Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യദ്രോഹികളെ എല്ലാം തൂക്കിലേറ്റാൻ താൽപ്പര്യം കാട്ടി ഒരു ആരാച്ചാർ; കസബിനു കുരുക്കിട്ട ആരാച്ചാർ തന്നെ മേമനും കുരുക്ക് മുറുക്കി; വിവരങ്ങൾ രഹസ്യമാക്കി വച്ച് ജയിൽ അധികാരികൾ

മുംബൈ: ആരാണ് യാക്കൂബ് മേമനെ തൂക്കിക്കൊന്നത്? ആർക്കും അറിയില്ല. എന്നാൽ ഒരു സൂചനയുണ്ട്. ഇതേ അരാച്ചാർ തന്നെയാണ് മുംബൈയിലെ തീവ്രവാദ ആക്രമണത്തിലെ പ്രതി അജ്മൽ കസബിനും തൂക്കുകയർ ഒരുക്കിയത്. തീവ്രവാദികളേയും രാജ്യദ്രോഹികളേയും തൂക്കിലേറ്റുന്നതിന് ഇയാൾ എപ്പോഴും സന്നദ്ധനാണ്. ആരേയും ഭയക്കാതെ ജയിൽ അധികൃതരുടെ നിർദ്ദേശങ്ങൾ ഇയാൾ പാലിക്കും. ഭീഷണികളൊന്നും കാര്യമായെടുക്കുന്നുമില്ല. എന്നാൽ ആരാണ് ഈ വ്യക്തിയെന്ന് പുറത്തറിഞ്ഞാൽ ജീവൻ അപകടത്തിലാകുമെന്ന് പൊലീസിന് അറിയാം. അതുകൊണ്ട് ആരാച്ചാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നു.

മൂന്നു വർഷം മുൻപ് മുംബൈ ഭീകരാക്രമണക്കേസ് പ്രതി അജ്മൽ കസബിനെ യേർവാഡ ജയിലിൽ തൂക്കിലേറ്റിയ അതേ ആരാച്ചാർ അങ്ങനെ ഇന്നലെ നാഗ്പൂലുമെത്തി. ജയിൽ ചട്ടപ്രകാരം വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി പലതവണ ഡമ്മി ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ നടത്തിയിരുന്നു. മേമന്റെ വധശിക്ഷ നടപ്പാക്കുന്നതിന് നിയോഗിക്കപ്പെട്ട 20 അംഗ സംഘത്തോടൊപ്പം ഒരാഴ്ച മുൻപുതന്നെ യേർവാഡ ജയിലിൽനിന്നും ഇയാൾ നാഗ്പൂർ സെൻട്രൽ ജയിലിലെത്തിയിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

വധശിക്ഷ നിർവഹിച്ച ആരാച്ചാർക്കൊപ്പം യേർവാഡ ജയിലിൽനിന്നെത്തിച്ച മറ്റൊരാൾക്കുകൂടി വധശിക്ഷ നടപ്പാക്കുന്നതിനുള്ള പരിശീലനം കൊടുത്തിരുന്നു. തൂക്കിക്കൊല്ലുന്നതിനുള്ള കയറും മറ്റും തയാറാക്കുകയായിരുന്നു മറ്റു സംഘാംഗങ്ങളുടെ ചുമതല. കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിനു സൗകര്യമുള്ള മഹാരാഷ്ട്രയിലെ ജയിലുകളാണ് യേർവാഡയും നാഗ്പൂരും. 2012 നവംബർ 21നാണ് അജ്മൽ കസബിനെ തൂക്കിലേറ്റിയത്. കസബിനെ തൂക്കിലേറ്റിയ നടപടികൾക്ക് നേതൃത്വം നൽകിയ യേർവാഡ ജയിൽ സൂപ്രണ്ട് യോഗേഷ് ദേശായിയെ യാക്കൂബിന്റെ വധശിക്ഷാ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി മാസങ്ങൾക്ക് മുൻപുതന്നെ നാഗ്പൂർ സെൻട്രൽ ജയിലിലേക്ക് സ്ഥലം മാറ്റിയിരുന്നു. സുരക്ഷാ കാരണങ്ങളെ തുടർന്ന് യഥാർത്ഥ പേരു വെളിപ്പെടുത്താത്ത ബാബു ജലാദ് എന്ന് അറിയപ്പെടുന്ന കോൺസ്റ്റബിൾ നേരത്തെ ജയിലിലെ സൗകര്യങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തിയിരുന്നു. മേമനെ തൂക്കിലേറ്റുന്നതിന്റെ ഡമ്മി പരീക്ഷണവും ജലാദ് നടത്തി. ശിക്ഷ നടപ്പാക്കിയ ശേഷം ആരാച്ചാരെ അതീവ സുരക്ഷയിൽ മറ്റൊരിടത്തേക്ക് മാറ്റി.

മേമന്റെ വധശിക്ഷാ നടപടികൾക്കായി 22 ലക്ഷത്തിൽപരം രൂപയാണ് മഹാരാഷ്ട്ര സർക്കാർ ചെലവഴിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. പഴുതകളടച്ച് എല്ലാം ചെയ്യാനായതിൽ നാഗ്പൂർ ജയിൽ അധികാരികൾ സന്തുഷ്ടരാണ്. നാഗ്പൂരിൽ അനിഷ്ട സംഭവമൊന്നും ഉണ്ടായില്ല. അബ്ദുൾ കലാമിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനാൽ വധ ശിക്ഷ മാറ്റിവയ്ക്കുമെന്നും സൂചന വന്നു. അപ്പോഴും തയ്യറെടുപ്പുകൾ നിർത്തിയില്ല. ഈ സാഹചര്യത്തിലാണ് എല്ലാം മുറപോലെ നടന്നതും. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വധശിക്ഷ നടന്നത് 1949 നവംബർ 15നാണ്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായ ഗോഡ്‌സേയേയും അംബാലയിലെ ജയിലിലാണ് തൂക്കിക്കൊന്നത്.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വധിച്ച കേസിൽ സത്‌വന്ത് സിങ്, കേഹർ സിങ് എന്നിവരെ 1989 ജനുവരി ആറിന് തൂക്കിലേറ്റിയിരുന്നു. സ്വാതന്ത്ര്യത്തിന് മുന്പ് 1860ലാണ് ഇന്ത്യയിൽ വധശിക്ഷ ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ ഭാഗമാക്കിയത്. സ്വാതന്ത്ര്യത്തോടെ വധശിക്ഷയ്‌ക്കെതിരായ പ്രതിഷേധങ്ങളും സംവാദങ്ങളും ശക്തമായി. എന്നിട്ടും വധശിക്ഷയ്ക്ക് മോറട്ടോറിയം പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തിനെതിരെ ഇന്ത്യ 2007ൽ വോട്ട് ചെയ്തു. 2012ൽ സമാന നിലപാട് ഇന്ത്യ ആവർത്തിക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിന് ശേഷം ഇതുവരെ 50 വധശിക്ഷകൾ നടന്നു എന്നാണ് കണക്കുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP