Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചൈനീസ് അതിർത്തിക്ക് സമീപം കാണാതായ വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് കോഴിക്കോട് സ്വദേശി; ഫ്ലൈറ്റ് ലഫ്റ്റനന്റ് അച്ചുദേവിനെ കാണാതായതറിഞ്ഞ് മാതാപിതാക്കൾ അസമിലേക്ക് തിരിച്ചു; വനപ്രദേശത്ത് അപ്രത്യക്ഷമായ വിമാനം കണ്ടെത്താനുള്ള തീവ്രശ്രമത്തിൽ സൈന്യം

ചൈനീസ് അതിർത്തിക്ക് സമീപം കാണാതായ വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് കോഴിക്കോട് സ്വദേശി; ഫ്ലൈറ്റ് ലഫ്റ്റനന്റ് അച്ചുദേവിനെ കാണാതായതറിഞ്ഞ് മാതാപിതാക്കൾ അസമിലേക്ക് തിരിച്ചു; വനപ്രദേശത്ത് അപ്രത്യക്ഷമായ വിമാനം കണ്ടെത്താനുള്ള തീവ്രശ്രമത്തിൽ സൈന്യം

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ചൈനയുടെ അതിർത്തിക്കു സമീപം കഴിഞ്ഞ ദിവസം കാണാതായ ഇന്ത്യയുടെ സുഖോയ് വിമാനത്തിലുണ്ടായിരുന്ന രണ്ടു വൈമാനികരിലൊരാൾ മലയാളി. കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂർകുളം സ്വദേശിയായ ഫ്ലൈറ്റ് ലഫ്റ്റനന്റ് അച്ചുദേവ് (25) ആണ് കാണാതായവരിലൊരാൾ. ഉത്തരേന്ത്യക്കാരനായ സ്‌ക്വാഡ്രൻ ലീഡറാണ് മറ്റെയാൾ.

പന്നിയൂർകുളം വള്ളിക്കുന്നുപറമ്പിൽ സഹദേവന്റെയും ജയശ്രീയുടെയും മകനാണ് അച്ചുദേവ്. ഐ.എസ്.ആർ.ഒ.യിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് സഹദേവൻ. ഈ കുടുംബം ഇപ്പോൾ തിരുവനന്തപുരത്താണ് താമസം. വ്യോമാസേനാ വൃത്തങ്ങളാണ് അച്ചുദേവിനെ കാണാതായ വിവരം കുടുംബത്തെ അറിയിച്ചത്. വിവരമറിഞ്ഞ മാതാപിതാക്കൾ അസമിലെ തേസ്പുർ വ്യോമസേനാ താവളത്തിലേക്ക് തിരിച്ചിട്ടുണ്ട്.

വനപ്രദേശത്താണ് വിമാനം അപ്രത്യക്ഷമായത്. ഈ വിമാനം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് സൈന്യം. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് പരിശീലനപ്പറക്കലിനിടെ വിമാനം കാണാതായത്. രണ്ടു വൈമാനികർക്കു മാത്രം സഞ്ചരിക്കാനുള്ള സൗകര്യമാണിതിലുള്ളത്. തേസ്പുർ വ്യോമതാവളത്തിൽ നിന്ന് 60 കിലോമീറ്റർ വടക്കുകിഴക്കായി ബിശ്വനാഥ് ജില്ലയിലെ ദുബിയയ്ക്കു മുകളിൽ നിന്നാണ് അവസാന സന്ദേശം ലഭിച്ചത്.

വിമാനം കണ്ടെത്താൻ വ്യോമസേനയുടെ നാലു സംഘങ്ങളും കരസേസനയുടെ ഒൻപതു സംഘങ്ങളും സംസ്ഥാനസർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ തിരച്ചിൽ നടത്തിവരികയാണെന്ന് വ്യോമസേനാ വക്താവ് വിങ് കമാൻഡർ അനുപം ബാനർജി അറിയിച്ചു. കനത്ത മഴ തിരച്ചിലിനെ തടസ്സപ്പെടുത്തുന്നുണ്ട്. വിമാനം ഇന്ത്യയുടെ അതിർത്തി കടന്നിട്ടില്ലെന്നാണ് വ്യോമസേന കരുതുന്നത്.

റഷ്യൻ നിർമ്മിത സുഖോയ് വിമാനം 1990 കളിലാണ് വ്യോമസേനയുടെ ഭാഗമായത്. ഇതിനകം ഏഴു വിമാനങ്ങൾ തകർന്നിട്ടുണ്ട്. തേസ്പുർ വ്യോമതാവളം കേന്ദ്രമാക്കി യുദ്ധവിമാനങ്ങളുടെ രണ്ട് സ്‌ക്വാഡ്രണുകൾ ഇന്ത്യ-ചൈന അതിർത്തി കാക്കാൻ നിയോഗിച്ചിട്ടുണ്ട്.
അതിർത്തിയിൽ ഇന്ത്യയുടെ യുദ്ധവിമാനം കാണാതായതിനെക്കുറിച്ച് അറിയില്ലെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP