Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പൊലീസിന്റെ പട്ടികയിൽ തീവ്രവാദി; എൻഐഎ അന്വേഷണത്തിൽ നിരപരാധി; നിരപരാധിയെ പ്രതിചേർത്ത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വന്നേക്കും: പൊലീസ് ഭീകരന്മാരെ സൃഷ്ടിക്കുന്നത് ഇങ്ങനെ

പൊലീസിന്റെ പട്ടികയിൽ തീവ്രവാദി; എൻഐഎ അന്വേഷണത്തിൽ നിരപരാധി; നിരപരാധിയെ പ്രതിചേർത്ത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വന്നേക്കും: പൊലീസ് ഭീകരന്മാരെ സൃഷ്ടിക്കുന്നത് ഇങ്ങനെ

ന്യൂഡൽഹി: തീവ്രവാദിയെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ആളിനെ രണ്ടുവർഷത്തിനിപ്പുറം ദേശീയ അന്വേഷണ ഏജൻസി വെറുതെ വിട്ടു. ഡൽഹിയിൽ സ്‌ഫോടനത്തിനു പദ്ധതിയിട്ടു എന്നാരോപിച്ചു ഡൽഹി പൊലീസ് അറസ്റ്റുചെയ്ത ലിയാഖത്ത് ഷായെ ആണ് അന്വേഷണത്തിനൊടുവിൽ എൻഐഎ വെറുതെ വിട്ടത്.

ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദിയെന്ന് ആരോപിച്ചാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഹോളി ആഘോഷങ്ങളോട് അനുബന്ധിച്ച് ഡൽഹിയിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടെന്നായിരുന്നു ആരോപണം.

ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെല്ലാണ് 2013 മാർച്ച് 20ന് അറസ്റ്റു ചെയ്തത്. നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കവെ ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ വച്ചായിരുന്നു അറസ്റ്റ്. ലിയാഖത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസും ജമ്മു കാശ്മീർ പൊലീസും രണ്ട് നിലപാടുകളുമായി രംഗത്ത് വന്നത് ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. തുടർന്നാണ് കേസ് എൻഐഎയ്ക്ക് കൈമാറിയത്.

ഹോളി ദിനത്തിൽ ചാവേർ ആക്രമണം ലക്ഷ്യമിട്ടു ഡൽഹിയിലേക്കു നീങ്ങുകയാണെന്നായിരുന്നു സയ്യദ് ലിയാഖത് ഷായെ അറസ്റ്റ് ചെയ്യുമ്പോൾ ഡൽഹി പൊലീസിന്റെ അവകാശവാദം. ഷാ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജുമാ മസ്ജിദ് മേഖലയിൽനിന്നു വൻ ആയുധശേഖരവും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തതായും പറഞ്ഞു. ഒരു എകെ 56 തോക്ക്, മൂന്നു ഗ്രനേഡുകൾ, 220 ഗ്രാം സ്‌ഫോടക വസ്തു, ഒരു മെമ്മറി കാർഡ് എന്നിവയാണു പിടിച്ചെടുത്തത്. എന്നാൽ പിന്നീട് ആയുധശേഖരവുമായി ഷായ്ക്കു ബന്ധമില്ലെന്നു കണ്ടെത്തുകയായിരുന്നു.

പിടിയിലായയാളെ തീവ്രവാദിയെന്നു മുദ്ര കുത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലായിരുന്നു ഡൽഹി പൊലീസ്. ഇതിനെയാണ് എൻഐഎ അന്വേഷണം തച്ചുതകർത്തത്. ഷായെ വെറുതെ വിട്ട എൻഐഎ, ഡൽഹി പൊലീസിന് രഹസ്യ വിവരം നൽകുന്ന സബീർ ഖാൻ പത്താൻ എന്നയാളെ പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. നിരോധിത സംഘടനയായ ഹിസ്ബുൽ മുജാഹിദ്ദീന്റെ പ്രവർത്തകനാണു ഷായെന്നു വരുത്താൻ സബീർ ഖാൻ എന്നയാളാണു മുറിയിൽ ആയുധങ്ങൾ വച്ചതെന്നു പ്രത്യേക കോടതിയെ എൻഐഎ അറിയിച്ചു. ഇയാൾ ഇപ്പോൾ ഒളിവിലാണ്.

ജമ്മു സർക്കാരിന്റെ പുനരധിവാസ പദ്ധതി പ്രകാരം കീഴടങ്ങാൻ വന്നതാണെന്നാണ് പിടിയിലാകുമ്പോൾ ലിയാഖത്ത് പൊലീസിനോട് പറഞ്ഞത്. നേപ്പാളിൽ നിന്ന് കടക്കവെ കുടുംബത്തിനൊപ്പമാണ് ഡൽഹി പൊലീസ് ലിയാഖത്തിനെ അറസ്റ്റു ചെയ്തത്.

ഷായെ കുടുക്കാൻ ശ്രമിച്ച രണ്ടു ഡൽഹി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ അനുമതി ആവശ്യപ്പെട്ട് എൻഐഎ ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചിട്ടണ്ട്. , 2013 മാർച്ച് 20ന് ആണു ഡൽഹി പൊലീസിന്റെ പ്രത്യേക സംഘം ഷായെ അറസ്റ്റ് ചെയ്തത്.

ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളെ ജമ്മു-കശ്മീരിലേക്ക് അയച്ചു. പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ പ്രതികാരമായി സ്‌ഫോടനം ആസൂത്രണം ചെയ്‌തെന്നായിരുന്നു ഡൽഹി പൊലീസിന്റെ വാദം. ജമ്മു-കശ്മീർ സർക്കാരിന്റെ പുനരധിവാസ പദ്ധതി പ്രകാരം കീഴടങ്ങാനെത്തിയതാണെന്നു ഷാ പറഞ്ഞെങ്കിലും പൊലീസ് ഇതു പരിഗണിക്കാൻ തയ്യാറായില്ല.

ഡൽഹി പൊലീസ് നടപടിക്ക് എതിരെ ജമ്മു-കശ്മീരിലെ രാഷ്ട്രീയകക്ഷികൾ പ്രതിഷേധിച്ചിരുന്നു. ഇതോടെയാണ് അന്വേഷണം എൻഐഎയെ ഏൽപിച്ചത്. തൊട്ടുപിന്നാലെ സബീർ ഖാൻ ഒളിവിൽ പോകുകയും ചെയ്തു.

ഹിസ്ബുലിന്റെ ഭീകരാക്രമണ വിഭാഗമായ അൽബർഖിന്റെ മുൻ അംഗമായിരുന്നു ഷാ. അറസ്റ്റുണ്ടാവില്ലെന്നു ബന്ധുക്കൾക്ക് ഉറപ്പുനൽകിയതിന്റെ പശ്ചാത്തലത്തിലാണു കീഴടങ്ങാനായി ഷാ ഇന്ത്യയിലേക്കു വന്നത്. സശസ്ത്ര സീമാ ബലിനെ സമീപിച്ച ഷായെ, സംസ്ഥാന പൊലീസിനു കൈമാറുന്നതിനു പകരം ഡൽഹി പൊലീസിനാണു കൈമാറിയതെന്നു കുടുംബം അന്ന് ആരോപിച്ചിരുന്നു.

ഷായെ കുറ്റവിമുക്തനാക്കിയ നടപടി കശ്മീർ മുന്മുഖ്യമന്ത്രി ഒമർ അബ്ദുല്ല സ്വാഗതം ചെയ്തു. സത്യം വെളിച്ചത്തു വന്നതിൽ സന്തോഷമുണ്ടെന്നും പൊലീസും മറ്റും ഗൂഢലക്ഷ്യങ്ങൾക്കായി കശ്മീരികളെ കുടുക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP