Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹസാരെയുടെ പിന്നിൽ ആയിരങ്ങൾ ഒഴുകിയെത്തുന്നു; ഉത്തമ അനുയായിയെ പോലെ കെജ്രിവാളും; ഭൂമി ഏറ്റെടുക്കൽ ബിൽ നടപ്പാക്കാനുള്ള പിടിവാശി മോദിയുടെ സമയദോഷമെന്ന് നിരീക്ഷകർ

ഹസാരെയുടെ പിന്നിൽ ആയിരങ്ങൾ ഒഴുകിയെത്തുന്നു; ഉത്തമ അനുയായിയെ പോലെ കെജ്രിവാളും; ഭൂമി ഏറ്റെടുക്കൽ ബിൽ നടപ്പാക്കാനുള്ള പിടിവാശി മോദിയുടെ സമയദോഷമെന്ന് നിരീക്ഷകർ

ന്യൂഡൽഹി: കെജ്രിവാൾ എന്ന മുൻ ബ്യൂറോക്രാറ്റിനെ ഇന്നത്തെ ജനകീയനായ ഡൽഹി മുഖ്യമന്ത്രിയാക്കുന്നതിന് നിമിത്തമായത് ഗാന്ധിയനായ അണ്ണാ ഹസാരെയാണെന്ന് നിസ്സംശയം പറയാം. കാരണം അണ്ണാഹസാരെ നയിച്ച സമരത്തിലൂടെയാണ് കെജ്രിവാൾ നാലാളറിയുന്ന നേതാവായി വളർന്നത്. ഇപ്പോഴിതാ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം കെജ്രിവാൾ തന്റെ ഗുരുവിന്റെ പോരാട്ടങ്ങളിൽ പിന്തുണയുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കൽ ബിൽ നടപ്പിലാക്കുന്നതിനെതിരെ അണ്ണാ ഹസാരെ ആരംഭിച്ച സമരത്തിന് പിന്തുണയുമായി ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഈ ബിൽ നടപ്പിലാക്കുമെന്നുള്ള പ്രധാനമന്ത്രി മോദിയുടെ പിടിവാശി അദ്ദേഹത്തിന്റെ സമയദോഷമായാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്.

പ്രസ്തുത ബിൽ ഇന്നലെ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്തമായാണ് പ്രതികരിച്ചത്. കോൺഗ്രസ് ഇതിൽ പ്രതിഷേധിച്ച് പാർലമെന്റ് വിട്ട് പോയി. അതിനിടെയാണ് അണ്ണാ ഹസാരെ ബില്ലിനെതിരെ നയിക്കുന്ന സമരത്തിന് പിന്തുണയർപ്പിച്ച് കൊണ്ട് കെജ്രിവാൾ ചൊവ്വാഴ്ച ജന്തർ മന്തറിലെ സമരവേദിയിലെത്തിയത്. ബില്ലിനെതിരെ ഹസാരെയുടേ നേതൃത്വത്തിൽ കൃഷിക്കാർ നടത്തിയ ഒരു സമരവേദിയിലാണ് കെജ്രിവാൾ എത്തിച്ചേർന്നത്. ഒരൊറ്റ രാഷ്ട്രീയക്കാരനെയും ഈ വേദി പങ്കിടാൻ അനുവദിക്കില്ലെന്ന് ഹസാരെ മുമ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അദ്ദേഹം കെജ്രിവാളിനെ സ്വീകരിച്ചിരുത്തുകയായിരുന്നു.

സ്‌റ്റേജിലേക്ക് കയറാനായി കെജ്രിവാൾ വേദിക്കരികിൽ കുറച്ച് സമയം കാത്ത് നിൽക്കുകയുമുണ്ടായി. വേദിയിൽ വച്ച് കെജ്രിവാൾ ഹസാരെയുടെ കാൽതൊട്ട് തലയിൽ വയ്ക്കുകയും ചെയ്തു. താൻ ഹസാരെയെ പിതാവിന്റെയും ഗുരുവിന്റെയും സ്ഥാനത്താണ് കാണുന്നതെന്നും ഈ സമരത്തിന് എല്ലാ പിന്തുണയുമേകിക്കൊണ്ട് കൂടെയുണ്ടെന്നും കെജ്രിവാൾ പ്രസ്താവിച്ചു. 45 മിനിറ്റ് നേരം കെജ്രിവാൾ വേദിയിൽ ചെലവഴിച്ചു. അപ്പോൾ അവിടെ ഇതിൽ ഭാഗഭാക്കാകാൻ മേധാപട്ക്കറും എത്തിയിരുന്നു.

മുഖ്യമന്ത്രിക്ക് പുറമെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മറ്റ് ആം ആദ്മി പാർട്ടി എംഎൽഎമാരും സമരസ്ഥലത്തെത്തിയിരുന്നു. പുതിയ ബിൽ നിലവിൽ വന്നാൽ കേന്ദ്രസർക്കാർ ഒരു പ്രോപ്പർട്ടി ഡീലറായി തരംതാഴുമെന്ന് സമരത്തിന് പിന്തുണയറിയിച്ച് കൊണ്ട് കെജ്രിവാൾ പ്രഖ്യാപിച്ചു. എന്നാൽ ഈ ബിൽ ആത്യന്തികമായി കർഷകർക്ക് ഗുണം ചെയ്യുമെന്നാണ് മോദി പറയുന്നത്. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ  നിർദ്ദേശങ്ങൾ പാലിച്ചാണ് പ്രസ്തുത ബില്ല് തയ്യാറാക്കിയതെന്നും പ്രധാനമന്ത്രി പറയുന്നു.

ഡൽഹി തെരഞ്ഞെടുപ്പിൽ ജനപിന്തുണ നഷ്ടപ്പെട്ട ബിജെപി ഈ അവസരത്തിൽ  വിവാദപരമായ ഈ ബിൽ നടപ്പിലാക്കാൻ ഒരുങ്ങുന്നത് മോദിയുടെ സമയദോഷമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. പൊതുവെ ബിജെപിയും സർക്കാരും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഈ സമയത്ത് പ്രസ്തുത ബിൽ പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റാനേ വഴിയൊരുക്കുകയുള്ളൂവെന്നാണവർ അഭിപ്രായപ്പെടുന്നത്. സംഘനേതാക്കൾ വിവാദപരവും വർഗീയപരവുമായ പ്രസ്താവനകൾ നടത്തുന്നതും സർക്കാരിന്റെ പ്രതിഛായ തകർക്കുന്നുണ്ട്. അതിനിടെ ഈ ബിൽ കൂടി പാസാക്കിയാൽ അത് ബിജെപിക്ക് തിരിച്ചടിയാകും. സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധി പേരാണ് പ്രസ്തുത ബില്ലിനെതിരെയുള്ള ഹസാരെയുടെ സമരത്തിൽ സജീവമായി പങ്കെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP