Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യദ്രോഹ കുറ്റം ചുമത്തി ക്യാപ്റ്റൻ കശ്യപിനെ നാവിക സേനയിൽ നിന്നും പുറത്താക്കിയത് വിചാരണ പോലും ചെയ്യാതെ; രാജ്യദ്രോഹി എന്ന മുദ്ര വീണതോടെ സുഹൃത്തുക്കളും ബന്ധുക്കളും പോലും അടുപ്പിച്ചില്ല; ജോലിക്കായി പലരോടും കെഞ്ചിയെങ്കിലും കിട്ടാതായതോടെ കർഷകനായി: ഒരു പതിറ്റാണ്ടിനു ശേഷം കശ്യപ് കുമാർ നിരപരാധി എന്ന് കണ്ടെത്തി സിബിഐ

രാജ്യദ്രോഹ കുറ്റം ചുമത്തി ക്യാപ്റ്റൻ കശ്യപിനെ നാവിക സേനയിൽ നിന്നും പുറത്താക്കിയത് വിചാരണ പോലും ചെയ്യാതെ; രാജ്യദ്രോഹി എന്ന മുദ്ര വീണതോടെ സുഹൃത്തുക്കളും ബന്ധുക്കളും പോലും അടുപ്പിച്ചില്ല; ജോലിക്കായി പലരോടും കെഞ്ചിയെങ്കിലും കിട്ടാതായതോടെ കർഷകനായി: ഒരു പതിറ്റാണ്ടിനു ശേഷം കശ്യപ് കുമാർ നിരപരാധി എന്ന് കണ്ടെത്തി സിബിഐ

ന്യൂഡൽഹി: നാവികസേനയിലെ ക്യാപ്റ്റൻ എന്ന ഉയർന്ന പദവിയിലായിരുന്നു കശ്യപ് കുമാർ എന്ന ഈ 52കാരൻ. കരസേനയിൽ കേണലായിരുന്ന പിതാവിന്റെ പട്ടാള ചിട്ടയോടെ വളർന്ന രാജ്യ സ്‌നേഹിയായിരുന്ന മകൻ. എന്നിട്ടും മനസാ വാചാ അറിയാതെ കശ്യപ് ഒരു ദിവസം രാജ്യദ്രോഹിയിയാ മുദ്ര കുത്തപ്പെട്ടു. വിചാരണ പോലും കൂടാതെ ജോലിയിൽ നിന്നും പിരിച്ചും വിട്ടു. താൻ മാതൃരാജ്യത്തെ ചതിച്ചിട്ടില്ലെന്ന് മനം നൊന്ത് പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല.

ജോലി പോവുകയും രാജ്യ ദ്രോഹി എന്ന് മുദ്രകുത്തപ്പെടുകയും ചെയ്തതോടെ സുഹൃത്തുക്കൾ പോലും അദ്ദേഹത്തെ ഉപേക്ഷിച്ചു. ആരും അദ്ദേഹത്തോട് കൂട്ടുകൂടാൻ തയ്യാറായതുമില്ല. ജോലി പോയതോടെ മറ്റൊരു ജോലിക്കായി പല വാതിലുകളിൽ മുട്ടിയെങ്കിലും ഒരു രാജ്യദ്രോഹിക്ക് ജോലി നൽകാൻ ആരും തയ്യാറായില്ല. ഒടുവിൽ കൃഷിപ്പണി ചെയ്താണ് കശ്യപ് കുമാർ ജീവിച്ചത്. പരിഭവങ്ങളടക്കി കർഷകത്തൊഴിലാളിയുടെ വേഷത്തിൽ ജീവിക്കുമ്പോൾ കോടതി തീർപ്പുകൽപ്പിച്ചു. നാവികസേനയിൽ ക്യാപ്റ്റനായിരുന്ന കശ്യപ് കുമാർ നിരപരാധി.

കുപ്രസിദ്ധിയാർജിച്ച നേവൽ വാർ റൂം ലീക്ക് കേസിൽ (സൈനിക രഹസ്യം ചോർത്തൽ) ആണ് കശ്യപ് കുമാറിനെ നിരപരാധി എന്ന് കണ്ടെത്തി സിബിഐ കേസ് അവസാനിപ്പിച്ചത്. ഇദ്ദേഹത്തിനെതിരെ ഒരു തെളിവും സിബിഐക്ക് കണ്ടെത്താനാവാതായതോടെ കേസ് അവസാനിപ്പക്കുന്നതായി കേസിന്റെ വാദം കേട്ട കോടതിയിലും ഡൽഹി ഹൈക്കോടതിയിലും സിബിഐ. സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇതേത്തുടർന്നു തനിക്കെതിരേ രേഖപ്പെടുത്തിയിട്ടുള്ള എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് 58 വയസുകാരനായ കശ്യപ് ഹൈക്കോടതിയിൽ ഹർജി നൽകി.

2005 ലാണ് അദ്ദേഹത്തിന്റെ കഷ്ടകാലം തുടങ്ങിയത്. 2005 ഒക്ടോബറിൽ ഒരു മാസിക പുറത്തുവിട്ട റിപ്പോർട്ടാണു നേവി വാർ റൂം കേസിൽ കലാശിച്ചത്. ഡൽഹിയിലെ നേവൽ ഓപ്പറേഷൻസ് ഡയറക്ടറേറ്റിൽനിന്നു വിവരങ്ങൾ പെൻ ഡ്രൈവിൽ പകർത്തിയെന്നായിരുന്നു ആരോപണം. നേവി വാർ റൂം ലീക്ക് കേസിൽ ദേശസുരക്ഷയെ ബാധിക്കുന്ന കാരണത്താൽ വളരെ അപൂർവമായി ഉപയോഗിക്കുന്ന ആർട്ടിക്കിൾ 311 പ്രയോഗിക്കപ്പെട്ടു. പ്രസിഡന്റിന്റെ പ്രത്യേക അധികാരം വഴി വിചാരണപോലും ഇല്ലാതെയാണു കശ്യപിനെ 2005 ഒക്ടോബറിൽ പുറത്താക്കിയത്.

ഈ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം 2005 നവംബറിൽ ഹർജി നൽകിയിരുന്നു. എഫ്.ഐ.ആറിൽ അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയിരുന്നെങ്കിലും സിബിഐ. അന്വേഷണത്തിൽ അദ്ദേഹത്തിനെതിരേ തെളിവ് കണ്ടെത്താനാവാത്തതിനാൽ കുറ്റപത്രം സമർപ്പിച്ചില്ല. മുൻ നാവികസേന മേധാവി അഡ്‌മിറൽ അരുൺ പ്രകാശിന്റെ ബന്ധു രവി ശങ്കരൻ, ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വ്യവസായി അഭിഷേക് വർമ എന്നിവരുൾപ്പെടെ ആറു പേർക്കെതിരേ 2006-ൽ സിബിഐ. കുറ്റപത്രം സമർപ്പിച്ചു.

ഔദ്യോഗിക രഹസ്യ നിയമത്തിന്റെ വിവിധ വ്യവസ്ഥകളനുസരിച്ചു ക്രിമിനൽ ഗൂഢാലോചനാ കുറ്റത്തിന് ഇവരെല്ലാം വിചാരണ നേരീടേണ്ടി വന്നു. അന്വേഷണവേളയിൽ രഹസ്യങ്ങൾ ചോർത്തിയതിൽ കശ്യപിന്റെ പങ്കിനെക്കുറിച്ചു ഏതാനും നാവിക ഉദ്യേഗസ്ഥരെ ചോദ്യം ചെയ്തെങ്കിലും അവരുടെ പക്കലും തെളിവില്ലായിരുന്നു. കോടതിയിലെ നടപടികൾ നീളുന്നതിനിടെ ജീവിക്കാൻ മറ്റുള്ളവരുടെ കരുണതേടുകയായിരുന്നു അദ്ദേഹം.

സിബിഐ. കുറ്റവിമുക്തനാക്കിയതോടെ തന്നെ പുറത്താക്കിയ നടപടിക്കെതിരേ സൈനിക ട്രിബ്യൂണലിൽ നീതിക്കായി പോരാടാനൊരുങ്ങുകയാണ് അദ്ദേഹം.നാവികസേനയുടെ ഇടപാടുകൾ സംബന്ധിച്ച വിവരം ആയുധ വ്യാപാരി അഭിഷേക് വർമ, രവി ശങ്കരൻ, കുൽഭൂഷൺ പരാശർ എന്നിവർക്കു കൈമാറിയെന്നായിരുന്നു ആരോപണം. നാവികസേന നടത്തിയ അന്വേഷണത്തെ തുടർന്ന് ഉദ്യോഗസ്ഥരായ വിജേന്ദർ റാണ, വിനോദ് കുമാർ ഝാ, ക്യാപ്റ്റൻ കശ്യപ് കുമാർ എന്നിവരെ പുറത്താക്കി. യൂറോപ്പിലേക്കു രക്ഷപ്പെട്ട രവി ശങ്കരനെ ഇന്ത്യയിലെത്തിക്കാനുള്ള സിബിഐ. ശ്രമം തുടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP