Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നിർഭയയെ ബലാത്സംഗം ചെയ്തുകൊന്നതിനെ ന്യായീകരിച്ചുള്ള കൊലയാളിയുടെ അഭിമുഖത്തിൽ വ്യാപക പ്രതിഷേധം; അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന് വാർത്താ ചാനലുകൾക്ക് നിർദ്ദേശം: ഡോക്യുമെന്ററി സംവിധായികക്കെതിരെ ഡൽഹി പൊലീസ് കോടതിയിലേക്ക്

നിർഭയയെ ബലാത്സംഗം ചെയ്തുകൊന്നതിനെ ന്യായീകരിച്ചുള്ള കൊലയാളിയുടെ അഭിമുഖത്തിൽ വ്യാപക പ്രതിഷേധം; അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന് വാർത്താ ചാനലുകൾക്ക് നിർദ്ദേശം: ഡോക്യുമെന്ററി സംവിധായികക്കെതിരെ ഡൽഹി പൊലീസ് കോടതിയിലേക്ക്

ന്യൂഡൽഹി: ഡൽഹിയിൽ ബസിൽ അതിക്രൂരമായി ബലാത്സംഗത്തിന് ഇരയായി രാജ്യത്തിന്റെ കണ്ണുനീർതുള്ളിയായി മാറിയ നിർഭയയെ അപമാനിച്ചുകൊണ്ടുള്ള പ്രതിയുടെ അഭിമുഖത്തിലെ വിശദാംശങ്ങൾ പുറത്തുവന്നതിൽ വ്യാപക പ്രതിഷേധം. നിർഭയയെ കൊലപ്പെടുത്തിയ സംഘത്തിലെ മുകേഷ് സിങ്ങുമായി ബ്രിട്ടീഷ് ഡോക്യുമെന്ററി സംവിധായിക നടത്തിയ അഭിമുഖത്തിലാണ് വ്യാപക പ്രതിഷേധം ഉടലെടുത്തത്. നിർഭയയെ അപമാനിക്കുന്ന വിധത്തിലായിരുന്നു പ്രതിയുടെ പ്രതികരണങ്ങൾ. ബലാത്സംഗത്തിന് ഉത്തരവാദി പെൺകുട്ടി തന്നെയാണെന്നും അവൾ എതിർക്കാതെ സഹകരിച്ചിരുന്നെങ്കിൽ കൊല്ലപ്പെടില്ലായിരുന്നു എന്നുമായിരുന്നു മുക്ഷേ സിംഗിന്റെ പ്രതികരണം.

അഭിമുഖത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ ബി.ബി.സി.ക്കുവേണ്ടി തയ്യാറാക്കിയ അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന് കേന്ദ്രവാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ചൊവ്വാഴ്ച വാർത്താ ചാനലുകളോട് നിർദ്ദേശിച്ചു. മുകേഷ് സിങ് അഭിമുഖം നൽകിയതിനെക്കുറിച്ച് കേന്ദ്രം ജയിലധികൃതരുടെ റിപ്പോർട്ട് തേടി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തിഹാർ ജയിലിൽ ഡി.ജി.പി. ജനറൽ അലോക് കുമാർ വർമയെ വിളിച്ച് അതൃപ്തി അറിയിച്ചു. പ്രതിയെ ജയിലിൽ അഭിമുഖം നടത്തിയത് സർക്കാർ ഗൗരവമായി കാണുന്നതായി മന്ത്രി പാർലമെന്റിൽ അറിയിച്ചു. സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച വനിതാദിനത്തിന്റെ ഭാഗമായി ബി.ബി.സി. സംപ്രേഷണം ചെയ്യാനിരിക്കുന്ന 'ഇന്ത്യാസ് ഡോട്ടർ' എന്ന ഡോക്യുമെന്ററിയിലാണ് അഭിമുഖത്തിന്റെ പൂർണരൂപമുള്ളത്. ഡോക്യുമെന്ററി ചിത്രീകരിക്കാൻ 2013 ജൂലായിൽ ലെസ്ലീ ഉഡ്വിൻ എന്ന ബ്രിട്ടീഷ് ചലച്ചിത്രകാരിക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരുന്നു. എന്നാൽ, ഇതിലെ വ്യവസ്ഥ പ്രകാരം പ്രതികളുടെ അഭിമുഖത്തിന്റെ വീഡിയോ ജയിലധികൃതർ കണ്ട് അനുമതി നൽകേണ്ടിയിരുന്നു. ഇതുണ്ടായില്ലെന്നാണ് മന്ത്രാലയം പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. 2014ൽ ഡോക്യുമെന്ററി ബി.ബി.സി.ക്ക് കൈമാറിയ വിവരവും ലെസ്ലീ ഉഡ്വിൻ ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിരുന്നു.

അതിനിടെ ജയിൽശിക്ഷയനുഭവിക്കുന്ന പ്രതിയുമായുള്ള അഭിമുഖം പുറത്തുവിട്ടവർക്കെതിരെ നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ഡൽഹി പൊലീസും വ്യക്തമാക്കിയിട്ടുണ്ട്. അഭിമുഖത്തിന്റെ സംപ്രേഷണത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഡൽഹി പൊലീസ് കമീഷണർ ബി.എസ്. ബസ്സി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡോക്യുമെന്ററിക്കെതിരെ മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രഥമവിവര റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിയുടെ വിവാദ വിവാദ പരാമർശങ്ങൾക്കെതിരെ പെൺകുട്ടിയുടെ കുടുംബവും പ്രതിഷേധവുായി രംഗത്തത്തെി. ചെയ്ത കുറ്റത്തെ തരംതാണ രീതിയിൽ ന്യായീകരിക്കാൻ ശ്രമിക്കുന്ന പ്രതിക്ക് കടുത്ത ശിക്ഷ നൽകിയില്ലെങ്കിൽ പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തുടരുമെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാവ് പ്രതികരിച്ചു. പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതോടെയാണ് ആഭ്യന്തര മന്ത്രി നേരിട്ട് വിഷയത്തിൽ ഇടപെട്ടത്.

ബലാത്സംഗത്തിന് കാരണക്കാർ ആൺകുട്ടികളേക്കാൾ പെൺകുട്ടികളാണെന്നായിരുന്നു പ്രതി മുകേഷ് സിങ്ങിന്റെ അഭിപ്രായപ്രകടനം. രാത്രി ഒമ്പതുമണിക്കുശേഷം ചുറ്റിക്കറങ്ങുന്ന പെൺകുട്ടികളുടെ സ്വഭാവം നല്ലതല്ലെന്നും ബസ്സിൽ ബലാത്സംഗത്തിനിരയായ യുവതി നിശ്ശബ്ദമായി സഹകരിച്ചിരുന്നെങ്കിൽ അവർ കൊല്ലപ്പെടില്ലായിരുന്നെന്നുമാണ് മുകേഷ് അഭിപ്രായപ്പെട്ടത്.

'ബലാത്സംഗം ഉണ്ടാകുന്നതിന് കാരണക്കാർ ആണുങ്ങൾ അല്ല. ബലാത്സംഗം ചെയ്യപ്പെടാതിരിക്കാൻ ഉത്തരവാദിത്തം പെണ്ണുങ്ങളുടേതാണ്. ആ പെൺകുട്ടിയുടെ കൊല 'അവചാരിതമായി' സംഭവിച്ചതാണ്. ബലാത്സംഗം ചെയ്യപ്പെടുമ്പോൾ അവൾ മിണ്ടാതെ കിടന്ന് സഹകരിച്ചാൽ മതിയായിരുന്നു, അങ്ങനെയാണെങ്കിൽ കാര്യം കഴിഞ്ഞാൽ അവളെ ബസ്സിൽ നിന്നിറക്കി വിട്ടേനെ. അവളുടെ കൂടെയുള്ളവനെ മാത്രമേ തല്ലുകയുണ്ടായിരുന്നുള്ളൂ'സംഭവത്തിന് ശേഷം പെൺകുട്ടിയെ ബസിൽ നിന്നും വലിച്ചെറിയുകയായിരുന്നുവെന്നും മുകേഷ് സിങ് പറഞ്ഞു.

അതേസമയം അഭിമുഖം വിവാദമായതോടെ പ്രതികരണവുമായി ഡോക്യുമെന്ററി സംവിധായികയും രംഗത്തെത്തി. പ്രതികളുടെ ക്രൂരമനോഭാവം തന്നെ ഞെട്ടിച്ചെന്ന് ലെസ്ലി പറഞ്ഞു. അഭിമുഖം തന്റെ ആത്മാവിൽ നീക്കാനാവാത്ത വിധം ചളിപുരട്ടി. ഡോക്യുമെന്ററിയിൽ സെൻസേഷനലായി ഒന്നുമില്ല. ബലാത്സംഗത്തിനെതിരെയും ലിംഗനീതിക്കായുമുള്ള പ്രചാരണമാണ് ലക്ഷ്യംവെക്കുന്നത്. തിഹാർ ജയിലിലെ അന്നത്തെ ഡയറക്ടറുടെ അനുമതിയോടെയായിരുന്നു അഭിമുഖമെന്നും ലെസ്ലി വ്യക്കമാക്കി.

2012 ഡിസംബർ 16നാണ് ഇന്ത്യയെ ഒന്നാകെ പിടിച്ചുലച്ച ഡൽഹി കൂട്ടമാനഭംഗം നടന്നത്. തെക്കൻ ഡൽഹിയിലെ മുനിർകയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ വച്ച് പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ആറു പേർ ചേർന്ന് കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു. ജീവനു വേണ്ടി മല്ലിട്ട പെൺകുട്ടി 13 ദിവസത്തിന് ശേഷം സിംഗപ്പൂരിലെ ആശുപത്രിയിൽ വച്ച് മരണമടയുകയായിരുന്നു. കേസിലെ പ്രതികളായ രാം സിങ്, മുകേഷ് സിങ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് താക്കൂർ എന്നിവർക്ക് കോടതി വധശിക്ഷ വിധിച്ചു. പ്രായപൂർത്തിയാവാത്ത ഒരു പ്രതിയെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം മൂന്നു വർഷം ദുർഗുണ പരിഹാര പാഠശാലയിൽ അയയ്ക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP