് സർവകലാശാലയെ ഇക്കാര്യം സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. റിപ്പോർട്ടിൽ മറ്റ് വിവരങ്ങൾ ഇവയാണ്, ഫെബ്രുവരി 9ന് വൈകിട്ട് 5 മണിക്ക് 80മുതൽ 90 വരെ വിദ്യാർത്ഥികൾ ജെ.എൻ.യുവിൽ സംഘടിച്ചു. ഉമർ ഖാലിദാണ് വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകിയിരുന്നത്. സാംസ്‌കാരിക കൂട്ടായ്മയുടെ മറവിൽ ചില മോശം പരിപാടികൾ സംഘടിപ്പിക്കുകയായിരുന്നു വിദ്യാർത്ഥികളുടെ ലക്ഷ്യം.

പരിപാടി നടത്താൻ അനുവദിക്കരുതെന്ന് കാണിച്ച് ഡൽഹി പൊലീസ് ജെ.എൻ.യു അധികൃതർക്ക് നിർദ്ദേശം നൽകി. തുടർന്ന് വിദ്യാർത്ഥികളെ വിലക്കിക്കൊണ്ട് അധികൃതർ രംഗത്തെത്തി. ഈ വിലക്കിനെ കുറിച്ച് എ.ബി.വി.പിക്ക് അറിവുണ്ടായിരുന്നു. തുടർന്ന് എ.ബി.വി.പി പ്രവർത്തകർ പ്രദേശത്ത് സംഘടിക്കുകയും ചെയ്തു. ഈ പരിപാടിക്കിടെയാണ് രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങിയത്.

റിപ്പോർട്ടിൽ ഡി.എസ്.യുവിന്റെ മുൻ നീക്കങ്ങളെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഡി.എസ്.യുവിനെ ഡൽഹി പൊലീസ് മാസങ്ങളായി നിരീക്ഷിച്ചുവരുകയായിരുന്നു. അഫ്‌സൽ ഗുരുവിന്റെ മരണത്തിൽ അനുശോചനം സംഘടിപ്പിക്കുകയും നെക്‌സൽ വിരുദ്ധ നീക്കത്തിനിടയിൽ സെൻട്രൽ റിസർവ് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത് ഡി.എസ്.യു ആഘോഷമാക്കിയതും മുതലാണ് ഡൽഹി പൊലീസ് സംഘടനയ്ക്ക് എതിരെ നിരീക്ഷണം ഏർപ്പെടുത്തിയത്. കന്നയ്യ കുമാറിന്റെ അറസ്റ്റിന് ശേഷം ഉമർ ഖാലിദ് ഒളിവിലാണെന്നും, ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതിനിടെ ജെഎൻയു വിഷയത്തിൽ മാദ്ധ്യമലോകവും കേന്ദ്രസർക്കാറിനെതിരെ തിരിഞ്ഞു. പട്യാല ഹൗസ് കോടതിയിൽ ബിജെപി അനുകൂല അഭിഭാഷകർ നടത്തിയ കൈയേറ്റത്തിനെതിരെയാണ് മാദ്ധ്യമപ്രവർത്തകർ രംഗത്തെത്തിയയത്. നരേന്ദ്ര മോദി പ്രതികരിക്കൂ, സുപ്രീംകോടതി കണ്ണുതുറക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധത്തിൽ ഉയർന്നത്. തിങ്കളാഴ്ച പട്യാല ഹൗസ് കോടതിയുടെ അകത്തും പുറത്തുമാണ് അഭിഭാഷകർ മാദ്ധ്യമപ്രവർത്തകരെയും വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും കൈയേറ്റം ചെയ്തത്.

എൻ.ഡി.ടി.വിയുടെ ബർഖ ദത്ത്, ഇന്ത്യ ടുഡേയുടെ രാജ്ദീപ് സർദേശായി, സിദ്ധാർഥ് വരദരാജൻ, രവീഷ് കുമാർ, സി.എൻ.എൻ ഐ.ബി.എനിലെ സുഹാസിനി ഹൈദർ, സാഗരിക ഘോഷ് തുടങ്ങിയ മുതിർന്ന മാദ്ധ്യമപ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു. കൈയേറ്റത്തിൽ ഉത്തരവാദികളായ അഭിഭാഷകരെയും മറ്റുള്ളവരെയും ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് മാദ്ധ്യമപ്രവർത്തകർ സുപ്രീംകോടതിക്ക് മെമറാണ്ടം സമർപ്പിച്ചു.

പൊലീസ് ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ഡൽഹി പൊലീസ് കമീഷണർ ബി.എസ് ബസ്സി രാജിവെക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മാദ്ധ്യമപ്രവർത്തകരുടെ മറ്റൊരു സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. ഡൽഹി പൊലീസിന്റെ വിശ്വാസ്യത ഉറപ്പുവരുത്താൻ ഇടപെടണമെന്ന് സംഘം കേന്ദ്രമന്തിയോട് ആവശ്യപ്പെട്ടു. കോടതിയിൽ അതിക്രമം നടന്ന് 24 മണിക്കൂറിനുശേഷവും ഒരാളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെ.എൻ.യു വിദ്യാർത്ഥി നേതാവ് കനയ്യ കുമാറിനെ കോടതിയിൽ ഹാജരാക്കുന്ന സമയത്താണ് നാടകീയ രംഗങ്ങളുണ്ടായത്. ഒരു പറ്റം അഭിഭാഷകർ വന്ദേ മാതരം, ഭാരത് മാതാ കീ ജയ് എന്നിവ വിളിച്ചായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. മാദ്ധ്യമപ്രവർത്തകർ, ജെ.എൻ.യുവിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവരെ ലക്ഷ്യം വച്ചായിരുന്നു അഭിഭാഷകരുടെ അഴിഞ്ഞാട്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP