Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്തിമ വിധി കാത്ത് ഉറങ്ങാതിരുന്ന മേമനെ വിളിച്ചുണർത്തേണ്ടി വന്നില്ല; അവസാന അത്താഴം നിരസിച്ചതായി സൂചന; തീരുമാനം അറിയിച്ചപ്പോൾ മുതൽ കണ്ണടച്ച് കൈകുത്തി കൂപ്പി പ്രാർത്ഥിച്ചു; മരണ ശേഷം തൂക്കു കയറിൽ കിടന്നത് അരമണിക്കൂർ

അന്തിമ വിധി കാത്ത് ഉറങ്ങാതിരുന്ന മേമനെ വിളിച്ചുണർത്തേണ്ടി വന്നില്ല; അവസാന അത്താഴം നിരസിച്ചതായി സൂചന; തീരുമാനം അറിയിച്ചപ്പോൾ മുതൽ കണ്ണടച്ച് കൈകുത്തി കൂപ്പി പ്രാർത്ഥിച്ചു; മരണ ശേഷം തൂക്കു കയറിൽ കിടന്നത് അരമണിക്കൂർ

നാഗ്പൂർ: സാധാരണ സംഭവങ്ങളൊന്നുമല്ല യാക്കോബ് മേമന്റെ വധ ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് ഉണ്ടായത്. പാതിരാത്രി സുപ്രീകോടതി വിഷയങ്ങൾ ഗൗരവത്തോടെ കണ്ട് ചേർന്നു. എല്ലാം പരിശോധിച്ചു ഒടുവിൽ വധ ശിക്ഷ ശരിവയ്ക്കുകയും ചെയ്തു. പുലർച്ചെ നാലേമുക്കാലോടെയാണ് ഇതെല്ലാം പൂർത്തിയായത്. യാക്കോബ് മേമന്റെ വധ ശിക്ഷയിലെ അനിശ്ചിതത്വം തീരുന്നതിന് മുമ്പു തന്നെ നാഗ്പൂർ ജയിലിൽ നടപടി ക്രമങ്ങൾ തുടങ്ങിയെന്നതാണ് യാഥാർത്ഥ്യം.

മുംബൈ സ്‌ഫോടന കേസിലെ കുറ്റവാളി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കാനുള്ള നടപടിക്രമങ്ങൾ നാഗ്പൂർ സെൻട്രൽ ജയിലിൽ ആരംഭിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് വധശിക്ഷയ്ക്കുള്ള നടപടികൾ ആരംഭിച്ചത്. രാവിലെ ഏഴിനാണ് വധശിക്ഷ നടപ്പിലാക്കുക എന്ന ഉത്തരവാണ് കോടതി നടപടികൾ പുരോഗമിക്കുമ്പോഴും ജയിൽ അധികാരികളുടെ മുന്നിലുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ നടപടികൾ തുടങ്ങാതിരിക്കാൻ കഴിയുമായിരുന്നില്ല. മേമന് അനുകൂലമായി കോടതി ഉത്തരവ് വന്നാൽ എല്ലാം നിർത്തേണ്ടി വരുമെന്ന പൂർണ്ണ ബോധ്യത്തോടെ നാഗ്പൂരിൽ കാര്യങ്ങൾ തുടങ്ങുകയായിരുന്നു. 

മേമന്റെ ദയാഹർജി രണ്ടാംവട്ടവും രാഷ്ട്രപതി തള്ളിയതിനെ തുടർന്നായിരുന്നു തൂക്കി കൊല്ലാനുള്ള തരുമാനവും അതിനുള്ള നടപടികളും നിശ്ചയിച്ചത്. ഇതേതുടർന്ന് വധശിക്ഷ നീട്ടാൻ അർധരാത്രി മേമന് വേണ്ടി ഹർജിയുമായി അദ്ദേഹത്തെ പിന്തുണക്കുന്നവർ എത്തിയപ്പോഴും ജയിലിലെ നടപടികൾ പുരോഗമിച്ചുകൊണ്ടിരുന്നു. അവസാന ഹർജി പുലർച്ചെ സുപ്രീം കോടതി തള്ളുകയും ചെയ്തു. വധശിക്ഷ നടപ്പിലാക്കുന്ന സാഹചര്യത്തിൽ നാഗ്പൂർ സെൻട്രൽ ജയിൽ കനത്ത സുരക്ഷിയിലായിരുന്നു. ജയിലിന്റെ പരിസരത്ത് നിരോധനാജ്ഞയും പുറപ്പെടുവിച്ചു. അതിന് ശേഷമാണ് മേമനെ തൂക്കിക്കൊല്ലാനുള്ള നടപടികൾ തുടങ്ങിയത്.

സുപ്രീംകോടതിയുടെ നടപടി ക്രമങ്ങളുടെ കാര്യങ്ങൾ അറിയാമായിരുന്നതിനാൽ മേമൻ ഉറങ്ങിയിരുന്നില്ല. അനുകൂല വിധി പ്രതീക്ഷിച്ച് കാത്തിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ വധ ശിക്ഷ നടപ്പാക്കുന്നതിനായി വിളിച്ചുണർത്തേണ്ടി വന്നില്ല. സമയമായപ്പോൾ ഉറങ്ങാതിരുന്ന മേമനെ ജയിൽ അധികാരികൾ വന്നു വിളിച്ചു. പിന്നെ പ്രഭാത കർമങ്ങൾക്കു ശേഷം ലഘുഭക്ഷണം. അൽപനേരത്തെ വിശ്രമത്തിനും പ്രാർത്ഥനയ്ക്കും സമയം നൽകി. തൂക്കിലേറ്റും മുൻപ് ഡോക്ടർമാരുടെ പരിശോധന. തുടർന്ന് നടപടിക്രമങ്ങൾ മജിസ്‌ട്രേട്ട് ധരിപ്പിച്ചു. ഈ സമയം കൈമുട്ടു കുത്തി പ്രാർത്ഥിച്ചു വെന്നാണ് സൂചന.

രാത്രി പത്തിന് മേമൻ നിസ്‌കരിച്ച ശേഷം പുറത്തുവന്നു. പിന്നീട് ജയിലധികൃതർ ഭക്ഷണം നൽകിയെങ്കിലും മേമൻ അത് തിരസ്‌കരിച്ചു. രാത്രി ഉറങ്ങാൻ കൂട്ടാക്കാതെ ജയിലിനുള്ളിൽ നടന്നാണ് നേരം വെളുപ്പിച്ചത്. ഇടയ്ക്ക് താൻ നൽകിയ ഹർജിയിൽ തീരുമാനമായോ എന്ന് ജയിലധികൃതരോട് ചോദിച്ചുകൊണ്ടിരുന്നു. സുപ്രീംകോടതി ഹർജി തള്ളിയെന്ന വിവരം എത്തിയതിനെ തുടർന്ന് മേമന് ധരിക്കാൻ പുതുവസ്ത്രങ്ങൾ ജയിലധികൃതർ നൽകി. അഞ്ചരയ്ക്ക് മേമനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചതായും സൂചനയുണ്ട്. കടുത്ത നിരാശയോടെയാണ് മേമൻ തൂക്കുകയറിലേക്ക് നീങ്ങിയത്. മജിസ്‌ട്രേട്ട് അടയാളം കാണിച്ച സമയത്ത് ആരാച്ചാർ കൃത്യം നിർവഹിച്ചു. ഇതോടെ നാടിനെ നടുക്കിയ മുംബൈ സ്‌ഫോടനക്കേസിലെ സൂത്രധാരിൽ പ്രധാനിയുടെ ശിക്ഷാ വിധി നടപ്പായി. തൂക്കികൊന്ന ശേഷം അരമണിക്കൂർവരെ മൃതദേഹം തൂക്കുകയറിൽ തന്നെ കിടത്തി. അതിന് ശേഷമേ ഡോക്ടർ പരിശോധിച്ചു മരണം സ്ഥിരീകരിച്ചുള്ളൂ. അതാണ് കീഴ് വഴക്കം. തുടർന്ന് ഡോക്ടർ എത്തി മൃതദേഹം പരിശോധിച്ച് മരണം സ്ഥിരീകരിച്ച് പോസ്റ്റ്‌മോർട്ടം നടത്തി.

പോസ്റ്റ്‌മോർട്ടം ജയിൽവളപ്പിൽ തന്നെ നടത്തുമെന്നായിരുന്നു ആദ്യ സൂചനയെങ്കിലും രാവിലെ ഒമ്പതുമണിയോടെ മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുനൽകി. കർശന വ്യവസ്ഥകൾ പാലിക്കാമെന്ന ഉറപ്പിന്മേലാണു നടപടി. മൃതദേഹം കൈമാറുന്നതിനുള്ള വ്യവസ്ഥകൾ മേമന്റെ കുടുംബം അംഗീകരിച്ചു. ഉച്ചയക്ക് ഒന്നോടെ എയർ ആംബുലൻസിൽ മുംബൈയിലേക്ക് കൊണ്ടുപോയി കബറടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP