Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഡൽഹിക്കു പിന്നാലെ ഗുജറാത്തിലും കശ്മീരിലും ഉത്തരാഖണ്ഡിലും മാഗിക്കു നിരോധനം; വാൾമാർട്ടും മാഗി വിൽപ്പന നിർത്തി; കുർക്കുറെയും ലെയ്‌സും പരിശോധിക്കുമെന്നും അധികൃതർ

ഡൽഹിക്കു പിന്നാലെ ഗുജറാത്തിലും കശ്മീരിലും ഉത്തരാഖണ്ഡിലും മാഗിക്കു നിരോധനം; വാൾമാർട്ടും മാഗി വിൽപ്പന നിർത്തി; കുർക്കുറെയും ലെയ്‌സും പരിശോധിക്കുമെന്നും അധികൃതർ

ന്യൂഡൽഹി: സാമ്പിൾ പരിശോധനയിൽ അനുവദനീയമായതിലും കൂടുതൽ രാസവസ്തുക്കൾ കണ്ടെത്തിയതോടെ മാഗി ഉൽപ്പന്നങ്ങൾക്ക് കൂടുതൽ സംസ്ഥാനങ്ങളിൽ നിരോധനം. അളവിൽ കൂടുതൽ മായം ഉണ്ടെന്ന ആരോപണത്തെ തുടർന്ന് ഡൽഹി, ഉത്തർപ്രദേശ് സർക്കാരുകൾക്ക് പിന്നാലെ ജമ്മു കശ്മീരിലും ഗുജറാത്തിലും ഉത്തരാഖണ്ഡിലുമാണ് മാഗി നൂഡിൽസ് നിരോധിച്ചത്.

മാഗി നൂഡിൽസിന്റെ ഗുണനിലവാരം പരിശോധിച്ച് രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കേന്ദ്ര ഭക്ഷ്യസുരക്ഷാ വിഭാഗം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉദംസിങ്‌നഗർ ജില്ലയിലെ രുദ്രാപൂരിൽ പരിശോധിച്ച 54 മാഗി ന്യൂഡിൽസ് സാംപിളുകളിൽ പൗരിയിൽ നിന്ന് ശേഖരിച്ച ഒരു പാക്കറ്റിലാണ് അനുവദിക്കപ്പെട്ട അളവിൽ കവിഞ്ഞ് അജിനോമോട്ടോയും ലെഡും കണ്ടെത്തിയത്. ഇന്നു രാവിലെ തന്നെ അടിയന്തരമായി വിപണിയിൽ നിന്ന് ഉത്പന്നം പിൻവലിക്കാനാവശ്യപ്പെട്ട് സംസ്ഥാനങ്ങൾ ഉത്തരവ് പുറപ്പെടുവിച്ചു.

കഴിഞ്ഞ ദിവസം ബിഗ് ബസാർ മാഗി വിൽപ്പന നിർത്തിവച്ചിരുന്നു. ഇതിനു പിന്നാലെ വാൾമാർട്ടും മെട്രോ എജിയും മാഗി നൂഡിൽസിന്റെ വിൽപ്പന നിർത്തിവച്ചു. ഭക്ഷ്യ സുരക്ഷാ പ്രശ്‌നങ്ങൾ മുൻനിർത്തിയാണു നടപടി.

മാഗിയിൽ അനുവദിനീയമായ അളവിൽ മോണോ സോഡിയം ഗ്ലൂറ്റാമേറ്റിന്റെ അളവു കണ്ടെത്തിയതിനെത്തുടർന്ന് ഇതുമായി ബന്ധപ്പെട്ട വിവാദം പുകയുകയാണ്. 300 ഓളം പാക്കറ്റുകളാണ് ഉത്തരാഖണ്ഡിൽ പരിശോധനയ്ക്കയച്ചത്. പരിശോധനകളുടെ മുഴുവൻ ഫലവും ലഭിച്ചതിനുശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഒരു മാസത്തേക്കാണ് ഗുജറാത്തിലെ നിരോധനം. കൊൽക്കത്തയിൽ ശേഖരിച്ച സാംപിളുകളുടെ പരിശോധനഫലം ഇതുവരെ ലഭിച്ചിട്ടില്ല.

കുർക്കുറെ, ലെയ്‌സ് എന്നിവയുടെ പേരിലും പരാതി ലഭിച്ചതിനാൽ ഇവയും പരിശോധനയ്ക്ക് വിധേയമാക്കാനാണ് പശ്ചിമബംഗാളിന്റെ തീരുമാനമെന്ന് സംസ്ഥാന ഉപഭോക്തൃകാര്യമന്ത്രി സദൻ പാണ്ഡെ അറിയിച്ചു. മാഗി അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ തുടർന്ന് നെസ്‌ലെയുടെ ഓഹരി വിപണിയിൽ ആറു ശതമാനത്തോളം ഇടിഞ്ഞു. ഇന്ത്യയിലെ നെസ്‌ലെയുടെ വരുമാനത്തിന്റെ 20 ശതമാനവും മാഗി ന്യൂഡിൽസിന്റെ വിപണിയിലൂടെയാണ് കമ്പനിക്ക് ലഭിക്കുന്നത്.

മായം കലർന്നതിനെക്കുറിച്ച് അന്വേഷിച്ച് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി രാം വിലാസ് പാസ്വാൻ അറിയിച്ചു. മാഗി നൂഡിൽസിന്റെ ഗുണനിലവാരം പരിശോധിച്ച് സംസ്ഥാനങ്ങൾ റിപ്പോർട്ട് നൽകിയാലുടൻ നടപടിയെടുക്കുമെന്നും രാംവിലാസ് പാസ്വാൻ പറഞ്ഞു.

ന്യൂഡിൽസിന്റെ പരസ്യത്തിൽ അഭിനയിച്ച അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, പ്രീതി സിന്റ എന്നിവർക്കു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് നോട്ടീസയച്ചിട്ടുണ്ട്. എന്നാൽ, പരസ്യത്തിൽ അഭിനയിച്ചതിന്റെ പേരിൽ തനിക്കെതിരെ കേസെടുത്തത് വിചിത്രമാണെന്നാണ് ബോളിവുഡ് താരം പ്രീതി സിന്റ പ്രതികരിച്ചത്. 12 വർഷം മുൻപാണ് പരസ്യത്തിൽ അഭിനയിച്ചത്. ഇപ്പോഴത്തെ മാഗിക്ക് വേണ്ടി പരസ്യം ചെയ്തിട്ടില്ല. പിന്നെ എങ്ങിനെയാണ് തനിക്ക് ഉത്തരവാദിത്വമുണ്ടാവുകയെന്നാണ് പ്രീതിയുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP