Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ത്യ തിരിച്ചടിച്ചാൽ അത് താങ്ങാനുള്ള ശേഷി പാക്കിസ്ഥാനില്ല; സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിൽ അനാവശ്യ പ്രകോപനം അരുതെന്ന് പ്രതിരോധ മന്ത്രി ജെയ്റ്റ്‌ലി; അതിർത്തി ഗ്രാമങ്ങളിൽ നിന്നും ജനം പലായനം തുടങ്ങി: ഏത് നിമിഷവും യുദ്ധം തുടങ്ങാൻ സാധ്യത

ഇന്ത്യ തിരിച്ചടിച്ചാൽ അത് താങ്ങാനുള്ള ശേഷി പാക്കിസ്ഥാനില്ല; സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിൽ അനാവശ്യ പ്രകോപനം അരുതെന്ന് പ്രതിരോധ മന്ത്രി ജെയ്റ്റ്‌ലി; അതിർത്തി ഗ്രാമങ്ങളിൽ നിന്നും ജനം പലായനം തുടങ്ങി: ഏത് നിമിഷവും യുദ്ധം തുടങ്ങാൻ സാധ്യത

ന്യൂഡൽഹി: പാക്കിസ്ഥാന് ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകി പ്രതിരോധമന്ത്രി അരുൺ ജെയ്റ്റ്‌ലി രംഗത്തെത്തി. അതിർത്തിയിൽ പാക്കിസ്ഥാൻ അനാവശ്യമായ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ഇന്ത്യ തിരിച്ചടിക്കുകയാണെങ്കിൽ പാക്കിസ്ഥാനെ അത് താങ്ങാൻ കഴിയില്ലെന്നും ജെയ്റ്റ്‌ലി മുന്നറിയിപ്പ് നൽകി. സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിൽ അനാവശ്യമായി സൃഷ്ടിക്കുന്ന പ്രകോപനം അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ തയ്യാറാകണം. ഇപ്പോഴത്തെ നിലയിലുള്ള ആക്രമണങ്ങളുമായി പാക്കിസ്ഥാൻ മുന്നോട്ടുപോകുകയാണെങ്കിൽ അതിന് അവർ തന്നെ ഉത്തരവാദികളാകുന്ന ഒരവസ്ഥ സൃഷ്ടിക്കാൻ ഇന്ത്യ നിർബന്ധിതമാകും.

അതിർത്തിയിലെ പാക് വെടിവയ്‌പ്പിനെ കുറിച്ച് പ്രതികരിക്കുന്ന പ്രതിപക്ഷ നിരയിലെ പ്രമുഖർ ചുരുങ്ങിയ പക്ഷം നമ്മുടെ സൈനികർ എവിടെയാണ് നിലകൊള്ളുന്നതെന്ന് മനസിലാക്കാനെങ്കിലും ശ്രമിക്കണമെന്ന് ജെയ്റ്റ്‌ലി അഭ്യർത്ഥിച്ചു. നേരത്തെ അതിർത്തിയിൽ ഇന്ത്യൻ ഗ്രാമീണർക്ക് നേരെ വെടിയുതിർത്ത് പാക്കിസ്ഥാൻ പ്രകോപനം തുടരുന്നതിനിടെ കനത്ത തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നതായി പ്രധാനമന്ത്രി മോദി അപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അരുൺ ജെയ്റ്റ്‌ലിയും ശക്തമായ ഭാഷയിൽ പാക്കിസ്ഥാന് താക്കീത് നൽകിയത്.

ഇതോടെ അതിർത്തിക്കപ്പുറത്തു നിന്നും നേതാക്കളും ഇന്ത്യയെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകളുമായി രംഗത്തെത്തി. ഇന്നലെയും സ്ത്രീകൾക്ക് നേരെ പാക്കിസ്ഥാൻ സൈന്യം വെടിയുതിർത്തിരുന്നു. കൂടാതെ സൈനിക പോസ്റ്റുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. ഇതോടെയാണ് കനത്ത തിരിച്ചടി നൽകാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചത്. വെടിനിർത്തുന്നതു വരെ പാക്കിസ്ഥാനുമായി ഒരു ചർച്ചയും വേണ്ടെന്നും ഇന്ത്യയുടെ ഭാഗത്തു നിന്ന് ഒരു വിട്ടുവീഴ്ചയുടെയും ആവശ്യമില്ലെന്നും പ്രധാനമന്ത്രി കർശന നിർദ്ദേശം നൽകി. ഇതോടെ അതിർത്തി തീർത്തും യുദ്ധസമാനമായി.

എട്ടു ദിവസമായി തുടരുന്ന സംഘർഷം ഇന്നലെ കൂടുതൽ രൂക്ഷമായി. 700 കിലോമീറ്റർ ദൈർഘ്യമുള്ള നിയന്ത്രണ രേഖയിലും 200 കിലോമീറ്റർ രാജ്യാന്തര അതിർത്തിയിലും പാക്കിസ്ഥാൻ വെടിവയ്പും ഷെൽ ആക്രമണവും തുടരുകയാണ്. ഇന്ത്യയുടെ 60 സൈനിക പോസ്റ്റുകൾ ഇന്നലെ ആക്രമിക്കപ്പെട്ടു. സാംബ ജില്ലയിലെ ചില്ലാരി ഗ്രാമത്തിൽ ഒരു കുടുംബത്തിലെ രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ടത്.

ഇവരിൽ ഒരാളുടെ ഭർത്താവും രണ്ടു മക്കളും ഉൾപ്പെടെ 15 പേർക്കു പരുക്കുണ്ട്. ഗ്രാമീണരെ ആക്രമിക്കുന്ന സ്ഥിവിശേഷം സംജാതമായതോടെ ഇന്ത്യയും കനത്ത തിരിച്ചടി നിൽകി. പാക്കിസ്ഥാന്റെ 70 പോസ്റ്റുകൾ ഇന്ത്യ ആക്രമിച്ചു. പാക്ക് പക്ഷത്തു മൂന്നുപേർ കൊല്ലപ്പെട്ടു. വിഷയം രാജ്യാന്തരവൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഐക്യരാഷ്ട്ര സംഘടനയുടെ സൈനിക നിരീക്ഷണ സമിതിക്കു പാക്കിസ്ഥാൻ പരാതി നൽകി. സ്ഥിതിഗതികൾ കൈവിട്ടു പോകുന്ന നില ആയതോടെ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ്, ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. അതിർത്തിയിൽ അടുത്ത നീക്കം എന്തായിരിക്കണം എന്നു ചർച്ചചെയ്യാനാണിത്.

ജമ്മു, പൂഞ്ച്, സാംബ ജില്ലകളിലായി ഈ മാസം ഒന്നു മുതൽ നടക്കുന്ന സംഘർഷത്തിൽ ഇതിനകം എട്ട് ഇന്ത്യക്കാരും ഒൻപതു പാക്കിസ്ഥാൻകാരുമാണു കൊല്ലപ്പെട്ടത്. അർധസൈനികർ ഉൾപ്പെടെ 71 ഇന്ത്യക്കാർക്കു പരുക്കേറ്റു. അതിർത്തിയിലെ ഇന്ത്യൻ ഗ്രാമങ്ങളിൽനിന്നു പതിനാറായിരത്തോളം പേർ പലായനം ചെയ്തിട്ടുണ്ട്. സംഘർഷം ചർച്ചയിലൂടെ പരിഹരിക്കാൻ ഇരു രാജ്യങ്ങളോടും ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടു. പാക്ക് പ്രകോപനത്തിനു മറുപടി നൽകാൻ സജ്ജമാണെന്ന് ഐക്യരാഷ്ട്ര സംഘടനയെ ഇന്ത്യ അറിയിച്ചു.

അതിനിടെ ഇന്ത്യയെ പ്രകോപിപ്പിച്ച് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോയും രംഗത്തെത്തി. അതിർത്തിയിൽ ഇന്ത്യ നടത്തുന്ന വെടിനിർത്തൽ കരാർ ലംഘനത്തിന് പാക്കിസ്ഥാൻ അർഹമായ തിരിച്ചടി നൽകുമെന്ന് ബിലാവൽ പറഞ്ഞു. ഗുജറാത്തിലെ ഇരകളെ പോലെയല്ല, പാക്കിസ്ഥാൻ തിരിച്ചു പ്രതികാരം ചെയ്യുമെന്ന് മോദി തിരിച്ചറിയണമെന്നായിരുന്നു ബിലാവലിന്റെ ട്വീറ്റ്. പാക്കിസ്ഥാനോടുള്ള സമീപനത്തിൽ ഇന്ത്യ - ഇസ്രയേൽ മോഡൽ സ്വീകരിക്കുകയാണെന്നും ബിലാവൽ ട്വിറ്ററിൽ പറഞ്ഞു.

ഇപ്പോഴത്തെ പ്രകോപനത്തിന് പിന്നിൽ പാക് സൈന്യമാണെന്ന് ഇന്ത്യ ആവർത്തിച്ചിടുണ്ട്. പ്രധാനമന്ത്രി നിയോഗിച്ചതു പ്രകാരം അതിർത്തി സന്ദർശിച്ച ശേഷം കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് ഇന്ത്യൻ നിലപാട് ആവർത്തിച്ച് വ്യക്തമാക്കി. പാക്കിസ്ഥാനിൽ നിന്നു രണ്ടായിരത്തോളം തീവ്രവാദികൾ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതു തടയാൻ തികഞ്ഞ ജാഗ്രത പാലിക്കാനും അർധസൈനിക വിഭാഗങ്ങൾക്കു നിർദ്ദേശംനൽകി. നുഴഞ്ഞുകയറ്റത്തിന് അവസരം പാർത്തു തീവ്രവാദികൾ തമ്പടിച്ച വിവരം നേരത്തേ പുറത്തുവന്നിരുന്നു.

കശ്മീരിൽ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിൽ ക്രമസമാധാന നില തകർക്കാനാണു പാക്ക് തീവ്രവാദികൾ ശ്രമിക്കുന്നത്. ഉടൻ തന്നെ എല്ലാം നന്നായി കലാശിക്കുമെന്ന് അഭിപ്രായപ്പെട്ട മോദി കരസേനാമേധാവി ജനറൽ ദൽബീർ സിങ്ങുമായി സ്ഥിതിഗതികൾ ചർച്ചചെയ്തു.

അതേസമയം പാക്ക് വെടിവെയ്‌പ്പും ഇന്ത്യൻ പ്രതിരോധവും കൂടിയായപ്പോൾ അതിർത്തിയിലെ ഗ്രാമീണരാണ് ശരിക്കും ദുരിതത്തിലായത്. ആർഎസ്പുര സെക്ടിെലെ ജോധ്ഫാം, ഗുജ്ജാർ വില്ലേജുകളിൽ നിന്നും ഗ്രാമീണർ പലായനം ചെയ്യുകയാണ്. സാംബ, കത്വ, ജമ്മു എന്നിവിടങ്ങളിലെ ഗ്രാമങ്ങളിൽ രാത്രി തുടങ്ങിയ വെടിവെപ്പ് ബുധനാഴ്ച രാവിലെയും തുടർന്നു. കൈ്യ്യിൽ കിട്ടിയ വസ്തുക്കൾ എടുത്ത് കുട്ടികളെയും കൊണ്ട് പലായം ചെയ്യുകയാണ് മാതാപിതാക്കൾ.

ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്ന സാഹചര്യത്തിൽ ജമാ അത്തുദ്ദവ പോലുള്ള ഇന്ത്യാ വിരുദ്ധ ശക്തികളെ രംഗത്തിറക്കാനാണ് പാക് സേനയുടെ ശ്രമമെന്ന് റിപ്പോർട്ടുണ്ട്. അന്താരാഷ്ട്ര അതിർത്തിയിലെയും നിയന്ത്രണരേഖയിലെയും ആക്രമണങ്ങളിൽ പാക്കിസ്ഥാൻ നേരിട്ട തിരിച്ചടികൾ റിപ്പോർട്ട് ചെയ്യരുതെന്ന് പാക് സേന രാജ്യത്തെ ടി.വി. ചാനലുകളോട് നിർദ്ദേശിച്ചു.

അതേസമയം കാശ്മീർ പ്രശ്‌നത്തെ ചൊല്ലി രാഷ്ട്രീപാർട്ടികളും വിഭിന്ന അഭിപ്രായങ്ങളാണ് നടത്തുന്നത്. പാക്കിസ്ഥാനാണ് ഇന്ത്യക്കെതിരെ വെടിവെയ്‌പ്പുമായി പ്രകോപനം തുടങ്ങിയതെന്നും അത് ഇന്ത്യ അവസാനിപ്പിക്കുമെന്നും ബിജെപി പ്രസിഡന്റ് അമിത് ഷാ പറഞ്ഞപ്പോൾ അതിർത്തിയിൽ പ്രകോപനവും മരണവും ഒഴിവാക്കാൻ പാക്കിസ്ഥാൻ ഒന്നും ചെയ്യുന്നില്ലെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അതേസമയം മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ കാര്യം നോക്കാതെ കാശ്മീറിന്റെ കാര്യം ശ്രദ്ധിക്കാനാണ് പ്രധാമന്ത്രി മോദിയോട് ശിവസേന ആവശ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP