Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയുടെ കീഴിൽ വളരുന്ന ഇന്ത്യയോട് പ്രവാസികൾക്ക് പ്രിയം കൂടുന്നു; വിദേശ കമ്പനികളെ വെല്ലുന്ന ശമ്പളം നൽകി ഇന്ത്യൻ സ്ഥാപനങ്ങളും

മോദിയുടെ കീഴിൽ വളരുന്ന ഇന്ത്യയോട് പ്രവാസികൾക്ക് പ്രിയം കൂടുന്നു;  വിദേശ കമ്പനികളെ വെല്ലുന്ന ശമ്പളം നൽകി ഇന്ത്യൻ സ്ഥാപനങ്ങളും

മികച്ച ജോലി, ഉയർന്ന ശമ്പളം, മെച്ചപ്പെട്ട ജീവിതനിലവാരം... വിദേശത്തേയ്ക്ക് ജോലി തേടിപ്പോകുന്ന ഓരോരുത്തരുടെയും മനസ്സിലുള്ള ആഗ്രഹങ്ങൾ ഇതൊക്കെയാണ്. ആഗ്രഹിക്കുന്ന തരത്തിൽ ജീവിക്കാനുള്ള അവസരം സ്വന്തം നാട്ടിൽ കിട്ടുകയാണെങ്കിൽ, ആരെങ്കിലും കടൽ കടക്കുമോ? ഇല്ലെന്നാണ് കഴിഞ്ഞ കുറച്ചുകാലത്തിനിടെയുണ്ടായ മാറ്റങ്ങൾ തെളിയിക്കുന്നത്. ഇന്ത്യയിൽ സമീപകാലത്തുണ്ടായ സാമ്പത്തിക വളർച്ചയും വികസനവും പ്രവാസികളിൽ പലരേയും നാട്ടിലേക്ക് തിരിച്ചുവരാൻ പ്രേരിപ്പിക്കുന്നു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയും ആഗോളതലത്തിലേക്ക് ഇന്ത്യൻ കമ്പനികൾ വികാസം പ്രാപിക്കാൻ തുടങ്ങിയതും പ്രവാസികളുടെ തിരിച്ചുവരവിന് കളമൊരുക്കിയിട്ടുണ്ടെന്ന് റിക്രൂട്ട്‌മെന്റ് സ്ഥാപനമായ റൻഡ്സ്റ്റാഡ് ഇന്ത്യയുടെ സിഇഒ മൂർത്തി കെ.ഉപ്പലൂരി പറയുന്നു. ഐടി രംഗത്തുമാത്രമല്ല ഇന്ത്യക്കാരുടെ തിരിച്ചുവരവ്. ബാങ്കിങ്, ഫാർമ, ഓട്ടോ, ടെക്‌സ്‌റ്റൈൽ, ഫുഡ് പ്രോസ്സസിങ് തുടങ്ങി സമസ്ത മേഖലകളിലും മാറ്റം പ്രകടമാണ്.

വിദേശരാജ്യങ്ങളിൽ ലഭിക്കുന്നതുപോലെയുള്ള ആകർഷകമായ സേവന വേതന വ്യവസ്ഥകൾ ഇന്ത്യൻ കമ്പനികളും പിന്തുടരാൻ തുടങ്ങിയതാണ് മാറ്റത്തിന് മറ്റൊരു കാരണം. പത്തുവർഷം മുമ്പുവരെ, ജൂനിയർ, മിഡിൽ ലെവലിലുള്ള ഉദ്യോഗത്തിന് ഇന്ത്യയിൽ കിട്ടിയതിനെക്കാൾ 75 ശതമാനം കൂടുതൽ വിദേശത്ത് കിട്ടുന്ന സാഹചര്യമുണ്ടായിരുന്നു. മാനേജ്‌മെന്റ് പോസ്റ്റുകളിൽ 50 മുതൽ 60 ശതമാനം വരെ വ്യത്യാസമാണുണ്ടായിരുന്നത്. ഇപ്പോൾ ഈ വ്യത്യാസം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതും കൂടുതൽ പേരെ നാട്ടിലേക്ക് തിരിച്ചുവരാൻ പ്രേരിപ്പിക്കുന്നു.

2008-ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം ആഗോളതലത്തിലുണ്ടായ സാമ്പത്തിക അരക്ഷിതത്വവും വിദേശത്തുനിന്ന് ഒട്ടേറെപ്പേരെ നാട്ടിലേക്ക് തിരിച്ചുവരാൻ പ്രേരിപ്പിക്കുന്നുണ്ടെന്ന് റിക്രൂട്ട്‌മെന്റ് രംഗത്തുള്ളവർ പറയുന്നു. ഫിനാൻസ് ആൻഡ് ഓപ്പറേഷൻസ് മേഖലയിൽ മുമ്പ് 50 ലക്ഷം രൂപ പ്രതിവർഷ വേതനത്തിൽ ജോലി ചെയ്തിരുന്നവർ, ഇപ്പോൾ 35-40 ലക്ഷത്തിനുപോലും ജോലി ചെയ്യാൻ തയ്യാറാവുന്നു. ഇന്ത്യയിലെ സാമ്പത്തിക സുരക്ഷിതത്വമാണ് ഇവരെ ഈ വിട്ടുവീഴ്ചയ്ക്ക് പ്രേരിപ്പിക്കുന്നത്.

സാമ്പത്തിക സുരക്ഷിതത്വത്തിന് പുറമെ, മറ്റ് ജീവിത സാഹചര്യങ്ങളും ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിന് ആക്കം കൂട്ടിയിട്ടുണ്ട്. ജീവിത നിലവാരം ഉയർന്നതും താങ്ങാവുന്ന നിലയിൽ മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നതുമൊക്കെ പ്രവാസികളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. കഴിഞ്ഞ ഒന്നരവർഷത്തിനിടെയാണ് ഈ മാറ്റം കൂടുതൽ പ്രകടമായതെന്നാണ് റിക്രൂട്ട്‌മെന്റ് രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിലുള്ള വിശ്വാസവും ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP