Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ മാഗി ന്യൂഡിൽസിനു കേന്ദ്രവും പൂട്ടിട്ടു; രാജ്യവ്യാപക നിരോധനം നെസ്‌ലെ മാഗി പിൻവലിച്ചതിനു തൊട്ടുപിന്നാലെ; പരസ്യത്തിൽ അഭിനയിച്ച അമിതാഭിനെതിരെ എഫ്‌ഐആർ

ഒടുവിൽ മാഗി ന്യൂഡിൽസിനു കേന്ദ്രവും പൂട്ടിട്ടു; രാജ്യവ്യാപക നിരോധനം നെസ്‌ലെ മാഗി പിൻവലിച്ചതിനു തൊട്ടുപിന്നാലെ; പരസ്യത്തിൽ അഭിനയിച്ച അമിതാഭിനെതിരെ എഫ്‌ഐആർ

ന്യൂഡൽഹി: ഒടുവിൽ മാഗി ന്യൂഡിൽസിന് കേന്ദ്രത്തിന്റെയും വിലക്ക്. മാഗിയുടെ ഒമ്പത് ഇനങ്ങൾ വിപണിയിൽ നിന്നു പിൻവലിക്കാൻ നിർമ്മാതാക്കളായ നെസ്‌ലെയ്ക്കു കേന്ദ്രം നിർദ്ദേശം നൽകി. സുരക്ഷിതമല്ലാത്തതും ആരോഗ്യത്തിന് ഹാനികരവുമായതിനാലാണ് വിപണിയിൽ ലഭ്യമായ നൂഡിൽസുകൾ പിൻവലിക്കാൻ നിർമ്മാതാക്കളായ നെസ്‌ലേയോട് കേന്ദ്ര ഭക്ഷ്യസുരക്ഷാ വിഭാഗം നിർദ്ദേശിച്ചത്.

മാഗിക്ക് നൽകിയ വിൽപന അനുമതി റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ പതിനഞ്ച് ദിവസത്തിനകം വിശദമാക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. മാഗി നൂഡിൽസ് സുരക്ഷിതമാണെന്ന് തെളിഞ്ഞു എന്ന് കമ്പനി സിഇഒ പോൾ ബൾക്കെ പറഞ്ഞതിന് പിന്നാലെയാണ് സർക്കാരിന്റെ ഉത്തരവ്.

അതിനിടെ, മാഗി ന്യൂഡിൽസ് പരസ്യത്തിൽ അഭിനയിച്ച അമിതാഭ് ബച്ചനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മാധുരി ദീക്ഷിത്, പ്രീതി സിന്റ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

മാഗി ന്യൂഡിൽസ് ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നു കേന്ദ്രമന്ത്രി ജെ പി നദ്ദ വ്യക്തമാക്കി. മാഗിയുടെ ഇന്ത്യയിലെ ഉൽപാദനം, വിതരണം, ഇറക്കുമതി എന്നിവയും കേന്ദ്രം നിരോധിച്ചു. ശേഷിക്കുന്ന സ്റ്റോക്കുകൾ ഉടൻ തന്നെ തിരിച്ചെടുക്കാനും കമ്പനിയോട് നിർദ്ദേശിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

മാഗിയിൽ ഉപയോഗിക്കുന്ന സോഡിയം ഗ്ലൂട്ടാമേറ്റ് സംബന്ധിച്ച വിവരങ്ങൾ കമ്പനി ഉപഭോക്താക്കളിൽ നിന്ന് മറച്ചുവച്ചു. ഇത് ലേബലിങ് നിയമങ്ങളുടെ ലംഘനമാണ്. ഇതേക്കുറിച്ച് മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനും കമ്പനിയോട് നിർദ്ദേശിച്ചു. മാഗിയുടെ പായ്ക്കറ്റിൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് ഇല്ല എന്ന സന്ദേശമാണ് കമ്പനി നൽകിയിരുന്നത്. എന്നാൽ, മാഗിയുടെ ചേരുവകളിൽ സോഡിയം ഗ്ലൂട്ടാമേറ്റിന്റെ അംശം ഉണ്ടാവാം എന്ന് നെസ്‌ലെ സിഇഒ പോൾ ബൾക്കെ രാവിലെ വ്യക്തമാക്കിയിരുന്നു. സോഡിയം ഗ്ലൂട്ടാമേറ്റ് ഇല്ല സന്ദേശം കവറിൽ നിന്ന് നീക്കം ചെയ്യുമെന്നും ബൾക്കെ പറഞ്ഞിരുന്നു.

ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ മാഗി ന്യൂഡിൽസിൽ അടങ്ങിയിട്ടുണ്ടെന്ന പരിശോധനാ ഫലങ്ങളുടെ പശ്ചാത്തലത്തിൽ വിവാദം കൊഴുക്കുകയും സംസ്ഥാനങ്ങൾ നിരോധനം ഏർപ്പെടുത്തുകയും ചെയ്തു തുടങ്ങിയതോടെയാണ് രാജ്യവ്യാപകമായി മാഗി പിൻവലവിക്കാൻ നെസ്‌ലെ തീരുമാനിച്ചത്. മാഗി നിരോധനം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പടരുമെന്ന പശ്ചാത്തലത്തിലാണ് വിപണിയിൽ നിന്നും മാഗി പിൻവലിച്ചത്.

ഉപഭോക്താക്കളുട വിശ്വാസമണ് ഏറ്റവും വലുതെന്നും നിലവിലെ വിലക്കുകളുടെ പശ്ചാതലത്തിലാണ് മാഗി പിൻവലിക്കുന്നതെന്നും ഉടൻ തന്നെ വിപണിയിലേക്ക് തിരിച്ചെത്തുമെന്നുമാണ് നേരത്തെ നെസ്ലെ വാർത്താകുറിപ്പിൽ അറിയിച്ചത്. ഇതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ നിരോധനവും എത്തിയത്.

അനുവദനീയമായതിൽ കൂടുതൽ അളവിൽ ലെഡിന്റെ അംശം കണ്ടെതിനെത്തുടർന്ന് ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി, ജമ്മു കശ്മീർ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ മാഗിയുടെ വിൽപനക്ക് വിലക്കേർപ്പെടുത്തിയിരുന്നു. കേരളത്തിലും സപ്ലൈകോവഴിയുള്ള മാഗിയുടെ വിൽപന സർക്കാർ നിരോധിച്ചിരുന്നു. കേരളത്തിൽ വിൽക്കുന്ന എല്ലാ ന്യൂഡിൽസും പരിശോധിക്കാൻ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വിഭാഗം തീരുമാനിച്ചിട്ടുണ്ട്. 

മാഗി നൂഡിൽസിന്റെ ഗുണനിലവാരം പരിശോധിച്ച് രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കേന്ദ്ര ഭക്ഷ്യസുരക്ഷാ വിഭാഗം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നിരോധനം ഭയന്നാണ് നെസ്ലേ നീക്കം നടത്തിയത്. ഉദംസിങ്‌നഗർ ജില്ലയിലെ രുദ്രാപൂരിൽ പരിശോധിച്ച 54 മാഗി ന്യൂഡിൽസ് സാംപിളുകളിൽ പൗരിയിൽ നിന്ന് ശേഖരിച്ച ഒരു പാക്കറ്റിലാണ് അനുവദിക്കപ്പെട്ട അളവിൽ കവിഞ്ഞ് അജിനോമോട്ടോയും ലെഡും കണ്ടെത്തിയത്. ഇന്നു രാവിലെ തന്നെ അടിയന്തരമായി വിപണിയിൽ നിന്ന് ഉത്പന്നം പിൻവലിക്കാനാവശ്യപ്പെട്ട് സംസ്ഥാനങ്ങൾ ഉത്തരവ് പുറപ്പെടുവിച്ചു.

കഴിഞ്ഞ ദിവസം ബിഗ് ബസാർ മാഗി വിൽപ്പന നിർത്തിവച്ചിരുന്നു. ഇതിനു പിന്നാലെ വാൾമാർട്ടും മെട്രോ എജിയും മാഗി നൂഡിൽസിന്റെ വിൽപ്പന നിർത്തിവച്ചു. ഭക്ഷ്യ സുരക്ഷാ പ്രശ്‌നങ്ങൾ മുൻനിർത്തിയാണു നടപടി. മാഗിയിൽ അനുവദിനീയമായ അളവിൽ മോണോ സോഡിയം ഗ്ലൂറ്റാമേറ്റിന്റെ അളവു കണ്ടെത്തിയതിനെത്തുടർന്ന് ഇതുമായി ബന്ധപ്പെട്ട വിവാദം പുകയുകയാണ്. 300 ഓളം പാക്കറ്റുകളാണ് ഉത്തരാഖണ്ഡിൽ പരിശോധനയ്ക്കയച്ചത്. പരിശോധനകളുടെ മുഴുവൻ ഫലവും ലഭിച്ചതിനുശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഒരു മാസത്തേക്കാണ് ഗുജറാത്തിലെ നിരോധനം.

കുർക്കുറെ, ലെയ്‌സ് എന്നിവയുടെ പേരിലും പരാതി ലഭിച്ചതിനാൽ ഇവയും പരിശോധനയ്ക്ക് വിധേയമാക്കാനാണ് പശ്ചിമബംഗാളിന്റെ തീരുമാനമെന്ന് സംസ്ഥാന ഉപഭോക്തൃകാര്യമന്ത്രി സദൻ പാണ്ഡെ അറിയിച്ചു. മാഗി അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ തുടർന്ന് നെസ്‌ലെയുടെ ഓഹരി വിപണിയിൽ ആറു ശതമാനത്തോളം ഇടിഞ്ഞു. ഇന്ത്യയിലെ നെസ്‌ലെയുടെ വരുമാനത്തിന്റെ 20 ശതമാനവും മാഗി ന്യൂഡിൽസിന്റെ വിപണിയിലൂടെയാണ് കമ്പനിക്ക് ലഭിക്കുന്നത്.

മായം കലർന്നതിനെക്കുറിച്ച് അന്വേഷിച്ച് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി രാം വിലാസ് പാസ്വാൻ അറിയിച്ചു. മാഗി നൂഡിൽസിന്റെ ഗുണനിലവാരം പരിശോധിച്ച് സംസ്ഥാനങ്ങൾ റിപ്പോർട്ട് നൽകിയാലുടൻ നടപടിയെടുക്കുമെന്നും രാംവിലാസ് പാസ്വാൻ പറഞ്ഞു.

ന്യൂഡിൽസിന്റെ പരസ്യത്തിൽ അഭിനയിച്ച അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, പ്രീതി സിന്റ എന്നിവർക്കു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് നോട്ടീസയച്ചിട്ടുണ്ട്. എന്നാൽ, പരസ്യത്തിൽ അഭിനയിച്ചതിന്റെ പേരിൽ തനിക്കെതിരെ കേസെടുത്തത് വിചിത്രമാണെന്നാണ് ബോളിവുഡ് താരം പ്രീതി സിന്റ പ്രതികരിച്ചത്. 12 വർഷം മുൻപാണ് പരസ്യത്തിൽ അഭിനയിച്ചത്. ഇപ്പോഴത്തെ മാഗിക്ക് വേണ്ടി പരസ്യം ചെയ്തിട്ടില്ല. പിന്നെ എങ്ങിനെയാണ് തനിക്ക് ഉത്തരവാദിത്വമുണ്ടാവുകയെന്നാണ് പ്രീതിയുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP