Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലഭിക്കാവുന്ന ശിക്ഷയുടെ പാതിയോളം വിചാരണാ തടവുകാരായി ജയിലിൽ കഴിഞ്ഞവരെ വെറുതെ വിടാനൊരുങ്ങി കേന്ദ്രം; ജീവപര്യന്ത വധശിക്ഷകരെ വിട്ടയക്കില്ല: മോദിയുടെ നിയമ പരിഷ്‌കരണത്തിനും കയ്യടി

ലഭിക്കാവുന്ന ശിക്ഷയുടെ പാതിയോളം വിചാരണാ തടവുകാരായി ജയിലിൽ കഴിഞ്ഞവരെ വെറുതെ വിടാനൊരുങ്ങി കേന്ദ്രം; ജീവപര്യന്ത വധശിക്ഷകരെ വിട്ടയക്കില്ല: മോദിയുടെ നിയമ പരിഷ്‌കരണത്തിനും കയ്യടി

വിചാരണയും കാത്ത് രാജ്യത്തെ വിവിധ ജയിലുകളിലായി കഴിയുന്ന നിരപരാധികളടക്കമുള്ള ആയിരക്കണക്കിനു തടവുകാർക്ക് ആശ്വാസമായി കേന്ദ്ര സർക്കാർ വിചാരണ തടവുകാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. കുറ്റവാളിയാണെന്ന് കണ്ടെത്തുകയായിരുന്നെങ്കിൽ ലഭിക്കുമായിരുന്ന ശിക്ഷയുടെ പകുതി കാലം അഴിക്കുള്ളിൽ കഴിഞ്ഞവരെയാണ് അവരുടെ വിചാരണയുടെ പുരോഗതി പോലും പരിഗണിക്കാതെ വിട്ടയയ്ക്കുക. അതേസമയം ജീവപര്യന്തം തടവോ വധ ശിക്ഷയോ ലഭിക്കാവുന്ന കുറ്റത്തിന് അഴിക്കുള്ളിലായവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. രാജ്യത്തെ വിവിധയിടങ്ങളിലെ ജയിലുകളിലുള്ള 3.81 തടവുകാരിൽ 2.54 ലക്ഷം പേരും വിചാരണ തടവുകാരാണെന്നാണ് കണക്കാക്കപ്പെടുന്നത്. മൊത്തം തടവുകാരുടെ മൂന്നിൽ രണ്ടു ഭാഗം വരുമിത്. ഇവരിൽ പലരും തങ്ങൾക്ക് ലഭിക്കാവുന്ന തടവുശിക്ഷയേക്കാൾ കൂടുതൽ തടവറയിൽ കഴിയേണ്ടി വന്നവരാണ്.

തിങ്ങിനിറഞ്ഞ ജയിലുകൾ കാലിയാക്കാൻ സഹായിക്കുന്ന ഈ സർക്കാർ നീക്കം നീതിന്യായ രംഗത്തെ പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള സുപ്രധാന നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. മോദി സർക്കാരിന്റെ ആദ്യം വർഷം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതികളൊന്നാണിത്. എത്രയും വേഗം ഇതു നടപ്പിലാക്കാനാണ് സർക്കാരിന്റെ നീക്കങ്ങൾ. നിയമ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ഇതു സംബന്ധിച്ച് സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. വിചാരണ തടവുകാരുടെ മോചനത്തിനായുള്ള പദ്ധതി തയാറാക്കാൻ ഇന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗു നിയമ മന്ത്രി രവിശങ്കർ പ്രസാദും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇവരുടെ മോചനത്തിന് നിയമപരമായ ഒരു തടസങ്ങളും ഇല്ലെന്നാണ് നിയമ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്.

വിചാരണ തടവുകാരുടെ കാര്യം പുനപ്പരിശോധിക്കാനാവാശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാർക്ക് കത്തെഴുതാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ക്രിമിനൽ നടപടി ചട്ടം 436 എ വകുപ്പു പ്രകാരം ലഭിക്കാവുന്ന ശിക്ഷയുടെ പാതി കാലം പൂർത്തിയാക്കിയവരുടെ മോചനം ഉറപ്പു വരുത്തുന്നതിനാണിത്. ക്രിമിനൽ നടപടി ചട്ടത്തിൽ ഈ വകുപ്പ് ചേർത്തതിനു ശേഷം എല്ലാ ജില്ലകളിലും വിചാരണ തടവുകാരുടെ കാര്യം പരിഗണിക്കുന്നതിന് പുനപ്പരിശോധനാ സമിതികൾ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കേന്ദ്രം സംസ്ഥാന സർക്കാരുകൾക്കും ഹൈക്കോടതികൾക്കും അറിയിപ്പു നൽകിയിരുന്നു. പക്ഷേ കാര്യക്ഷമമായ നിരീക്ഷണം ഇല്ലാതെ പോയതിനാൽ ഇത് നടപ്പാക്കപ്പെട്ടില്ല.

ജില്ലാ ജഡ്ജി അധ്യക്ഷനായ സമിതിയിൽ ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് സുപ്രണ്ടും അംഗങ്ങളായിരിക്കും. വിചാരണ തടവുകാരുടെ കേസുകൾ പുനപ്പരിശോധിക്കാനും നടപടികളെടുക്കാനും ഓരോ മൂന്ന് മാസത്തെ ഇടവേളകളിൽ ഈ സമിതി യോഗം ചേരേണ്ടതും നിർബന്ധമായിരുന്നു. ജയിലുകൾ തിങ്ങി നിറയുന്നത് ഒഴിവാക്കാനും നിസാര കേസുകളിൽ അകത്തായി കാലങ്ങളോളം തടവിൽ കഴിയേണ്ടി വന്നവരുടെ മോചനം വേഗത്തിലാക്കാനും ഉദ്ദേശിച്ചായിരുന്നു ഇത്. ഈ സമിതികളുടെ ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ച് താമസിയാതെ കേന്ദ്രം സംസ്ഥാനങ്ങളോട് റിപ്പോർട്ട് തേടുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഇനിയും സമിതികൾ നിലവിൽ വന്നിട്ടില്ലാത്ത ജില്ലകളിൽ സമിതി രൂപീകരിക്കാനും ആവശ്യപ്പെടും. ഇവ നടപ്പിലാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്താൻ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരോടും സംസ്ഥാന സർക്കാരുകളോടും കേന്ദ്രം ആവശ്യപ്പെടും.      

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP