Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയെയും കിം ജോങ് ഉന്നിനെയും താരതമ്യം ചെയ്താൽ അതെങ്ങനെ ക്രിമിനൽ കുറ്റമാകും? ജിഎസ്ടിയിൽ പ്രതിഷേധിച്ച് മോദി-കിം ബോർഡ് പതിപ്പിച്ചതിന്റെ പേരില്ഡ 22 വ്യാപാരികളെ അറസ്റ്റ് ചെയ്ത് കാൺപുർ പൊലീസ്; രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് ഭയന്ന് ചെറുകിട കച്ചവടക്കാർ

മോദിയെയും കിം ജോങ് ഉന്നിനെയും താരതമ്യം ചെയ്താൽ അതെങ്ങനെ ക്രിമിനൽ കുറ്റമാകും? ജിഎസ്ടിയിൽ പ്രതിഷേധിച്ച് മോദി-കിം ബോർഡ് പതിപ്പിച്ചതിന്റെ പേരില്ഡ 22 വ്യാപാരികളെ അറസ്റ്റ് ചെയ്ത് കാൺപുർ പൊലീസ്; രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് ഭയന്ന് ചെറുകിട കച്ചവടക്കാർ

കാൺപൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിനെയും താരതമ്യം ചെയ്ത് പോസ്റ്ററുകൾ പതിച്ച 22 വ്യാപാരികൾക്കെതിരെ കാൺപുർ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. ജി.എസ.ടി.യോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നതിനായിരുന്നു മോദിയെയും കിമ്മിനെയും താരതമ്യം ചെയ്തുകൊണ്ട് ഹോർഡിങ്ങുകളും പോസ്റ്ററുകളും പതിച്ചത്. ഹോർഡിങ്ങുകൾ പതിച്ചയാളെ യു.പി. പ്രത്യേകാധികാര നിയമം ഉപയോഗിച്ച് വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.

കാൺപുരിലെ ശ്രദ്ധ നഗർ നിവാസിയായ പ്രവീൺ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് വെള്ളിയാഴ്ചയാണ് രേഖപ്പെടുത്തിയത്. അറസ്റ്റ് വാർത്ത പൊലീസ് സൂപ്രണ്ട് അശോക് വർമ സ്ഥിരീകരിച്ചു. പൊലീസ് കേസെടുത്തതിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ ദീപാവലി ആഘോഷം വേണ്ടെന്നുവെച്ചിരിക്കുകയാണെന്ന് വ്യാപാരികൾ അറിയിച്ചു.

ഇരുവശത്തുമായി കിമ്മിന്റെയും മോദിയുടെയും ചിത്രങ്ങൾ പതിച്ചുകൊണ്ടാണ് ഹോർഡിങ്ങുകൾ പ്രത്യക്ഷപ്പെട്ടത്. ലോകം മുഴുവൻ നശിപ്പിച്ചശേഷമേ താൻ മരിക്കൂ എന്ന് കിമ്മിന്റെ ചിത്രത്തിനൊപ്പവും വ്യാപാരം മുഴുവൻ താൻ നശിപ്പിക്കുമെന്ന് മോദിയുടെ ചിത്രത്തിനൊപ്പവും അടിക്കുറിപ്പും നൽകിയിരുന്നു. രാജ്യത്തെ ചെറിയ നാണയങ്ങൾ ഇല്ലാതായതിന്റെ പ്രതിസന്ധിയും വ്യാപാരികൾ ഇതിൽ സൂചിപ്പിച്ചിരുന്നു. ബുധനാഴ്ച കാൺപുരിൽ ബിജെപി സംസ്ഥാന എക്‌സിക്യുട്ടീവ് ചേരാനിരിക്കെ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.

നഗരത്തിലെ ബാങ്കുകൾ നാണയങ്ങൾ എടുക്കാൻ വിസമ്മതിച്ചതോടെയാണ് വ്യാപാരികൾ സർക്കാരിനെതിരെ തിരിഞ്ഞത്. ക്യാഷ് ചെസ്റ്റുകൾ ഇല്ലാത്തതുകൊണ്ടാണ് നാണയങ്ങളുടെ രൂപ്ത്തിൽ നിക്ഷേപങ്ങൾ സ്വീകരിക്കാൻ സാധിക്കാത്തതെന്ന് ബാങ്കുകൾ പറയുന്നു. എന്നാൽ, ഓരോ കടകളിലും പത്തും പതിനഞ്ചും ലക്ഷം രൂപയുടെ നാണയങ്ങൾ കെട്ടിക്കിടക്കുകയാണെന്നും ബാങ്കുകൾ ഇത് സ്വീകരിച്ചില്ലെങ്കിൽ വ്യാപാരികൾ നിസ്സഹായരാകുമെന്നും അവർ പറയുന്നു.

കാൺപുരിൽ മാത്രം 200 കോടിയുടെയെങ്കിലും നാണയങ്ങൾ പ്രചാരത്തിലോ കെട്ടിക്കിടക്കുന്ന രൂപത്തിലോ ഉണ്ടെന്നാണ് വിലയിരുത്തൽ. നാണയപ്രതിസന്ധി രൂക്ഷമായതോടെ, പല കടയുടമകളും അവരുടെ തൊഴിലാളികൾക്ക് ശമ്പളം നാണയമായി നൽകാൻ തുടങ്ങി. നാണയങ്ങൾ മറ്റു കടക്കാർ സ്വീകരിക്കാത്തതുകൊണ്ട് ഇവർക്ക് ശമ്പളം ചെലവഴിക്കാനാകാത്ത സ്ഥ്തിയുമായി. പ്രശ്‌നം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ വ്യാപാരം നിർത്തേണ്ട അവസ്ഥയാണെന്ന് പല കട്ടവടക്കാരും പറയുന്നു.

പ്രശ്‌നം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശ്രദ്ധയിൽക്കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് വ്യാപാരികളുടെ നേതാവായ രാജു ഖന്ന പറയുന്നു. ബാങ്കുകളുമായുള്ള ചർച്ചയും ഫലിച്ചില്ല. എല്ലാശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് നോട്ടസാധുവാക്കൽ മുതൽക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയ മോദിക്കതിരെ തിരിയാൻ വ്യാപാരികൾ നിർബന്ധിതരായത്. പ്രതിഷേധം പ്രകടിപ്പിക്കാനായി നടത്തിയ ശ്രമങ്ങൾ രാജ്യദ്രോഹമായി വ്യാഖ്യാനിക്കപ്പെടുമോ എന്ന ആശങ്കയിലാണ് വ്യാപാരികളിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP