Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹി ഉപമുഖ്യമന്ത്രിയും 65 ആപ്പ് എംഎൽഎമാരും ഡൽഹി പൊലീസിന്റെ കസ്റ്റഡിയിൽ; സിസോദിയയ്‌ക്കെതിരായ നടപടി മോദിയുടെ വീട്ടിലേക്കുള്ള മാർച്ച് തടയാൻ

ഡൽഹി ഉപമുഖ്യമന്ത്രിയും 65 ആപ്പ് എംഎൽഎമാരും ഡൽഹി പൊലീസിന്റെ കസ്റ്റഡിയിൽ; സിസോദിയയ്‌ക്കെതിരായ നടപടി മോദിയുടെ വീട്ടിലേക്കുള്ള മാർച്ച് തടയാൻ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 65 ആം ആദ്മി പാർട്ടി എംഎൽഎമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എഎപി എംഎൽഎ ദിനേശ് മൊഹാനിയയുടെ അറസ്റ്റിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച് നടത്തിയത്. കഴിഞ്ഞ 18 മാസത്തിനിടെ എട്ട് എഎപി എംഎൽഎമാരെയാണ് ഡൽഹി പൊലീസ് വിവിധ കേസുകളിൽപ്പെടുത്തി അറസ്റ്റ് ചെയ്തത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സിസോദിയയേയും കസ്റ്റഡിയിൽ എടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഎപി എംഎൽഎമാരെ എപ്പോഴും കണ്ടുകൊണ്ടിരിക്കണം. അതുകൊണ്ടാണ് എംഎൽഎമാരെ അറസ്റ്റ് ചെയ്യുന്നത്. മുഴുവൻ എംഎൽഎമാരെയും മോദിക്കുമുന്നിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാർച്ച് സംഘടിപ്പിച്ചതെന്ന് മനീഷ് സിസോദിയ പറഞ്ഞു. കുടിവെള്ള വിതരണത്തെക്കുറിച്ചു പരാതി പറയാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് ആം ആദ്മി പാർട്ടി എംഎൽഎ ദിനേശ് മൊഹാനിയയെ ഇന്നലെ അറസ്റ്റ് ചെയ്തത്. ആരോപണത്തെക്കുറിച്ചു വിശദീകരിക്കാൻ എംഎൽഎ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിനിടെയായിരുന്നു അറസ്റ്റ്.

ഡൽഹി മുഖ്യമന്ത്രിക്ക് എതിരായ കേന്ദ്ര സർക്കാരിന്റെ പകപോക്കലാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. അറസ്റ്റിലായ എംഎൽഎയ്ക്കു ജാമ്യവും ലഭിച്ചില്ല. പരാതി പറയാനെത്തിയ സ്ത്രീകളെ അപമാനിച്ചു എന്നും എംഎൽഎയെ തിരിച്ചറിയാത്തതിന്റെ പേരിൽ മുതിർന്ന പൗരനെ ഉപദ്രവിച്ചു എന്നുമുള്ള രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണു എംഎൽഎയെ അറസ്റ്റ് ചെയ്തത്. സൗത്ത് ഡൽഹിയിലെ ഖാൻപൂരിലുള്ള സ്വന്തം ഓഫീസിൽ വാർത്ത സമ്മേളനം നടത്തുന്നതിനിടയിലായിരുന്നു സംഭവം.

ബലമായി അറസ്റ്റ് ചെയ്തതിനു ശേഷം തെരുവിലൂടെ നടത്തിക്കൊണ്ടു പോകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചില്ല. തിങ്കളാഴ്‌ച്ച വരെ റിമാൻഡ് ചെയ്തു. എംഎൽ എയെ അറസ്റ്റ് ചെയ്തതിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രംഗതെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നു കേജ്‌രിവാൾ ആരോപിച്ചു. അടിസ്ഥനരഹിതമായ ആരോപണങ്ങളാണ് എംഎൽഎയ്ക്കു നേരെ ഉയർത്തിയതെന്നും ഇതിന് പൊലീസിനെ കുട്ടുപിടിച്ചിരിക്കുകയാണെന്നും കേജ്‌രിവാൾ പറഞ്ഞു.

രണ്ട് കേസുകളിലായി ആറ് വകുപ്പുകൾ ചേർത്താണു കേസ് എടുത്തിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് ഒരു കൂട്ടം സ്ത്രീകൾ കുടിവെള്ള പ്രശ്‌നം പരിഹരിക്കണം എന്നാവശ്യപ്പെട്ട് ജലബോർഡ് ഉപാധ്യക്ഷൻ കൂടിയായ എംഎൽഎയെ സമീപിച്ചിരുന്നു. ഇവരെ എംഎൽഎയും കൂട്ടരും ചേർന്ന് അപമാനിച്ചു എന്നും, പ്രശ്‌നം ഒത്തുതീർപ്പാക്കാൻ കൈക്കൂലി ചോദിച്ചു എന്നുമാണ് ആദ്യത്തെ കേസ്. എംഎൽഎയെ തിരിച്ചറിയാത്തതിന്റെ പേരിൽ 60 കാരന്റെ കരണത്തടിച്ചു എന്നാണ് രണ്ടാമത്തെ കേസ്. തനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ എല്ലം അടിസ്ഥാനരഹിതമാണെന്നും ഏത് അന്വേഷണത്തോടും സഹകരിക്കാൻ തയാറാണെന്നും എംഎൽഎ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP