Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണികാ പരീക്ഷണത്തിനെതിരെ മേധ കൂടി രംഗത്ത് ഇറങ്ങിയതോടെ ജനരോഷം ശക്തമായി; ശരി തെറ്റുകൾ തിരിച്ചറിയാതെ ജനങ്ങൾ; തുരങ്കങ്ങൾ കേരള അതിർത്തിവരെ

കണികാ പരീക്ഷണത്തിനെതിരെ മേധ കൂടി രംഗത്ത് ഇറങ്ങിയതോടെ ജനരോഷം ശക്തമായി; ശരി തെറ്റുകൾ തിരിച്ചറിയാതെ ജനങ്ങൾ; തുരങ്കങ്ങൾ കേരള അതിർത്തിവരെ

ഇടുക്കി: തമിഴ്‌നാട് തേനി ജില്ലയിലെ പൊട്ടിപ്പുറത്തെ കണികാ പരീക്ഷണശാലയ്‌ക്കെതിരേ പ്രതിഷേധം ശക്തമാക്കുന്നു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ഉയർത്തിക്കാട്ടിയ പ്രശ്‌നത്തിന് പിന്തുണയുമായി കൂടുതൽ ദേശീയ നേതാക്കൾ പ്രക്ഷോഭത്തിൽ സജീവമായി. കണികാ പരീക്ഷണത്തിന് എതിരായ സമരത്തിന് പിന്തുണയുമായി പരിസ്ഥിതി പ്രവർത്തക മേധാ പട്കറുമെത്തി. കഴിഞ്ഞ ദിവസം മേധാ പട്കറെ പങ്കെടുപ്പിച്ചു നടത്തിയ റാലിയിൽ വൻ ജനപങ്കാളിത്തമായിരുന്നു.

കണികാപരീക്ഷണം കടുത്ത വരൾച്ചയ്ക്കും മണ്ണിടിച്ചിലിനും വഴിവയ്ക്കുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു റാലി. ഇതു കാർഷികമേഖലയെ ബാധിക്കുമെന്നും വൻ ദുരന്തത്തിന് ഇടവരുത്തുമെന്നും പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. 1500 കോടിയുടെ കണികാ പരീക്ഷണശാല അഞ്ചു വർഷം മുമ്പ് ആരംഭിക്കാനിരുന്നതാണ്. എന്നാൽ ജനരോഷംമൂലം പദ്ധതി തടസപ്പെടുകയായിരുന്നു. അടുത്തിടെ കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടിയതോടെയാണു പദ്ധതിക്കു വീണ്ടും സജീവമായത്.

മരങ്ങൾ വെട്ടി നശിപ്പിക്കേണ്ടതില്ല. ഇവിടേക്കുള്ള യാത്രാ സൗകര്യം വർധിപ്പിക്കും. കൃഷിയിടങ്ങൾ ഏറ്റെടുക്കില്ല. കന്നുകാലി വളർത്തലിനും തടസമുണ്ടാകില്ല. റേഡിയേഷൻ പ്രശ്‌നമില്ലാത്തതിനാൽ ഭാവി തലമുറ സുരക്ഷിതമായിരിക്കും എന്നു തുടങ്ങിയ ഉറപ്പുകൾ അധികൃതർ നൽകിയിട്ടുണ്ടെങ്കിലും അതൊന്നും പ്രതിഷേധക്കാർ മുഖവിലയ്ക്ക് എടുക്കുന്നില്ല. പൊട്ടിപ്പുറത്തെ സുരക്ഷ നടപടികൾ അപര്യാപ്തമാണെന്നു പരിസ്ഥിതി വാദികൾ വാദിക്കുന്നു. പദ്ധതി ഇടുക്കി ജില്ലയ്ക്കും ദോഷമാണെന്നാണ് വാദം. ഇടുക്കി ഡാമിന്റേയും മുല്ലപ്പെരിയാറിന്റേയും ശക്തിക്ഷയത്തിന് കാരണമാകുമെന്ന വാദവുമുണ്ട്.

ഭൗമോപരിതലത്തിൽനിന്ന് 1,300 മീറ്റർ ആഴത്തിലാണ് ന്യൂട്രീനോ കണങ്ങളുടെ സ്വഭാവസവിശേഷതകൾ നിരീക്ഷിക്കുക. ഭൗമാന്തരീക്ഷത്തിൽ ന്യൂട്രിനോകളുടെ വേർതിരിക്കൽ അസാധ്യമായതിനാലാണ് ഭൂഗർഭ പരീക്ഷണശാല നിർമ്മിക്കുന്നത്. ആണവോർജ വകുപ്പും ശാസ്ത്ര സാങ്കേതിക വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ തമിഴ്‌നാട് സർക്കാരും സഹകരിക്കുന്നുണ്ട്. പ്രോജക്ടിന്റെ ഡയറക്ടർ മുംബൈ ആസ്ഥാനമായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ പ്രഫ. നാബ മൊണ്ഡൽ ആണ്.

വിവിധ തരത്തിലുള്ള ന്യൂട്രിനോ കണങ്ങളുടെ പഠനത്തിനായി 50,000 ടൺ കാന്തിക ഇരുമ്പ് കലോറി മീറ്റർ ഡിറ്റക്ടർ(ഐ.സി.എ.എൽ) നിർമ്മിക്കും. പദ്ധതി പ്രദേശത്തിന് 110 കി.മീ. അകലെ മധുരയിൽ ഇന്റർ ഇൻസ്റ്റിറ്റിയൂഷണൽ സെന്റർ ഫോർ ഹൈ എനർജി ഫിസിക്‌സ് (ഐ.ഐ.സി.എച്ച്.ഇ.പി.) എന്ന സ്ഥാപനവും നിലവിൽ വരും.പ്രകൃതിയിൽനിന്നുള്ള ന്യൂട്രീനോ കണികയെ മതികെട്ടാൻചോലയ്ക്കു സമീപം 1300 അടി താഴ്ചയിൽ കരിമ്പാറ തുരന്ന് 2.5 കിലോമീറ്റർ നീളത്തിലാണു തുരങ്കം നിർമ്മിക്കുന്നത്. 132 മീറ്റർ നീളവും 26 മീറ്റർ വീതിയും 30 മീറ്റർ ഉയരവുമുള്ള പ്രത്യേക അറയിലായാണു പരീക്ഷണശാല ഒരുക്കുന്നത്. ഭൂഗർഭ അറയുടെ നിർമ്മാണത്തിനായി 2.25 ലക്ഷം ഘനമീറ്റർ പാറ പശ്ചിമഘട്ടത്തിൽ നിന്ന് പൊട്ടിച്ചു മാറ്റേണ്ടി വരും.

പരീക്ഷണശാലയ്ക്കു ചുറ്റുമുള്ള 66 ഏക്കർ പ്രദേശത്ത് രണ്ടു കിലോ മീറ്റർ നീളത്തിൽ വൈദ്യുതി വേലിയുടെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. പരീക്ഷണശാലയുടെ പ്രവേശന കവാടത്തിൽ പ്രത്യേക സുരക്ഷാ ഗേറ്റിന്റെയും പൊട്ടിപ്പുറം ഗ്രാമവുമായി വേർതിരിക്കുന്ന പാലത്തിന്റെയും നിർമ്മാണം പൂർത്തിയായി. 25 ലക്ഷം ലിറ്റർ ജലം ശേഖരിക്കാനുള്ള കൂറ്റൻ വാട്ടർ ടാങ്കും സ്ഥാപിച്ചു. മുല്ലപ്പെരിയാറിൽ നിന്നാണ് ജലമെത്തിക്കുക. പാറ പൊട്ടിക്കുന്നതു മുതൽ ഇവിടെനിന്നു നീക്കം ചെയ്യുന്നതുവരെ പൊടിപടലങ്ങൾ ഉണ്ടാകാതെ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യും. ജനറേറ്ററുകൾ ശബ്ദരഹിതമായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP