Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയുടെ ആക്രമണം മർമ്മത്ത് തന്നെ കൊണ്ടു; ഇരുപതോളം ലഷ്‌ക്കർ ഭീകരർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഭീകര കേന്ദ്രങ്ങൾ; 2011ൽ ഇന്ത്യ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയതിന്റെ രേഖകളും പുറത്ത്; ഇൻഡോ-പാക് സൈനികർ പരസ്പ്പരം തലയറുത്തതെന്നും റിപ്പോർട്ടുകൾ

ഇന്ത്യയുടെ ആക്രമണം മർമ്മത്ത് തന്നെ കൊണ്ടു; ഇരുപതോളം ലഷ്‌ക്കർ ഭീകരർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഭീകര കേന്ദ്രങ്ങൾ; 2011ൽ ഇന്ത്യ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയതിന്റെ രേഖകളും പുറത്ത്; ഇൻഡോ-പാക് സൈനികർ പരസ്പ്പരം തലയറുത്തതെന്നും റിപ്പോർട്ടുകൾ

ന്യൂഡൽഹി: സർജിക്കൽ സ്‌ട്രൈക്കിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണം ശക്തമായിരിക്കവേയും ഇത്തരമൊരു സർജിക്കൽ സ്‌ട്രൈക്ക് ഉണ്ടായിട്ടില്ലെന്ന് പാക്കിസ്ഥാൻ അവകാശപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്തുവന്നു. നിയന്ത്രണ രേഖ കടന്ന് ഇന്ത്യ ആക്രമണം നടത്തിയെന്നത് സംബന്ധിച്ച തെളിവുകളാണ് പുറത്തുവന്നത്. നിയന്ത്രണരേഖ മറികടന്ന് പാക്ക് അധിനിവേശ കശ്മീരിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ ഏറ്റവും അധികം ഭീകരർ കൊല്ലപ്പെട്ടത് ലഷ്‌കറെ തയിബയുടേത്. റേഡിയോ സംഭാഷണം ചോർത്തിയതിൽനിന്നാണ് ലഷ്‌കറിന്റെ ഇരുപതോളം ഭീകരർ കൊല്ലപ്പെട്ടെന്ന വസ്തുത ഇന്ത്യൻ സൈന്യത്തിനു വ്യക്തമായത്.

പാക്ക് അധിനിവേശ കശ്മീരിലെ ദുഡ്‌നിയാൽ ലോഞ്ച് പാഡിൽ നിരോധിത സംഘടനയായ ലഷ്‌കറിന്റെ 10 ഭീകരരാണ് കൊല്ലപ്പെട്ടത്. വടക്കൻ കശ്മീരിലെ കുപ്‌വാര സെക്ടറിന്റെ എതിർഭാഗമാണ് ദുഡ്‌നിയാൽ ലോഞ്ച് പാഡ്. ഇന്ത്യൻ സൈന്യത്തിന്റെ അഞ്ച് സംഘങ്ങളാണ് കേൽ ആൻഡ് ദുഡ്‌നിയാലിലെ ലോഞ്ച് പാഡുകൾ ആക്രമിക്കാൻ പോയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സെപ്റ്റംബർ 27ന് അർധരാത്രിയിലായിരുന്നു ആക്രമണം.

നിയന്ത്രണരേഖയോട് 700 മീറ്റർ അടുത്ത് പാക്കിസ്ഥാൻ പോസ്റ്റിന്റെ സുരക്ഷയിൽ കഴിയുന്ന നാല് ലോഞ്ച് പാഡുകളാണ് സൈന്യം ആക്രമിച്ചത്. ഇന്ത്യൻ സൈന്യത്തിൽനിന്ന് ഇത്തരമൊരു നീക്കം ഭീകരർ പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽ ശക്തമായ തിരിച്ചടി നൽകാനായി. പകച്ചുപോയ ഭീകരർ സുരക്ഷയൊരുക്കിയിരുന്ന പാക്കിസ്ഥാൻ പോസ്റ്റിലേക്ക് ഓടി. എന്നാൽ ഇന്ത്യൻ സേന അവരെ വെടിവച്ചിട്ടെന്നും സൈന്യം തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. പുലർച്ചെയോടെതന്നെ എല്ലാ മൃതദേഹങ്ങളും സൈന്യത്തിന്റെ വാഹനങ്ങളിൽ കയറ്റി പാക്ക് അധികൃതർ സ്ഥലത്തുനിന്നു മാറ്റി.

പൂഞ്ചിന് എതിർവശമുള്ള ബൽനോയ് പ്രദേശത്തെ ലോഞ്ച് പാഡിൽ ഒൻപതു ലഷ്‌കർ ഭീകരരാണ് കൊല്ലപ്പെട്ടത്. ഇവിടെ പാക്കിസ്ഥാന്റെ 8 നോർത്തേൺ ലൈറ്റ് ഇൻഫൻട്രിയിലെ രണ്ട് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിനുശേഷം സെപ്റ്റംബർ 28ന് രാവിലെ എട്ടരയോടെ എല്ലാ റേഡിയോ സന്ദേശങ്ങളും അവസാനിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വിവിധ ഭാഗങ്ങളിൽനിന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ഭീകരർ തയ്യാറെടുത്തിരിക്കുകയാണെന്ന വിവരം രഹസ്യാന്വേഷണ വിഭാഗം കൈമാറിയിരുന്നു. ഭീകരരെല്ലാവരും ഒത്തുകൂടിയശേഷം ആക്രമണം നടത്താനായിരുന്നു ഇന്ത്യയുടെ പദ്ധതി. ഇതുവഴി നിരവധി ഭീകരരെ ഇന്ത്യൻ സൈന്യത്തിനു വധിക്കാൻ കഴിഞ്ഞു.

അതേസമയം 2011ൽ ഇന്ത്യയും പാക്കിസ്ഥാനും നടത്തിയ മറ്റൊരു മിന്നലാക്രമണത്തിന്റെ രേഖകൾ പുറത്തുവന്നിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം രാജ്യം അതിർത്തികടന്ന് നടത്തിയ ആദ്യത്തെ മിന്നലാക്രമണമാണ് ഈയിടെ നടത്തിയതെന്ന് ബിജെപി. അവകാശപ്പെടുമ്പോഴാണ് അഞ്ചുവർഷംമുമ്പ് നടന്ന ആക്രമണത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. 'ഓപ്പറേഷൻ ജിഞ്ചർ' എന്ന മിന്നലാക്രമണത്തിന്റെ രേഖകൾ 'ദ ഹിന്ദു' ദിനപ്പത്രമാണ് പുറത്തുകൊണ്ടുവന്നത്.

2011ൽ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം മിന്നലാക്രമണം നടത്തിയതിനെത്തുടർന്ന് 13 പേർ കൊല്ലപ്പെട്ടിരുന്നുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഈ മിന്നലാക്രമണങ്ങളിൽ മൂന്ന് പാക്കിസ്ഥാൻ ജവാന്മാരുടെ തല ഇന്ത്യൻ സൈന്യവും രണ്ട് ഇന്ത്യൻ സൈനികരുടെ തല പാക് പട്ടാളവും അറുത്തെടുത്തിരുന്നു. പകരത്തിനുപകരം എന്ന നിലയിലാണ് ഈ മിന്നലാക്രമണങ്ങൾ നടന്നത്. 2011ന് ജൂലായ് 30ന് പാക് സൈന്യമാണ് ആദ്യ ആക്രമണം നടത്തിയത്. കുപ്വാരയിലെ ഗഗൽധാറിൽ ഇന്ത്യൻ സൈനികപോസ്റ്റ് കടന്നെത്തിയ പാക് സൈന്യം 20 കുമയൂൺ ബറ്റാലിയനുനേരേയാണ് അപ്രതീക്ഷിത ആക്രമണം നടത്തിയത്. ഹവിൽദാർ ജയ്പാൽ സിങ് അധികാരിയുടെയും ലാൻസ് നായിക് ദേവേന്ദർ സിങ്ങിന്റെയും തലകൾ പാക് സൈന്യം അറുത്തെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ് 19 രജപുത് ബറ്റാലിയനിലെ ഒരു ജവാൻ പിന്നീട് മരിച്ചു. അറുത്തെടുത്ത തലകൾ പാക് സൈന്യം പൊതുവേദിയിൽ പ്രദർശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പിന്നീട് ഇന്ത്യൻ സൈന്യത്തിന് ലഭിച്ചു.

ഇതിന് മറുപടിയെന്നനിലയിലാണ് ഇന്ത്യ തിരിച്ചടിച്ചത്. പ്രത്യാക്രമണത്തിനായി അവസരംകാത്ത ഇന്ത്യൻ സൈന്യം, കാര്യമായ കരുതലില്ലാത്ത പാക് സൈനിക പോസ്റ്റുകളുടെ സ്ഥിതിവിവരങ്ങൾ ശേഖരിച്ചു. ജോർ മേഖലയിലെ പൊലീസ് ചൗക്കി, ഹിഫാസത്, ലഷ്ദത്ത് ലോഡ്ജിങ് പോയന്റ് എന്നിവയാണ് തിരിച്ചടിക്ക് യുക്തമായ കേന്ദ്രങ്ങളെന്ന് കണ്ടെത്തി. തുടർന്ന് വിവിധതരത്തിലുള്ള ആക്രമണം നടത്താൻ മൂന്നു സംഘങ്ങളെ സജ്ജമാക്കി. 2011 ഓഗസ്റ്റ് 30ന് ഇന്ത്യ മിന്നലാക്രമണത്തിലൂടെ തിരിച്ചടിച്ചു. കാർഗിൽ യുദ്ധത്തിൽ വിജയിച്ച ചൊവ്വാഴ്ച ദിവസം തന്നെയാണ് തിരിച്ചടിക്ക് ഇന്ത്യ തിരഞ്ഞെടുത്തത്. ഈദിന് ഒരു ദിവസം മുമ്പായിരുന്നു പ്രത്യാക്രമണം. ഓഗസ്റ്റ് 29ന് പുലർച്ചെ മൂന്നുമണിക്കുതന്നെ 25 അംഗ സൈനികസംഘം നിയന്ത്രണരേഖയിലെത്തി. നാലുമണിക്ക് നിയന്ത്രണരേഖകടന്ന് പാക് അതിർത്തിക്കുള്ളിലെത്തി ഒളിച്ചിരുന്നു. മൂന്നു സംഘങ്ങളായാണ് ഇന്ത്യൻ സൈനികർ കാത്തിരുന്നത്. പരിസരത്ത് കുഴിബോംബുകളും സ്‌ഫോടകവസ്തുക്കളും പാകി.

രാവിലെ ഏഴുമണിയായപ്പോഴാണ് ആക്രമണത്തിന് അവസരം കിട്ടിയതെന്ന് മിന്നലാക്രമണത്തിൽ പങ്കെടുത്ത ഒരു സൈനികൻ വെളിപ്പെടുത്തുന്നു. നാലു പാക് പട്ടാളക്കാർ തങ്ങൾ പതിയിരിക്കുന്ന പ്രദേശത്തേക്ക് നടന്നുവരുന്നതായി ഇന്ത്യൻ സൈന്യം കണ്ടു. പാക് സൈനികർ നടന്ന് അടുത്തെത്തിയപ്പോൾ, ഇന്ത്യൻ സൈന്യം ബോംബുകൾ പൊട്ടിച്ചു. സ്‌ഫോടനത്തിൽ പാക് പട്ടാളക്കാർക്ക് ഗുരുതര പരിക്കേറ്റു. ഇതിൽ മൂന്നു ജവാന്മാരുടെ തലകൾ ഇന്ത്യൻ സൈന്യം അറുത്തെടുത്തു. സുബേദാർ പർവേസ്, ഹവിൽദാൽ അഫ്താബ്, നായിക് ഇമ്രാൻ എന്നീ പാക് സൈനികരുടെ തലകളാണ് അറുത്തത്. അവരുടെ യൂണിഫോമിലെ സൈനിക മുദ്രകളും ആയുധങ്ങളും പിടിച്ചെടുത്തു. തുടർന്ന് അത്യുഗ്രശേഷിയുള്ള സ്‌ഫോടനസാമഗ്രികൾ മൃതദേഹങ്ങളിലൊന്നിൽ ഒളിപ്പിച്ചുവച്ചു. മൃതശരീരങ്ങൾ നീക്കംചെയ്യുമ്പോൾ പൊട്ടിത്തെറിച്ച് കൂടുതൽ അപകടം വിതയ്ക്കാനായിരുന്നു ഈ നടപടി. ഇതിനിടയിൽ, സ്‌ഫോടനശബ്ദം കേട്ട് സൈനികപോസ്റ്റിൽനിന്ന് രക്ഷപ്പടാൻ ശ്രമിച്ച രണ്ടു പാക് പട്ടാളക്കാരെ ഇന്ത്യൻ സൈനികർ കൊന്നു. ഇന്ത്യൻ പട്ടാളക്കാരെ കെണിയിലാക്കാൻ നോക്കിയ മറ്റ് രണ്ടു പാക് പട്ടാളക്കാരെക്കൂടി തുടർന്ന് വധിച്ചു.

സംഭവസ്ഥലത്തുനിന്ന് ഇന്ത്യൻ സൈന്യം പിന്മാറുമ്പോൾ, അവിടേക്ക് ഒരു പാക് പട്ടാളസംഘം നടന്നടുക്കുന്നത് കണ്ടതായി സൈനികർ വെളിപ്പെടുത്തുന്നു. എന്നാൽ, അല്പസമയത്തിനുശേഷം ഉഗ്രസ്‌ഫോടനശബ്ദം കേട്ടു. മൃതദേഹത്തിനുള്ളിൽ ഒളിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതാകാമെന്നാണ് അനുമാനം. രണ്ടോ മൂന്നോ പാക് സൈനികർ ആ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ കണക്കുകൂട്ടൽ. ഇന്ത്യയുടെ മിന്നലാക്രമണം 45 മിനിറ്റ് നീണ്ടുനിന്നു. ശത്രുപാളയത്തിൽ 48 മണിക്കൂർ ഇന്ത്യൻ സൈന്യം ഉണ്ടായിരുന്നുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

അറുത്തെടുത്ത പാക് സൈനികരുടെ തലകൾ ഫോട്ടോയെടുത്തശേഷം മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം സംസ്‌കരിച്ചു. എന്നാൽ, അടുത്ത ദിവസമെത്തിയ മറ്റൊരു ഉന്നത ഉദ്യോഗസ്ഥൻ തലകൾ കത്തിച്ച ചാരം കിഷൻഗംഗയിൽ ഒഴുക്കാൻ നിർദ്ദേശിച്ചതായി ആക്രമണത്തിൽ പങ്കെടുത്ത സൈനികരിലൊരാൾ പറയുന്നു. ഡി.എൻ.എ. പരിശോധന തുടങ്ങിയ നടപടിക്രമങ്ങൾ ഒഴിവാക്കാനായിരുന്നു ഈ നിർദ്ദേശം. തുടർന്ന് ഈ നിർദ്ദേശം നടപ്പാക്കിയതായി സൈനികർ വ്യക്തമാക്കി. മിന്നലാക്രമണം മുമ്പും നടന്നിട്ടുണ്ടെന്ന് രേഖകൾ സഹിതം വ്യക്തമാക്കുന്ന ഈ പുതിയ വെളിപ്പെടുത്തൽ, വരുംദിവസങ്ങളിൽ രാഷ്ട്രീയചർച്ചയാകുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP