Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെറുതെയല്ല സൽമാൻഖാൻ രക്ഷപ്പെട്ടത്; ബോളിവുഡ് താരത്തിന്റെ വാഹനാപകട കേസിലെ അന്വേഷണത്തിൽ 16 വീഴ്‌ച്ചകൾ സംഭവിച്ചെന്ന് തുറന്ന് പറഞ്ഞ് മുംബൈ പൊലീസ്

വെറുതെയല്ല സൽമാൻഖാൻ രക്ഷപ്പെട്ടത്; ബോളിവുഡ് താരത്തിന്റെ വാഹനാപകട കേസിലെ അന്വേഷണത്തിൽ 16 വീഴ്‌ച്ചകൾ സംഭവിച്ചെന്ന് തുറന്ന് പറഞ്ഞ് മുംബൈ പൊലീസ്

മുംബൈ: ബോളിവുഡ് താരം സൽമാൻഖാൻ പ്രതിയായ വാഹനാപകടക്കേസ് അന്വേഷിച്ചതിൽ വീഴ്ച പറ്റിയതായി മുംൈബ പൊലീസിന്റെ കുറ്റസമ്മതം. ഇത്തരം വീഴ്ചകൾ ഭാവിയിൽ ഉണ്ടാകരുതെന്ന ആമുഖത്തോടെ മുംബൈ അഡീഷനൽ പൊലീസ് കമ്മിഷണർ കെ.എം.എം. പ്രസന്ന പൊലീസ് സ്റ്റേഷനുകളിലേക്ക് അയച്ച സർക്കുലറിലാണ് ഇത് വ്യക്തമാകുന്നത്. ഇതോടെ അന്വേഷണത്തിലെ പിഴവ് മൂലമാണ് സൽമാൻ കേസിൽ നിന്ന് രക്ഷപ്പെട്ടതെന്ന് വ്യക്തമായി.

2002 സെപ്റ്റംബർ 28നു കാറപകടത്തിൽ ഒരാൾ മരിച്ച കേസിൽ, നടനൊപ്പം കാറിലുണ്ടായിരുന്ന ഗായകൻ കമാൽഖാനെ സാക്ഷിയാക്കിയില്ല, വാഹനത്തിലുണ്ടായിരുന്നവരുടെ രക്തപരിശോധന നടത്താൻ വൈകി, എഫ്‌ഐആറിൽ രണ്ടിടത്തു മാറ്റം വരുത്തിയെങ്കിലും വിശദീകരണം നൽകിയില്ല തുടങ്ങി 16 വീഴ്ചകളാണ് ഏറ്റുപറയുന്നത്. അതും ഇത്തരം വീഴ്ചകൾ ഭാവിയിൽ ഉണ്ടാകരുതെന്നാണ് പൊലീസ് സ്‌റ്റേഷനുകളോട് ആവശ്യപ്പെടുന്നത്.

സൽമാൻ ഖാൻ മദ്യപിച്ചതായി ആരോപിക്കപ്പെടുന്ന സാന്താക്രൂസിലുള്ള ബാറിലെ ബിൽ സംബന്ധിച്ച് ആവശ്യമായ തെളിവില്ല, ഇതിന് ശേഷം സൽമാൻ പോയതായി പറയുന്ന മാരിയറ്റ് ഹോട്ടലിലെ ബില്ലുകളും പിടിച്ചെടുത്തിരുന്നെങ്കിലും ഉപയോഗിച്ചില്ല. ബാറിൽ നിന്ന് സൽമാൻ എവിടേയ്ക്കാണ് പോയതെന്നത് സംബന്ധിച്ച് വ്യക്തത വരുത്താൻ ഇത് മൂലം കഴിഞ്ഞില്ലെന്നും വിമർശനം ഉയർന്നിരുന്നു. 2002 സെപ്റ്റംബർ 28ന് തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാകാൻ എത്തുകയും ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയും ചെയ്ത സൽമാനെ ഏറെ വൈകി മാത്രമാണ് രക്തസാമ്പിൾ ശേഖരിക്കാനായി ജെ.ജെ ആശുപത്രിയിൽ കൊണ്ടപോയത്.

കൊല്ലപ്പെട്ട നരൂലയുടെ രക്തമെടുത്തത് ഭാഭ ആശുപത്രിയിലായിരിയ്‌ക്കെ എന്തിനാണ് സൽമാനെ ജെ.ജെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയതെന്നത് സംബന്ധിച്ച് യാതൊരു വിശദീകരണവുമില്ലെന്നും സർക്കുലറിൽ കുറ്റപ്പെടുത്തുന്നു. 30ന് മാത്രമാണ് സൽമാന്റെ രക്ത സാമ്പിൾ ഫോറൻസിക് ലബോറട്ടറിയിൽ പരിശോധനയ്ക്കായി അയച്ചത്. ആശുപത്രിയിൽ നിന്ന് സൽമാന്റെ രക്തസാമ്പിൾ ശേഖരിച്ച് പൊലീസ് സ്റ്റേഷനിലെത്തിച്ച കോൺസ്റ്റബിളിന്റെ മൊഴിയെടുത്തില്ല. ആറ് മില്ലി ലിറ്റർ രക്തം ശേഖരിച്ചെങ്കിലും നാല് മില്ലി മാത്രമാണ് ലബോറട്ടറിയിലെത്തിയത്. ലബോറട്ടറിയിലെ ക്ലർക്കിനെ ചോദ്യം ചെയ്തില്ല.

മാത്രമല്ല വൈദ്യപരിശോധനാ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിച്ചില്ല. എഫ്.ഐ.ആറിൽ രണ്ട് സ്ഥലത്ത് മാറ്റം വരുത്തിയത് ദുരൂഹമാണ്. ഇതിനും വിശദീകരണമില്ല. മതിയായ സാക്ഷിമൊഴികളില്ല. ടയർ പൊട്ടിയതാണ് അപകടത്തിന് കാരണമായതെന്ന വാദവും പ്രതിഭാഗം ഉയർത്തിയിരുന്നു. എന്നാൽ ടയർ പരിശോധനയ്ക്കായി ലബോറട്ടറിയിലേയ്ക്ക് അയച്ചില്ല. പ്രധാന സാക്ഷികളിൽ ഒരാളായി നടൻ കമൽ ഖാനെ ലഭിക്കുമായിരുന്നിട്ടും അന്വേഷണസംഘം അതിന് ശ്രമിച്ചില്ലെന്നും സർക്കുലർ കുറ്റപ്പെടുത്തുന്നു.

സൽമാൻ ഖാനെ അഞ്ചുവർഷം തടവിനു ശിക്ഷിച്ച വിചാരണക്കോടതി വിധി ബോംബെ ഹൈക്കോടതി റദ്ദാക്കിയതിനെതിരെ മഹാരാഷ്ട്രാ സർക്കാർ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങവേയാണ് അപ്രതീക്ഷിത സർക്കുലർ. മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നായിരുന്നു കോടതി നിരീക്ഷണം. തെളിവു കിട്ടാത്തതിനു പിന്നിൽ അന്വേഷണസംഘത്തിന്റെ വീഴ്ചയാണെന്നു പറയുന്ന സർക്കുലർ പൊലീസിനുള്ളിൽ തന്നെ വലിയ ചർച്ചയായി കഴിഞ്ഞു.

വാഹനാപകട കേസിൽ സൽമാനെ കുറ്റവിമുക്തനാക്കിയ മുംബൈ ഹൈക്കോടതി വിധിയിൽ ഈ പിഴവുകൾ ചൂണ്ടിക്കാട്ടിയിരുന്നു. പൊലീസ് വരുത്തിയ പിഴവുകളാണ് കേസിൽ നിന്ന് സൽമാൻ രക്ഷപ്പെടാൻ വഴിവച്ചതെന്നായിരുന്നു കോടതി പരാമർശം. ഹൈക്കോടതി വിധിക്കെതിരെ ബാന്ദ്ര പൊലീസ് മേൽകോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണ്. ഈ പശ്ചാത്തലത്തിലാണ് പൊലീസിന് സംഭവിച്ച പിഴവുകൾ ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് കമീഷണർ സർക്കുലർ പുറപ്പെടുവിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP