Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബലാത്സംഗത്തിന് വിധിക്കപ്പെട്ട മീനാക്ഷി അഭിമുഖവുമായി ലോക മാദ്ധ്യമങ്ങൾക്ക് മുൻപിൽ; ചേരികളുടെ ചിത്രങ്ങളുമായി ഇന്ത്യയെ ആക്രമിച്ചു വീണ്ടും പാശ്ചാത്യ മാദ്ധ്യമങ്ങൾ

ബലാത്സംഗത്തിന് വിധിക്കപ്പെട്ട മീനാക്ഷി അഭിമുഖവുമായി ലോക മാദ്ധ്യമങ്ങൾക്ക് മുൻപിൽ; ചേരികളുടെ ചിത്രങ്ങളുമായി ഇന്ത്യയെ ആക്രമിച്ചു വീണ്ടും പാശ്ചാത്യ മാദ്ധ്യമങ്ങൾ

ഹോദരൻ ചെയ്ത കുറ്റത്തിന് സഹോദരിമാരെ ബലാത്സംഗം ചെയ്യാൻ ഖാപ് പഞ്ചായത്ത് ഇട്ട ഉത്തരവ് തുടർച്ചയായ രണ്ടാമത്തെ ആഴ്ചയും ഇന്ത്യയ്ക്ക് കനത്ത നാണക്കേട് ഒരുക്കുകയാണ്. ബിബിസി അടക്കമുള്ള സർവ്വ പാശ്ചാത്യ മാദ്ധ്യമങ്ങളും അനവധി തവണ ഈ വാർത്ത പ്രസിദ്ധീകരിക്കുകയും ലോകം ഒരുമിച്ചു ഇന്ത്യയുടെ പേര് പറഞ്ഞ് മൂക്കത്ത് വിരൽ വയ്ക്കുകയുമാണ്.

യാതൊരു നിയമ സാധുതയും ഇല്ലാത്ത ഈ തെമ്മാടിത്തരം റദ്ദ് ചെയ്തു അതിന് ഉത്തരവിട്ടവരെ അറസ്റ്റ് ചെയ്യാൻ ഇന്ത്യൻ ഭരണാധികാരികൾ കാട്ടുന്ന അലസതയാണ് ഏറ്റവും പുതിയ നാണക്കേടിന് കാരണമായിരിക്കുന്നത്. ബലാംത്സംഗം ചെയ്യാൻ വിധിക്കപ്പെട്ട പെൺകുട്ടികളിൽ മൂത്തയാളായ മീനാക്ഷി കുമാർ വിദേശ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖവും അതിന്റെ കൂടെ ഇന്ത്യൻ ചേരികളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ച് നടത്തുന്ന അപകീർത്തിയുമാണ് ഈ നാണക്കേടിന്റെ അവസാന അടയാളം.

കീഴ്ജാതിക്കാരനായ യുവാവ് ഉന്നതജാതിയിൽപ്പെട്ട വിവാഹിതയായ സ്ത്രീയുമായി ഒളിച്ചോടിയതിനാണ് യുവാവിന്റെ രണ്ട് സഹോദരിമാരെ ബലാൽസംഗം ചെയ്യാൻ നാട്ടുകൂട്ടം വിധിച്ചത്. 23-കാരിയായ മീനാക്ഷി കുമാരിയും 15 വയസ്സുള്ള സഹോദരിയുമാണ് നാട്ടുകൂട്ടത്തിന്റെ മനുഷ്യത്വമില്ലാത്ത വിധിക്ക് മുന്നിൽ പകച്ചുനിൽക്കുന്നത്. ഭയംകൊണ്ട് തനിക്കും സഹോദരിക്കും ഉറങ്ങാൻപോലുമാകുന്നില്ലെന്ന് പറഞ്ഞ് മീനാക്ഷി ലോകമാദ്ധ്യമങ്ങൾക്കുമുന്നിൽ തങ്ങളുടെ ദൈന്യത വിവരിക്കുന്നു.

ഉത്തർപ്രദേശിലെ സാൻക്രോട്ട് എന്ന ഗ്രാമത്തിലാണ് മീനാക്ഷിയും സഹോദരിയും ജീവിച്ചിരുന്നത്. നാട്ടുകൂട്ടത്തിന്റെ വിചിത്രമായ വിധിപ്രഖ്യാപനത്തിനുശേഷം ഇരുവരും ഡൽഹിയിലെ ഒരു അജ്ഞാത കേന്ദ്രത്തിലാണുള്ളത്. തനിക്കും സഹോദരിക്കും ഗ്രാമത്തിലേക്കും സ്വന്തം വീട്ടിലേക്കും എന്നെങ്കിലും മടങ്ങാനാവുമോ എന്ന് മീനാക്ഷി ചോദിക്കുന്നു. തിരികെച്ചെന്നാൽ, ഗ്രാമത്തിലുള്ളവർ തന്നെയും സഹോദരിയെയും കൂട്ടബലാൽസംഗം ചെയ്തുകൊല്ലുമെന്നും അവർ ഭയപ്പെടുന്നു.

ഒരു വിവാഹത്തിൽ പങ്കെടുക്കാൻ വീട്ടുകാർക്കൊപ്പം എത്തിയപ്പോഴാണ് അയൽക്കാരൻ വിളിച്ച് നാട്ടുകൂട്ടത്തിന്റെ വിധിയെക്കുറിച്ച് പറയുന്നത്. ഗ്രാമത്തിലേക്ക് തിരിച്ചുചെല്ലരുതെന്നും അയൽക്കാരൻ ഇവരോട് പറഞ്ഞു. ഇതോടെയാണ് മീനാക്ഷിയും സഹോദരിയും ഒളിവിൽപ്പോയത്. എന്നാൽ, ജാട്ട് വിഭാഗത്തിൽപ്പെട്ടവർ പ്രതികാരദാഹികളാണെന്നും അവർ ഇന്നല്ലെങ്കിൽ എപ്പോഴെങ്കിലും തന്നെയും സഹോദരിയെയും ഉപദ്രവിക്കുമെന്നും മീനാക്ഷി പറയുന്നു.

മീനാക്ഷിയുടെ ഗ്രാമത്തിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ജാട്ടുകൾക്ക് മേധാവിത്വമുള്ള ഖാപ്പ് പഞ്ചായത്താണ്. ദളിത് വിഭാഗത്തിൽപ്പെട്ടവരാണ് മീനാക്ഷിയുടെ കുടുംബം. ഇവരുടെ സഹോദരൻ രവികുമാർ ഗ്രാമത്തിലെ 21 വയസ്സുള്ള കൃഷ്ണ എന്ന ജാട്ട് വിഭാഗത്തിൽപ്പെട്ട യുവതിയുമായി പ്രേമത്തിലായിരുന്നു. കൃഷ്ണയുടെ വിവാഹം കഴിഞ്ഞെങ്കിലും, രവികുമാരും കൃഷ്ണയും ഒളിച്ചോടി. ഇതോടെ, കൃഷ്ണയുടെ കുടുംബം പ്രതികാരത്തിന് ഇറങ്ങിത്തിരിക്കുകയായിരുന്നു.
രവികുമാർ മയക്കുമരുന്നുകടത്തിയെന്ന കള്ളക്കേസ് കൊടുക്കുകയും രവിയെയും കൃഷ്ണയെയും മെയ് അവസാനം ഡൽഹിയിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അന്നുമുതൽ മീററ്റ് ജയിലിലാണ് രവികുമാർ. ജൂൺ 26-ന് രവിക്ക് ജാമ്യം ലഭിച്ചെങ്കിലും ജീവന് ഭീഷണിയുള്ളതിനാൽ, ജാമ്യം വേണ്ടെന്ന് വെക്കുകയായിരുന്നു. എന്നാൽ, ഇതുകൊണ്ടും കൃഷ്ണയുടെ കുടുംബം അടങ്ങിയില്ല. അവർ നാട്ടുകൂട്ടത്തിന് മുന്നിൽ പരാതിയുമായി എത്തുകയായിരുന്നു. ഇതോടെയാണ് ഖാപ്പ് പഞ്ചായത്ത് ചേർന്ന് മീനാക്ഷിയെയും സഹോദരിയെയും ശിക്ഷിക്കാൻ തീരുമാനിച്ചത്. സഹോദരൻ ചെയ്ത കുറ്റത്തിന് ഇവർ ശിക്ഷയ്ക്ക് അർഹരാണെന്നായിരുന്നു നാട്ടുകൂട്ടത്തിന്റെ വിധി. ഇരുവരെയും ബലാൽസംഗം ചെയ്യുകയും മുഖത്ത് കറുപ്പടിച്ച് തെരുവിലൂടെ നഗ്നരാക്കി നടത്തുകയും വേണമെന്നായിരുന്നു വിധി. 

മീനാക്ഷിയുടെ മൂത്ത സഹോദരൻ സുമിത് കുമാർ ഡൽഹി പൊലീസിൽ കോൺസ്റ്റബിളാണ്. തന്റെ സഹോദരിമാർക്കുണ്ടായ ദുര്യോഗം സുമിത്തിനെയും വല്ലാതെ തളർത്തിയിട്ടുണ്ട്. യാതൊരു നിയമസാധുതയുമില്ലാത്ത ഈ പൈശാചികമായ വിധി പുറപ്പെടുവിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയുമെങ്കിലും, തന്റെ സഹോദരിമാരുടെ സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് സുമിത്തും കരുതുന്നു. 7000-ത്തോളം ജാട്ടുകളുള്ള ഗ്രാമത്തിൽ വെറും 250 ദളിതുകളാണുള്ളത്.
കേട്ടുകേൾവിയില്ലാത്ത ഈ നീതിനിഷേധം ലോകമാദ്ധ്യമങ്ങളിൽ വലിയ വാർത്തയായിട്ടും കേന്ദ്രത്തിലെയോ ഉത്തർപ്രദേശിലെയോ സർക്കാരുകൾ അതിനെതിരെ ചെറുവിരൽപോലും അനക്കിയിട്ടില്ല എന്നതാണ് വിചിത്രം. സ്ത്രീ സുരക്ഷയിൽ പണ്ടേ ഏറെ പഴികേട്ടിട്ടുള്ള ഇന്ത്യയ്ക്ക് ഈ സംഭവവും ലോകമാദ്ധ്യമങ്ങളിൽ വലിയ നാണക്കേടാണ് സമ്മാനിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP