Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശജോലി മോഹിച്ച് ലക്ഷങ്ങൾ കടം വാങ്ങി നഴ്‌സിങ് പഠിച്ച അനേകം പേർ കടക്കെണിയിൽ; 60,000 കുടുംബങ്ങൾ ആത്മഹത്യയുടെ വക്കിൽ; കണ്ടില്ലെന്ന് നടിച്ച് സർക്കാർ

വിദേശജോലി മോഹിച്ച് ലക്ഷങ്ങൾ കടം വാങ്ങി നഴ്‌സിങ് പഠിച്ച അനേകം പേർ കടക്കെണിയിൽ; 60,000 കുടുംബങ്ങൾ ആത്മഹത്യയുടെ വക്കിൽ; കണ്ടില്ലെന്ന് നടിച്ച് സർക്കാർ

ധ്യതിരുവിതാംകൂറിലെ കത്തോലിക്കാ പെൺകുട്ടികൾ മാത്രം ചെയ്തിരുന്ന ഒരു ജോലിയാണ് ഏതാനും വർഷം മുൻപ് വരെ നഴ്‌സിങ്. പിന്നീട് മറ്റു ക്രൈസ്തവ വിഭാഗങ്ങളും ക്രമേണ മറ്റു മത വിഭാഗങ്ങളും നഴ്‌സിംഗിൽ ആകൃഷ്ടരായി. ഏറെ വൈകാതെ പുരുഷന്മാരും നഴ്‌സുമാരായപ്പോൾ മെയിൽ നഴ്‌സ് എന്നൊരു ആശയം വരെ രൂപപ്പെട്ടു. ഇത്രയും ആകർഷണം ഇത് സമ്മാനിച്ചത് യൂറോപ്പിലും അമേരിക്കയിലും മലയാളി നഴ്‌സുമാർക്ക് ലഭിക്കുമായിരുന്ന ജോലിയും ഉയർന്ന ശമ്പളവും ആയിരുന്നു. ഏതാനും വർഷങ്ങളായി കേരളത്തില എറ്റവും ഡിമാന്റ് ഉള്ള പഠന ശാഖയായി നഴ്‌സിങ് മാറി. എന്നാൽ വിദേശ ജോലി സാധ്യത അടയുകയും സ്വദേശത്തു ആവശ്യത്തിൽ കൂടുതൽ നഴ്‌സുമാർ ഉണ്ടാവുകയും ചെയ്തതോടെ കടം വാങ്ങി നഴ്‌സിങ് പഠിച്ച പലരും ഇന്ന് കടക്കെണിയിലും ജപ്തി ഭീഷണിയിലുമാണ്.

ഈ പ്രശ്‌നത്തിലകപ്പെട്ട് കേരളത്തിലെ ഏകദേശം 60,000ത്തോളം കുടുംബങ്ങൾ ആത്മഹത്യയുടെ വക്കിലെത്തിയിരിക്കുകയാണെന്നാണ് നഴ്‌സിങ് സംഘടനകൾ നടത്തിയ പഠനങ്ങളിലൂടെ കണ്ടെത്തിയിരിക്കുന്നത്. എന്നിട്ടും ഈ വിഷയത്തിൽ ഒന്നും കണ്ടില്ലെന്ന് നടിച്ച് സർക്കാർ മൗനം പാലിക്കുകയാണെന്നതാണ് യാഥാർത്ഥ്യം. ഗവൺമെന്റ് ഏർപ്പെടുത്തിയ മിനിമം ശമ്പളം പോലും ചില ആശുപത്രികൾ നഴ്‌സുമാർക്ക് നൽകാൻ തയ്യാറാകാത്തതാണ് പ്രശ്‌നത്തെ വഷളാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ നഴ്‌സുമാർ സമരം ചെയ്തിരുന്നു. അതിന് ശേഷം ആശുപത്രികളിൽ പുരുഷ നഴ്‌സുമാരുടെ നിയമനത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. അതും പ്രതിസന്ധിയുടെ ആഴം വർധിപ്പിച്ചിരിക്കുകയാണ്. ബാങ്ക് വായ്പ അടക്കുന്നില്ലെന്നതോ പോകട്ടെ അന്നത്തെ ആഹാരത്തിനുള്ള വക കൂടി കണ്ടെത്താനാകാതെ നഴ്‌സിങ് കഴിഞ്ഞിറങ്ങിയ പലരും ബുദ്ധിമുട്ടുകയാണ്.

വിദേശത്ത് നല്ലൊരു ജോലി സ്വപ്നം കണ്ടാണ് ഇരിങ്ങാലക്കുടക്കാരിയായ ഡാലിയ ജോസഫിന്റെ കുടുംബം ബാങ്കിൽ നിന്ന് നഴ്‌സിങ് പഠനത്തിനായി മൂന്നരലക്ഷം രൂപ ലോണെടുത്തിരുന്നത്. എന്നാൽ ഇപ്പോൾ സമയത്തിന് തിരിച്ചടയ്ക്കാത്തതിനാൽ ഇവരടക്കേണ്ടുന്ന തുക ഇപ്പോൾ എട്ടുലക്ഷത്തിന് മുകളിലെത്തിയിരിക്കുകയാണ്. അതുപോലെത്തന്നെ കോഴിക്കോട്ടെ ജിതിൻ ലോഹിയും തൃശൂരിലെ സുധീപ് ദിലീപും പാലക്കാട്ടെ സുധീപ് കൃഷ്ണനും അങ്കമാലി സ്വദേശിയായ ജിൻസി ഫിലിപ്പും നഴ്‌സിങ് ലോണിനെത്തുടർന്ന് കടക്കെണിയിൽ അകപ്പെട്ട അനേകരിൽ ചിലർ മാത്രമാണ്. ഇത്തരത്തിലുള്ള അവസ്ഥയിലെത്തിയ ഒട്ടേറെ കുടുംബങ്ങളാണ് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ളത്.

പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ ജനറൽ നഴ്‌സുമാർക്ക് 9250 രൂപയും ബിഎസ് സി നഴ്‌സുമാർക്ക് 11,000 രൂപയുമാണ് സാലറി തീർച്ചപ്പെടുത്തിയിട്ടുള്ളത്. പക്ഷേ 20 ശതമാനം ആശുപത്രികൾ മാത്രമാണ് ഈ തീരുമാനം നടപ്പാക്കിയിട്ടുള്ളതെന്ന് കാണാം. ശേഷിക്കുന്ന ഹോസ്പിറ്റലുകളിൽ നവാഗതരായ നഴ്‌സുമാർക്ക് 7000 രൂപ മാത്രമാണ് നൽകുന്നത്. നഴ്‌സിങ് പഠനത്തിനായി കടമെടുത്തവർക്ക് പലിശയിൽ പൂർണമായ ഇളവ് ്അനുവദിക്കണമെന്ന് കെജിഎൻഎ, കെജിഎസ്എൻഎ എന്നീ സംഘടനകൾ സർക്കാരിനോട് ശക്തിയുക്തം ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അത് ചെവിക്കൊണ്ടില്ല. 2009 വരെയുള്ള പഠന വായ്പകൾക്ക് പലിശ കുറയ്ക്കുമെന്ന് യുപിഎ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മിക്കവർക്കും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഈ ആനുകൂല്യ നിഷേധിക്കപ്പെടുകയാണുണ്ടായത്. ഇവയെല്ലാം കടബാധിതരുടെ നിലനിൽപ്പ് തന്നെ അവതാളത്തിലാക്കിയിരിക്കുകയാണ്.

കൂടുതലായും മണിപ്പാൽ, ബംഗളുരു, കോയമ്പത്തൂർ, സേലം തുടങ്ങിയ സ്ഥലങ്ങളിലാണ് നഴ്‌സിംഗിനായി എൻ റോൾ ചെയ്യുന്നത്.എന്നാൽ അവരിൽ വളരെക്കുറച്ച് പേർക്ക് മാത്രമാണ് പാശ്ചാത്യ രാജ്യങ്ങളിലോ ഗൾഫിലോ ഉയർന്ന ശമ്പളമുള്ള നഴ്‌സിങ് ജോലി ലഭിക്കുന്നത്. ഈ ഉയർന്ന ശമ്പളം ഉപയോഗിച്ച് അവർക്ക് ബാങ്കിൽ നിന്ന് കടമെടുത്ത ഉയർന്ന തുക എളുപ്പത്തിൽ തിരിച്ചടയ്ക്കാനും സാധിക്കുമായിരുന്നു. വിദേശത്തെ നഴ്‌സിങ് ജോലിയിൽ പ്രവേശിക്കാനുള്ള ചട്ടങ്ങൾ കർക്കശമാക്കിയത് ഇവിടുത്തെ അവസരങ്ങൾ കേരളത്തിലെ ഉദ്യോഗാർത്ഥികൾക്ക് മുന്നിൽ പരിമിതമാക്കിയിരിക്കുകയാണ്. ഇതിന് പുറമെ റിക്രൂട്ടിങ് ഏജൻസികൾ അവരുടെ ഫീസ് വർധിപ്പിച്ചതും നഴ്‌സിങ് ഉദ്യോഗാർത്ഥികളെ സംബന്ധിച്ചിടത്തോളം വിദേശ ജോലി ബാലികേറാമലയാക്കി മാറ്റി. റിക്രൂട്ടിങ് ഓർഗൈനസേഷനുകളുമായി മിക്ക ഉദ്യോഗാർത്ഥികളെയും ബന്ധപ്പെടുത്താറുള്ളത് ഇത്തരം റിക്രൂട്ടിങ് ഏജൻസികളാണ്. ബാങ്ക് ലോൺ സമയത്ത് തിരിച്ചടയ്ക്കാൻ തന്നെ പാടുപെടുന്ന നഴ്‌സിങ് ഉദ്യോഗാർത്ഥികൾക്ക് റിക്രൂട്ടിങ് ഏജൻസികൾ ആവശ്യപ്പെടുന്ന വൻ ഫീസ് കൊടുക്കാൻ പലപ്പോഴും സാധിക്കാതെ വരികയും അവർക്ക് വിദേശ ജോലി ലഭിക്കാനുള്ള സാധ്യതയില്ലാതാവുകയും ചെയ്യുന്നത് പതിവായിരിക്കുന്നു. മിക്ക റിക്രൂട്ടിങ് ഏജൻസികളും എട്ട് മുതൽ 10 ലക്ഷം വരെയാണ് ഫീസായി ആവശ്യപ്പെടുന്നത്. അത് ഒരിക്കലും കൊടുക്കാൻ നിർവാഹമില്ലാതാകുന്നതോടെ കഴിവുള്ളവർ പോലും നാട്ടിലെ ആശുപത്രികളിലെ ചുരുങ്ങിയ ശമ്പളത്തിന് ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. ഇപ്പോഴും തുടക്കത്തിൽ വെറും 3000 രൂപ മാത്രം ശമ്പളം കൊടുക്കുന്ന ആശുപത്രികൾ കേരളത്തിലുണ്ടെന്നാണ് യാഥാർത്ഥ്യം.

നഴ്‌സിങ് പഠനത്തിനായെടുത്ത വായ്പ തിരിച്ചടയ്ക്കാതെ പെരുകുന്നത് ബാങ്കുകൾക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇത്തരത്തിൽ പഠനവായ്പയെടുക്കുന്നവരിൽ 10 ശതമാനം പേർക്ക് മാത്രമെ വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി ലഭിക്കുന്നുള്ളുവെന്നാണ് പല ബാങ്ക് മാനേജർമാരും സാക്ഷ്യപ്പെടുത്തുന്നത്. വിദേശജോലിക്ക് അനിവാര്യമായ ഇംഗ്ലീഷ് ലാഗ്വേജ് ടെസ്‌ററിൽ പിന്തള്ളപ്പെടുന്നതാണ് പലർക്കും ജോലി ലഭിക്കാത്തതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. നഴ്‌സിങ് പഠനത്തിന് അനുദിക്കുന്ന മിക്ക ബാങ്ക് ലോണുകൾക്കും മാസത്തിൽ 8000 മുതൽ 9000 വരെ തിരിച്ചടവ് അത്യാവശ്യമാണ്. എന്നാൽ കേരളത്തിലെ പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുന്ന തുടക്കക്കാരായ നഴ്‌സുമാരിൽ അധികം പേർക്കും 5000ത്തിൽ താഴെ മാത്രമെ ശമ്പളം ലഭിക്കുന്നുള്ളുവെന്നും അതാണ് തിരിച്ചടവ് പ്രതിസന്ധിയിലാക്കുന്നതെന്നും ബാങ്ക് പ്രതിനിധികൾ പറയുന്നു. പലരും ഇത്തരത്തിൽ എടുക്കുന്ന ലോണുകൾ ഐഇഎൽടിഎസ് കോച്ചിംഗിനും എന്തിനേറെ വിവാഹച്ചെലവിന് വരെ ഉപയോഗിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP