Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശീയ പണിമുടക്കിനോട് തണുപ്പൻ പ്രതികരണവുമായി കൊൽക്കത്ത; വഴിതടയലോ കടകൾ അടപ്പിക്കലോ ഇല്ല; ഓഫീസുകൾ പതിവു പോലെ പ്രവർത്തിച്ചു: അപവാദമായത് തൃണമൂൽ-സിപിഐ(എം) സംഘർഷം മാത്രം

ദേശീയ പണിമുടക്കിനോട് തണുപ്പൻ പ്രതികരണവുമായി കൊൽക്കത്ത; വഴിതടയലോ കടകൾ അടപ്പിക്കലോ ഇല്ല; ഓഫീസുകൾ പതിവു പോലെ പ്രവർത്തിച്ചു: അപവാദമായത് തൃണമൂൽ-സിപിഐ(എം) സംഘർഷം മാത്രം

കെ സി റിയാസ്

കൊൽക്കത്ത: കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചുള്ള പൊതുപണിമുടക്കിനോട് ബംഗാളിന്റെ തലസ്ഥാന നഗരിയായ കൊൽക്കത്തയിൽ തണുപ്പൻ പ്രതികരണം. ഓഫീസുകൾക്കും വാഹനങ്ങൾക്കും മുടക്കമില്ല. നിരത്തുകളിൽ വാഹനങ്ങൾ കിട്ടാതെ യാത്രക്കാർക്കോ ടൂറിസ്റ്റുകൾക്കോ ബുദ്ധിമുട്ടില്ല. വഴിതടയലോ കടകൾ അടപ്പിക്കലോ ആക്രമണങ്ങളോ ആക്രോശങ്ങളോ ഇല്ല.

പണി മുടക്കാൻ ഭരണമുന്നണിയായ തൃണമൂൽ കോൺഗ്രസും പ്രതിപക്ഷമായ സിപിഎമ്മും ഉൾപ്പെടെ പ്രബലമായ പത്തോളം രാഷ്ട്രീയ വർഗ ബഹുജന സംഘടനകളെല്ലാമുണ്ടെങ്കിലും പണിമുടക്കാനുള്ള അവകാശത്തെ പോലെത്തന്നെ പണിമുടക്കാതിരിക്കാനുള്ള സ്വാതന്ത്ര്യത്തിനും ആരും എതിരല്ല. പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊൽക്കത്ത നഗര വീഥികളിലൂടെ സി പി എമ്മിന്റെ നേതൃത്വത്തിൽ ഇടതു സംഘടനകളുടെ കൂറ്റൻ പ്രകടനം നടക്കുമ്പോൾ തന്നെയും വാഹന ഗതാഗതത്തിന് തടസ്സങ്ങളൊന്നുമില്ല.

തുറന്ന ഷോപ്പുകളും ഓഫീസുകളും അടപ്പിക്കുന്നില്ല. കാറും ബൈക്കും ലോറിയും ബസ്സും ഇവിടത്തെ നിത്യ കാഴ്ചകളായ സൈക്കിൾ റിക്ഷയും മഞ്ഞ ടാക്‌സി കാറുകളും കൃത്യമായി സർവീസ് നടത്തുന്നു. സംസ്ഥാന, ദേശീയ പാതകൾ ബന്ധിപ്പിച്ചുള്ള ട്രാം സർവീസ്, ഭൂഗർഭ റെയിൽ, മെട്രോ റെയിൽ സർവീസ് എന്നിവയും സജീവമാണ്. ഈർക്കിൾ സംഘടനകൾ പോലും ഹർത്താൽ ആഹ്വാനം ചെയ്ത് ബന്ദാക്കുന്ന കേരളത്തിന്റെ മനസ്സുമായി ബംഗാളിലെ ഇടതു മനസ്സിന് വലിയ വ്യത്യാസവും, തിരിച്ചറിവും കാണുന്നു. സർക്കാർ ഓഫീസുകളിലെ ഹാജർ നിലയിലും ഈ മാറ്റം പ്രകടമാണെന്ന് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

റോഡിൽ മാർഗതടസ്സങ്ങളുണ്ടാക്കി, പൊതുജനങ്ങളെ ബുദ്ധിമുട്ടാക്കി പൊതുപണിമുടക്കം വിജയിച്ചെന്ന് വീമ്പിളക്കുന്ന സമരവീര്യത്തോട് കൊൽക്കത്ത നഗരവാസി കൾക്ക് യോജിപ്പില്ലെന്ന് നഗരത്തിൽ വർഷങ്ങളായി റിക്ഷാ വലിക്കുന്ന മാർക്കറ്റ് റോഡിലെ മുഈനുദ്ദീൻ പറഞ്ഞു. സമരത്തിന് ഇന്നലെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് കൂടി പിന്തുണ നൽകിയിട്ടും ജനജീവിതം സ്തംഭിപ്പിക്കാനായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബംഗാളിന്റെ ഹൃദയമായ കൊൽക്കത്തയിലെ വിക്ടോറിയ രാജ്ഞിയുടെ മ്യൂസിയത്തിനു മുമ്പിലൂടെയുള്ള പ്രധാന റോസ്, കാളിഘട്ട്, പാർക്ക് വ്യു, മാർക്കറ്റ് റോഡ് തുടങ്ങിയ നിരത്തുകളിലൂടെയെല്ലാം രാവിലെ മുതലെ വാഹനങ്ങൾ ഓടി. നഗരത്തിൽ നടന്ന ബഹുജന റാലി സി പി എം ബംഗാൾ ഘടകം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ സൂർജ്യ കാന്ത മിശ്ര നേതൃത്വം നൽകി.

അതിനിടെ ബംഗാളിൽ മറ്റിടങ്ങളെ പണിമുടക്ക് സാരമായി ബാധിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും സിപിഐ(എം) തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. പ്രധാനമായും മുർഷിദാബാദിൽ സിപിഐ(എം) തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP