സഖ്യകരാർ പ്രകാരം ഭരണം നടത്തിയെന്ന് മെഹ്ബൂബ മുഫ്തി; സ്വന്തം നീക്കങ്ങളെ നിരാകരിച്ച് മൃദുസമീപനം എന്ന് ആരോപണം വിഷമകരം; കാശ്മീരിലെ പി.ഡി.പി-ബിജെപി സഖ്യം തകർത്തത് പിഡിപിയെന്ന് അമിത് ഷായുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ മുഖ്യമന്ത്രി
June 24, 2018 | 08:12 PM IST | Permalink

സ്വന്തം ലേഖകൻ
ശ്രീനഗർ: ജമ്മു കാശ്മീരിലെ ബിജെപി- പിഡിപി സഖ്യം തകർന്നതിന് പിന്നാലെ അമിത്ഷായുടെ വിമർശനത്തിന് മറുപടിയുമായി മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. സഖ്യം രൂപീകരിച്ചപ്പോൾ ഒപ്പിട്ട കരാർ പ്രകാരം മാത്രമാണ് താൻ തീരുമാനങ്ങൾ കൈകൊണ്ടിരുന്നതെന്ന് മെഹ്ബൂബ പറഞ്ഞു. മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയ ബിജെപി എംഎൽഎ ചൗധരി ലാൽ സിങ്ങിന്റെ കാര്യത്തിൽ ബിജെപി എന്തു തീരുമാനമാണ് കൈക്കൊള്ളുന്നതെന്ന് മെഹ്ബൂബ ചോദിച്ചു.
മുൻ സഖ്യകക്ഷിയായ ബിജെപി ഒരുപാട് തെറ്റായ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ബിജെപി നേതാവ് രാം മാധവ് തയാറാക്കി കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് അംഗീകരിച്ച സഖ്യത്തിന്റെ അജണ്ടയിൽ നിന്നും പി.ഡി.പി ഒട്ടും മാറിയിട്ടില്ല. സ്വന്തം നീക്കങ്ങളെ നിരാകരിച്ച് മൃദുസമീപനം എന്ന് ആരോപണം വിഷമകരമാണെന്നും മെഹ്ബൂബ ട്വീറ്റ് ചെയ്തു.
ജമ്മുവിനോടും ലഡാക്കിനോടും സർക്കാർ വിവേചനം കാണിച്ചെന്ന ആരോപണത്തിൽ വാസ്തവമില്ല. ഏറെ നാളുകളായി താഴ്‌വരയിൽ ഉണ്ടാവുന്ന കലാപങ്ങളിലും 2014ലെ വെള്ളപ്പൊക്കത്തിലുണ്ടായ നാശനഷ്ടങ്ങളിലും കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടായിരുന്നു. എന്ന് കരുതി വികസനത്തിൽ പിന്നാക്കം പോയെന്ന് പറയുന്നതിൽ കഴമ്പില്ലെന്നും മെഹ്ബൂബ വ്യക്തമാക്കി.
കത്വ ബലാൽസംഘത്തെ അനുകൂലിച്ച മന്ത്രിമാരെ നീക്കം ചെയ്യുകയും ഗുജ്ജാർ, ബക്കർവാൾ സമുദായങ്ങളെ അധിക്ഷേപിക്കരുതെന്ന് കാണിച്ച് ഉത്തരവിട്ടതുമെല്ലാം മുഖ്യമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തമായിരുന്നു. ഇരു സമുദായങ്ങൾക്കും സുരക്ഷ നൽകുക എന്നത് മുഖ്യമന്ത്രിയുടെ ചുമതലയാണെന്നും മെഹ്ബൂബ മുഫ്തി ചൂണ്ടിക്കാട്ടി.
