Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആശുപത്രി നടത്തിപ്പിൽ യുപിയെ കണ്ടുപഠിക്കണമെന്ന് പിണറായിയെ ഉപദേശിച്ച യോഗി ആദിത്യനാഥിന് ഇനി തലയിൽ മുണ്ടിട്ട് നടക്കാം; ദേശീയ ആരോഗ്യ രംഗത്ത് മറ്റുസംസ്ഥാനങ്ങളെ പിന്തള്ളി കേരളം ഒന്നാമത്; കണ്ടെത്തൽ ലോകബാങ്കിന്റെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിൽ; യോഗിയുടെ യു പി അവസാന സ്ഥാനത്ത്

ആശുപത്രി നടത്തിപ്പിൽ യുപിയെ കണ്ടുപഠിക്കണമെന്ന് പിണറായിയെ ഉപദേശിച്ച യോഗി ആദിത്യനാഥിന് ഇനി തലയിൽ മുണ്ടിട്ട് നടക്കാം;  ദേശീയ ആരോഗ്യ രംഗത്ത് മറ്റുസംസ്ഥാനങ്ങളെ പിന്തള്ളി കേരളം ഒന്നാമത്; കണ്ടെത്തൽ ലോകബാങ്കിന്റെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിൽ; യോഗിയുടെ യു പി അവസാന സ്ഥാനത്ത്

ന്യൂഡൽഹി: ദേശീയ ആരോഗ്യ രംഗത്ത് മറ്റുസംസ്ഥാനങ്ങളെ പിന്തള്ളി കേരളം ഒന്നാമത്. ലോകബാങ്കിന്റെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് കേരളത്തിന് അഭിമാനാർഹമായ നേട്ടം. ജനങ്ങൾക്ക് മികച്ച ആരോഗ്യ പരിരക്ഷ നൽകുന്നതിന്റെ ഭാഗമായി ആരോഗ്യ രംഗത്ത് മികച്ച നേട്ടം കൈവരിച്ച സംസ്ഥാനങ്ങളുടെ പട്ടികയിലാണ് സംസ്ഥാനത്തിന്റെ ഈ അസുലഭ നേട്ടം.

കേന്ദ്ര സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ദ്ധർ എന്നിവരുടെ നിർദ്ദേശാനുസരണം വേൾഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് നീതി ആയോഗ് സർവേ നടത്തിയത്. നീതി ആയോഗ് റിപ്പോർട്ട് പ്രകാരം 76.55 മുതൽ 80.00 സ്‌കോർ നേടിയാണ് കേരളം നേട്ടം കൈവരിച്ചത്. 62.02-65.21 സ്‌കോർ നേടിയ പഞ്ചാബ് രണ്ടാം സ്ഥാനത്തും 63.28-63.38 സ്‌കോർ നേടിയ തമിഴ്‌നാട് മൂന്നാം സ്ഥാനത്തുമെത്തി.

കേരളത്തിലെ ആരോഗ്യ രംഗം മോശമാണെന്ന് പറഞ്ഞ യോഗി ആദിത്യനാഥിന്റെ ഉത്തർ പ്രദേശാണ് ആരോഗ്യ രംഗത്ത് ഏറ്റവും പിന്നിലുള്ള സംസ്ഥാനം. ആരോഗ്യ രംഗത്ത് രാജ്യം കൈവരിച്ച പുരോഗതി അളക്കുന്നതിന്റെ ആദ്യ അളവുകോലാണ് ഇന്ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടെന്ന് നീതി ആയോഗ് വിശദീകരിച്ചു.

കേന്ദ്രഭരണ പ്രദേശങ്ങളിൽ ലക്ഷദ്വീപ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു.വാർഷിക പ്രകടനത്തിൽ ജാർഖണ്ഡ്, ജമ്മു കശ്മീർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ മുന്നിലെത്തി. ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ സമഗ്ര മികവിൽ മിസോറം ഒന്നാമതെത്തി. മണിപ്പുർ ആണു തൊട്ടുപിന്നിൽ. വാർഷിക പ്രകടനത്തിൽ ഗോവയാണു മുന്നിൽ.

സമഗ്ര മികവിനു കേരളം മുന്നിൽ എത്തിയെങ്കിലും ചില മേഖലകളിൽ പിന്നിലായെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. നവജാതശിശു മരണനിരക്ക്, അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് തുടങ്ങിയവയിൽ കേരളം മെച്ചപ്പെടാനുണ്ടെന്നും പൊതുവിൽ 2015നെ അപേക്ഷിച്ച് 2016ൽ മൂന്നിലൊന്നു സംസ്ഥാനങ്ങളും ആരോഗ്യമേഖലയിൽ പിന്നാക്കം പോയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഒഴിഞ്ഞുകിടക്കുന്ന പ്രധാന തസ്തികകൾ നികത്തുക, ജില്ലാ കാർഡിയാക് കെയർ യൂണിറ്റുകൾ (സിസിയു) കാര്യക്ഷമമാക്കുക, പൊതു ആരോഗ്യസംവിധാനം കുറ്റമറ്റതാക്കുക, സ്ത്രീപുരുഷ അനുപാതം ഉയർത്തുക തുടങ്ങിയ കാര്യങ്ങൾ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ശ്രദ്ധിക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.പദ്ധതികൾ ഓരോ വർഷവും കൈവരിക്കുന്ന വർദ്ധനവ് പരിശോധിച്ച് ആരോഗ്യ മേഖലയിൽ കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് വ്യക്തമാക്കി.

ന്യൂഡൽഹിയിൽനടന്ന ചടങ്ങിൽ നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി പ്രീതി സുദൻ, ലോക ബാങ്കിന്റെ ഇന്ത്യ ഡയറക്ടർ ജുനൈദ് അഹമ്മദ് എന്നിവരാണു റിപ്പോർട്ട് പ്രകാശിപ്പിച്ചത്.

ഈ സർക്കാർ അധികാരമേറ്റതിനുശേഷം ആരോഗ്യ രംഗത്ത് കൈവരിച്ച വലിയ നേട്ടത്തിനുള്ള അംഗീകാരമാണ് ഈ ദേശീയ റിപ്പോർട്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ആർദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള എല്ലാ ആശുപത്രികളിലും മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കി രോഗീസൗഹൃദവും മികവിന്റെ കേന്ദ്രങ്ങളുമാക്കി വരികയാണ്. സംസ്ഥാനത്തെ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയിരുന്നു.

കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, താലൂക്ക്, ജില്ലാ, ജനറൽ എന്നീ ആശുപത്രികളിൽ സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ വിപുലപ്പെടുത്തി. ഇതോടൊപ്പം താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും ട്രോമകെയർ സംവിധാനം നടപ്പിലാക്കി വരികയാണ്. മെഡിക്കൽ കോളേജുകളിൽ സമഗ്ര ട്രോമകെയർ സംവിധാനമാണൊരുക്കുന്നത്. ആരോഗ്യ മേഖലയിലെ സമഗ്ര പുരോഗതിക്കായി നിരവധി പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് നടത്തിയിരുന്നു.

ആരോഗ്യ മേഖലയിൽ 4,000ലധികം തസ്തികകളാണ് സൃഷ്ടിച്ചത്. പകർച്ചവ്യാധി പ്രതിരോധത്തിന് ജാഗ്രത എന്ന പേരിൽ പദ്ധതി തയ്യാറാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വിവിധ വകുപ്പുകളുടേയും ഏകോപനത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. ഇങ്ങനെ പൊതുജനാരോഗ്യം മുൻനിർത്തി മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന ആരോഗ്യ വകുപ്പിന് കിട്ടിയ അംഗീകാരമാണ് ഈ നേട്ടമെന്നും മന്ത്രി അവകാശപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP