Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓർഡിനൻസുകൾ കൊണ്ട് ജനവികാരത്തെ മറികടക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ് മോദി; ഭൂമി ഏറ്റെടുക്കൽ ബില്ലിലെ കർഷക വിരുദ്ധ ഭേദഗതികൾ ഉപേക്ഷിക്കും; യുപിഎ സർക്കാരിന്റെ ബിൽ തന്നെ നടപ്പാക്കാൻ ആലോചന

ഓർഡിനൻസുകൾ കൊണ്ട് ജനവികാരത്തെ മറികടക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ് മോദി; ഭൂമി ഏറ്റെടുക്കൽ ബില്ലിലെ കർഷക വിരുദ്ധ ഭേദഗതികൾ ഉപേക്ഷിക്കും; യുപിഎ സർക്കാരിന്റെ ബിൽ തന്നെ നടപ്പാക്കാൻ ആലോചന

ന്യൂഡൽഹി: സാമ്പത്തിക പരിഷ്‌കാരനടപടികളുടെ ഭാഗമായി കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കൽ ബില്ലിലെ വിവാദമായ ആറു ഭേദഗതികൾ ഉപേക്ഷിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കർഷക വിരുദ്ധ ഭേദഗതികളാണ് മോദി സർക്കാർ ഉപേക്ഷിക്കുന്നത്. ഓർഡിനൻസ് ഇറക്കാതെ നിയമമായി തന്നെ ഇനി ബിൽ കൊണ്ടു വരാനാണ് നീക്കം. ബിൽ സംയുക്ത പാർലമെന്ററീ സമിതിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കർഷക വിരുദ്ധ ഭേദഗതികൾ തള്ളേണ്ട അവസ്ഥയിലേക്ക് മോദി സർക്കാർ എത്തിയത്.

30 അംഗ സംയുക്ത പാർലമെന്ററി സമിതിയിൽ 17 അംഗങ്ങളുടെ എതിർപ്പിനെ തുടർന്നാണിത്. ഇതോടെ 2013ൽ യു.പി.എ കൊണ്ടുവന്ന ബില്ല് അംഗീകരിക്കേണ്ട അവസ്ഥയിലായി സർക്കാർ. കർഷകവിരുദ്ധമെന്ന് ആരോപിക്കപ്പെട്ട ഭേദഗതികൾക്കെതിരെ കടുത്ത എതിർപ്പാണ് ഉയർന്നു വന്നത്. ഭേദഗതിക്കായി കഴിഞ്ഞ മാർച്ചിൽ ലോക്‌സഭയിൽ അവതരിപ്പിച്ച ബിൽ പാസായെങ്കിലും സർക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടത്. ആറ് ഭേദഗതികളാണ് വേണ്ടെന്ന് വയ്ക്കുന്നത്.

ഇന്നലെ നടന്ന സമിതിയുടെ സിറ്റിംഗിൽ എൻ.ഡി.എ ഘടകകക്ഷിയായ ശിവസേന ഉൾപ്പെടെ 17 അംഗങ്ങൾ അദ്ധ്യക്ഷൻ എസ്. എസ്. അലുവാലിയ അടക്കം 13 ബിജെപി അംഗങ്ങളെ ഒറ്റപ്പെടുത്തി. വിവാദ ഭേദഗതികളെ എതിർത്തു. വോട്ടിനിട്ടാൽ തോൽക്കുമെന്ന ഘട്ടത്തിൽ ഭേദഗതി പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. ഇന്നത്തെ സിറ്റിംഗിൽ മൂന്നു വിവാദ ഭേദഗതികൾ പരിഗണിക്കും. ഏറ്റെടുക്കുന്ന ഭൂമിയിൽ അഞ്ചു വർഷത്തിനുള്ളിൽ പദ്ധതികൾ തുടങ്ങിയില്ലെങ്കിൽ തിരിച്ചു നൽകണമെന്ന വ്യവസ്ഥ ഒഴിവാക്കിയ ഭേദഗതി ഇന്നത്തെ സിറ്റിംഗിൽ ചർച്ച ചെയ്യും. കോൺഗ്രസ്, തൃണമൂൽ, സിപിഐ(എം), എൻ.സി.പി, ജെ.ഡി.യു. എസ്‌പി, ബി.എസ്‌പി, വൈ. എസ്. ആർ.സി, ബി.ജെ.ഡി, അണ്ണാ ഡി.എം.കെ തുടങ്ങിയ കക്ഷികൾക്കൊപ്പം ടി.ഡി.പി, ശിവസേന എന്നീ എൻ.ഡി.എ ഘടകക്ഷികളും ഭേദഗതികളെ എതിർത്തു.

സ്ഥലം ഏറ്റെടുക്കൽ മൂലം നഷ്ടം സംഭവിക്കുന്ന സ്ഥലം ഉടമകൾ, വാടകക്കാർ, ഭൂമിയെ ആശ്രയിച്ചു കഴിയുന്നവർ തുടങ്ങിയവരുടെ മുൻകൂർ അനുവാദം ആവശ്യമില്ലെന്ന വ്യവസ്ഥയാണ് പിൻവലിക്കുന്നതിൽ പ്രധാനം. സ്വകാര്യ പദ്ധതികൾക്ക് 80 ശതമാനം പേരുടെയും പി.പി.പി പദ്ധതികൾക്ക് 70 ശതമാനം പേരുടെയും അനുമതി നിർബന്ധമാക്കിയ 2013ലെ ബില്ലിലെ വ്യവസ്ഥയുടെ ഭേദഗതിയായിരുന്നു ഇത്. സാമൂഹ്യ ആഘാത പഠനം ഒഴിവാക്കൽ, അഞ്ചു മേഖലകളെ മുൻ അനുമതിയിൽ നിന്ന് ഒഴിവാക്കൽ എന്നിവയും വേണ്ടെന്നു വച്ചു.

പ്രതിരോധം, ഗ്രാമീണ അടിസ്ഥാന വികസനം, ചെലവുകുറഞ്ഞ പാർപ്പിട പദ്ധതി, വ്യാവസായിക കോറിഡോർ, സാമൂഹിക അടിസ്ഥാന വികസനം എന്നിവയ്ക്ക് സ്ഥലം ഏറ്റെടുക്കാൻ പ്രത്യേക പരിഗണന. നഷ്ടം സംഭവിക്കുന്ന കുടുംബങ്ങളിൽ 70മുതൽ 80 ശതമാനം പേരുടെ അനുമതി തേടണമെന്ന നിബന്ധന ഈ മേഖലകൾക്ക് ബാധകമാവില്ല. വ്യാവസായിക കോറിഡോറുകളുടെ ഭാഗമായ റെയിൽ, റോഡ് എന്നിവയുടെ ഇരുവശത്തും ഒരു കിലോമീറ്റർ വരെ ഭൂമി ഏറ്റെടുക്കാമെന്ന വ്യവസ്ഥയും ഒഴിവാക്കും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ, ബില്ലിലെ വ്യവസ്ഥകളിൽ സ്വകാര്യ കമ്പനി എന്നതുമാറ്റി സ്വകാര്യ വസ്തു എന്നാക്കലും വേണ്ടെന്നു വയ്ക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP