Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷാരൂഖ് പാക് ഭീകരൻ ഹാഫിസ് സയീദിനെ പോലെയാണെന്ന് യോഗി ആദിത്യനാഥ്; ഹിന്ദുക്കൾ സിനിമ കാണാതിരുന്നാൽ ഷാരൂഖ് മറ്റു മുസ്ലിംകളെ പോലെ തെണ്ടി നടക്കേണ്ടി വന്നേനെ; അമിത് ഷായുടെ ശാസനയ്ക്ക് പുല്ലുവില കൽപ്പിച്ച് ബിജെപി എംപിയുടെ അധിക്ഷേപം

ഷാരൂഖ് പാക് ഭീകരൻ ഹാഫിസ് സയീദിനെ പോലെയാണെന്ന് യോഗി ആദിത്യനാഥ്; ഹിന്ദുക്കൾ സിനിമ കാണാതിരുന്നാൽ ഷാരൂഖ് മറ്റു മുസ്ലിംകളെ പോലെ തെണ്ടി നടക്കേണ്ടി വന്നേനെ; അമിത് ഷായുടെ ശാസനയ്ക്ക് പുല്ലുവില കൽപ്പിച്ച് ബിജെപി എംപിയുടെ അധിക്ഷേപം

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തുന്ന വിധത്തിൽ വർഗീയ പ്രസ്താവനകൾ നടത്തിയ ബിജെപി എംപിമാരെ വിളിച്ചു വരുത്തി അമിത് ഷാ ശാസിച്ചിട്ടും കാര്യങ്ങൾ നേരെയാകുന്ന മട്ടില്ല. അസഹിഷ്്ണുതക്കെതിരെ പ്രതികരിച്ച ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ വിഷം വിതറുന്ന പ്രസ്താവനകളുമായി രംഗത്തിറങ്ങിയിരിക്കയാണ് ബിജെപി നേതാക്കൾ. പാക്കിസ്ഥാൻ ഭീകരൻ ഹാഫീസ് സയീദിനോട് താരതമ്യം ചെയ്താണ് ബിജെപി നേതാവ് യോഗി ആദിത്യനാഥ് രംഗത്തെത്തിയത്.

ഷാരൂഖ് പാക് ഭീകരൻ ഹാഫിസ് സയീദിനെ പോലെയാണെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ് ആരോപിച്ചു. ഹിന്ദുക്കൾ സിനിമ കാണാതിരുന്നാൽ ഷാരൂഖ് റോഡിൽ മറ്റു മുസ്ലിംകളെ പോലെ തെണ്ടി നടക്കേണ്ടിവരുമെന്നും ആദിത്യനാഥ് പറഞ്ഞു. ഷാരൂഖിനെ വിമർശിച്ച് പുലിവാലുപിടിച്ച ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ മാപ്പു പറഞ്ഞ് രംഗത്തെത്തിയതിന് പിന്നാലെയാണ് യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. ഷാരൂഖ് ഇന്തായ വിരോധിയാണെന്നും ജീവിക്കുന്നത് ഇന്ത്യയിലാണെങ്കിലും ഷാരൂഖിന്റെ ഹൃദയം പാക്കിസ്ഥാനിലാണെന്നായിരുന്നു കൈലാഷ് വിജയവർഗിയയുടെ പരാമർശം.

ആരുടെയും വികാരം വ്രണപ്പെടുത്താനല്ല താൻ പ്രതികരിച്ചത്. ഇന്ത്യയിൽ അസഹിഷ്ണുത നിലനിൽക്കുന്നുണ്ടെങ്കിൽ അമിതാഭ് ബച്ചനോളം ജനകീയനായ നടനാകാൻ ഷാരൂഖിനാവുമായിരുന്നില്ല എന്നാണ് പറഞ്ഞത്. തന്റെ പരമാർശം ചിലർ വളച്ചൊടിച്ചെന്നും അത് ആർക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ പിൻവലിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

ഷാരൂഖ് പാക് ഏജന്റാണെന്നായിരുന്നു ബിജെപി എംപിയും വിഎച്ച്പി നേതാവുമായ സാധ്വി പ്രാച്ചിയുടെ പ്രതികരണം. രാജ്യത്ത് അസഹിഷ്ണുത വളർന്നുവരുന്നുവെന്ന് അൻപതാം പിറന്നാൾ ദിനത്തിൽ ഷാരൂഖ് പറഞ്ഞതാണ് ഹിന്ദുവാദികളെ പ്രകോപിപ്പിച്ചത്. വിദ്വേഷരാഷ്ട്രീയത്തോടുള്ള പ്രതിഷേധമായി അവാർഡുകൾ തിരിച്ചു നൽകിയവരോട് ബഹുമാനമുണ്ടെന്നും ട്വിറ്ററിന്റെ സംവാദ വേദിയായ ട്വിറ്റർ ടൗൺ ഹാളിൽ ചോദ്യങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം വിഷയം ആയുധമാക്കി കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാർക്കെതിരേ ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ ആളുടെ കുടുംബം എങ്ങിനെ പാക്കിസ്ഥാനിയായി മാറുമെന്നാണ് കോൺഗ്രസ് ചോദിച്ചത്. ഷാരൂഖ് വരുന്നത് സ്വാതന്ത്ര്യസമര സേനാനിയുടെ കുടുംബത്തിൽ നിന്നും ആണെന്നും അദ്ദേഹം പാക്കിസ്ഥാനിലേക്ക് പോകണമെന്ന് പറയുന്നവരുടെ കുടുംബത്തിൽ നിന്നും എത്രപേർ രാജ്യത്തിന് വേണ്ടി പോരാടിയെന്നും ചോദിച്ചു.

രാജ്യത്തിന് വേണ്ടി പോരാടിയ കുടുംബത്തിൽ നിന്നും വന്നയാൾ എങ്ങിനെ പാക്കിസ്ഥാനിയാകുമെന്നും സ്വന്തം കുടുംബത്തിൽ നിന്നും സമരരംഗത്ത് ഒരാൾ പോലുമില്ലാത്തവർ സ്വയം രാജ്യസ്‌നേഹികളെന്ന് വിളിക്കുകയാണെന്നും കോൺഗ്രസ് നേതാവ് റഷീദ് ആൽവി പറഞ്ഞു. ഇത്തരത്തിലുള്ള ഹിതകരമല്ലാത്ത പരാമർശങ്ങൾ നടത്തി ബിജെപി സ്വയം അവമതിക്കപ്പെടുകയാണെന്നും പറഞ്ഞു.

മത അസഹിഷ്ണുതയ്‌ക്കെതിരേ രാജ്യത്ത് പ്രതിഷേധം ഉയർത്തുന്നവരെല്ലാം പാക്കിസ്ഥാനികളാണോ? ഷാരൂഖ് മാത്രമല്ല ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് ഉടനീളം ഉള്ള അനേകർ ഈ അഭിപ്രായം പറഞ്ഞവരാണ്. പ്രതിഷേധിച്ച എല്ലാവരും പാക്കിസ്ഥാൻകാരാണോ? ആർബിഐ ഗവർണർ പാക്കിസ്ഥാനിയാണോ? ഷാരൂഖ് ഇസഌമിയായതിന്റെ പേരിൽ അദ്ദേഹത്തെ പാക്കിസ്ഥാനിയായി മുദ്രകുത്തുന്നത് അപലപനീയമാണെന്നും റഷീദ് ആൽവി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP