Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദർ തെരേസയുടെ മിഷിണറീസ് ഓഫ് ചാരിറ്റിയുടെ അംഗീകാരം കേന്ദ്രസർക്കാർ റദ്ദാക്കുമോ? ദത്തെടുക്കൽ നിയമത്തിനോട് വിയോജിച്ച് അനാഥരുടെ ആശാകേന്ദ്രം

മദർ തെരേസയുടെ മിഷിണറീസ് ഓഫ് ചാരിറ്റിയുടെ അംഗീകാരം കേന്ദ്രസർക്കാർ റദ്ദാക്കുമോ? ദത്തെടുക്കൽ നിയമത്തിനോട് വിയോജിച്ച് അനാഥരുടെ ആശാകേന്ദ്രം

കൊൽക്കത്ത: ഒരുകാലത്ത് ഇന്ത്യയിലെ അശരണരുടെ ആശാകേന്ദ്രമാണ് മദർ തെരേസയുടെ മിഷിണറീസ് ഓഫ് ചാരിറ്റി എന്ന സ്ഥാപനം. സമാധാനത്തിന്റെ നോബൽ സമ്മാനം ഇന്ത്യയിലേക്ക് കൊണ്ടുവന്നതും മദറിന്റെ ഈസ്ഥാപത്തിലൂടെയായിരുന്നു. എന്നാൽ, ഇപ്പോൾ ഈ സ്ഥാപനത്തിന്റെ അംഗീകാരം ഇന്ത്യാ ഗവൺമെന്റ് റദ്ദാക്കുമോ എന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്. ദത്തെടുക്കൽ നിയമത്തിൽ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം നടത്തിയ പരിക്ഷാരത്തിന്റെ പേരിൽ മിഷിണറീസ് ഓഫ് ചാരിറ്റിയും കേന്ദ്രസർക്കാരും കടുത്ത ഭിന്നത ഉടലെടുത്തിരിക്കയാണ്.

കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ദത്തെടുക്കലുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ നയപരിഷ്‌ക്കാരങ്ങളോട് വിയോജിച്ച് മദർ തെരേസ ഫൗണ്ടേഷന്റെ കീഴിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന അനാഥാലയങ്ങൾ അടച്ചു പൂട്ടാൻ ഒരുങ്ങുകയാണ്. ഇതിനോട് വിയോജിച്ച് കൊണ്ട് തങ്ങളുടെ 13 അനാഥാലയങ്ങളുടെ രജിസ്‌ട്രേഷൻ പിൻവലിക്കണമെന്ന് മദർ തെരേസ ഫൗണ്ടേഷൻ അപേക്ഷ നൽകി.

അനാഥാലയങ്ങളിലെ കുട്ടികളെ ദത്തെടുക്കലിനായി രജിസ്റ്റർ ചെയ്യുന്ന സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് ഏജൻസി (സിഎആർഎ)യാണ് അടുത്തകാലത്തായി ദത്തെടുക്കലിന് പാലിക്കേണ്ട മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത്. ഭാര്യയും ഭർത്താവും ഉള്ള കുടുംബത്തിന് മാത്രമാണ് മിഷണറീസ് ഓഫ് ചാരിറ്റി കുട്ടികളെ ദത്തു നൽകുന്നത്. ഒരാൾക്ക് മാത്രമാണെങ്കിലും കുട്ടികളെ ദത്ത് നൽകണം എന്ന കേന്ദ്രസർക്കാർ മാർഗ രേഖ അംഗീകരിക്കാനാവില്ലെന്നാണ് മിഷിണറീസ് ഓഫ് ചാരിറ്റിയുടെ നിലപാട്. ഇത് അംഗീകരിക്കാൻ അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിൽ ലൈസൻസ് തിരിച്ചെടുക്കണമെന്നാണ് മിഷണറീസ് ഓഫ് ചാരിറ്റി കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രായത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മദർതെരെസയുടെ നിർമല ശിശുഭവനും കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുമായിട്ടാണ് അഭിപ്രായ വ്യത്യാസം. ക്രൈസ്തവ സങ്കൽപ്പങ്ങൾക്കും മദർതെരേസയുടെ മാർഗ നിർദേശങ്ങൾക്കും എതിരാണ് സർക്കാരിന്റെ പുതിയ ഉത്തരവ് എന്നാണ് ഇവർ വ്യക്തമാക്കുന്നത്. ദത്തെടുക്കൽ പ്രക്രിയ നിയമപരമായി ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യമായി മാറിയതിനാലാണ് പുതുക്കിയ മാർഗരേഖ സർക്കാർ പുറത്തിറക്കിയത്. പതിനായിരക്കണക്കിന് ആളുകൾ കുട്ടികൾക്കായി രജിസറ്റർ ചെയ്ത് കാത്തിരിക്കുകയാണ്. കുട്ടികളെ ലഭിക്കാനുള്ള കാത്തിരിപ്പ് നാലും അഞ്ചും വർഷം വരെ നീളുന്നുണ്ട്. ദത്ത് എടുക്കുന്നതിനായി കുട്ടികളുടെ എണ്ണവും കുറഞ്ഞു വരികയാണ്. നാലുവർഷം മുൻപ് 5700 കുട്ടികളെ ദത്തു കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കഴിഞ്ഞ വർഷം 2500 കുഞ്ഞുങ്ങളെയാണ് ദത്ത് നൽകിയത്. അപേക്ഷിച്ച് നാലുമാസത്തിനുള്ളിൽ കുഞ്ഞുങ്ങളെ ലഭ്യമാക്കുന്ന തരത്തിൽ നിയമം പൊളിച്ചെഴുതാനാണ് സർക്കാർ ശ്രമിച്ചത്. നിയമം ലളിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഒറ്റ രക്ഷകർത്താവിനും കുഞ്ഞുങ്ങളെ ദത്തെടുക്കാം എന്ന പരിഷ്‌കരിച്ചത്.

കുടുംബാന്തരീക്ഷത്തിൽ കുട്ടികൾ വളരണം എന്നതിനാലാണ് ഒറ്റ രക്ഷകർത്താവിന് കുട്ടികളെ നൽകാൻ മിഷനറീസ് ഓഫ് ചാരിറ്റി മടികാട്ടുന്നത്. സ്വവർഗ രതിക്കാരായ ഒറ്റ രക്ഷകർത്താക്കൾ വളർത്തുന്ന കുട്ടികളുടെ ഭാവിയെ കുറിച്ചും ഇവർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. മിഷനറീസ് ഓഫ് ചാരിറ്റിയിൽ എത്തുന്നത് മിക്കവാറും അവിവാഹിതരായ അമ്മമാരുടെ കുഞ്ഞുങ്ങളാണ്. കുഞ്ഞുങ്ങൾ അമ്മമാർക്ക് ബാദ്ധ്യത ആകാതിരിക്കാനാണ് ഇങ്ങനെ ഒരു രീതി നടപ്പിലാക്കുന്നത്. മാതാവും പിതാവും ഇല്ലാത്ത കുടുംബത്തിലേക്ക് കുഞ്ഞുങ്ങളെ നൽകാനാവില്ലെന്നും. ഇതിന് സാധ്യമല്ലെങ്കിൽ അഡോപ്ഷൻ ലൈസൻസ് വേണ്ടെന്നുവയ്ക്കും എന്ന കടുത്ത നിലപാടിലാണ് മിഷനറീസ് ഓഫ് ചാരിറ്റി. നടപടി ക്രമത്തിന്റെ കുരുക്ക് അഴിക്കാതെ നിയമവും വിശ്വാസവും കൂടി കുഴയുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്.

അതേസമയം മാനദണ്ഡങ്ങൾ പാലിക്കാതെ മറ്റൊരു വഴിക്ക് പോകാനാണ് മദർ തെരേസ ഫൗണ്ടേഷൻ ആഗ്രഹിക്കുന്നതെന്നാണ് വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി പറയുന്നത്.'മദർ തെരേസ ഫൗണ്ടേഷന് ഇതുവരെയായി അവരുടേതായ അജണ്ട ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഏകീകൃത മതനിരപേക്ഷ അജണ്ടയിലേക്ക് ഫൗണ്ടേഷനെ കൊണ്ടുവരാനുള്ള നീക്കത്തെ അവർ എതിർക്കുകയാണ്. മാനദണ്ഡങ്ങൾ പാലിക്കേണ്ടെന്ന് അവർ തീരുമാനിച്ചു.' മേനക ഗാന്ധി പറഞ്ഞു.

കുട്ടികളെ ദത്തെടുക്കലിനായി രജിസ്റ്റർ ചെയ്യുന്നതിന് ഫൗണ്ടേഷനെ നിർബന്ധിക്കുമെന്നും അവർ പരിചയസമ്പത്തുള്ള ആളുകളാണ്. എന്നാൽ, അവർ മാനദണ്ഡങ്ങളോടുള്ള വിയോജിപ്പ് തുടരുകയാണെങ്കിൽ കുട്ടികളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റേണ്ടി വരുമെന്നും മേനകാ ഗാന്ധി പറഞ്ഞു. മദർ തെരേസ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റീസ് 16 അനാഥാലയങ്ങളാണ് നടത്തുന്നത്. ഇതിൽ 13 എണ്ണത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്നാണ് ഇപ്പോൾ അവർ അപേക്ഷിച്ചിരിക്കുന്നത്.

അതേസമയം ജുവൈനൽ ആക്ടിന്റെ പരിധിയിൽ കൊണ്ടു വന്നിരിക്കുന്ന നിയമ പരിഷ്‌ക്കാരങ്ങൾ രാജ്യത്തെ അനാഥാലയങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി നാഷ്ണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സിന്റെയും ചൈൽഡ് ലൈനിന്റെയും സഹകരണത്തോടെ സർവെ സംഘടിപ്പിക്കാനും ഒരുങ്ങുന്നുണ്ട്.

സിഎആർഎയുടെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത അനാഥാലയങ്ങളെ രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാരുകളോട് പരസ്യ ക്യംപെയ്‌നുകൾ ആരംഭിക്കാൻ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. രജിസ്‌ട്രേഷൻ ഇല്ലാത്ത അനാഥാലയങ്ങൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. കാരണം, വർദ്ധിച്ചുവരുന്ന കുട്ടിക്കടത്ത് തടയുന്നതിന് ഉൾപ്പെടെ ഇത് പ്രയോജനപ്പെടും. തന്നെയുമല്ല, രാജ്യത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളതും അല്ലാത്തതുമായ അനാഥാലയങ്ങളുടെ പട്ടിക നൽകാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP