Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇശ്‌റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ്: സത്യവാങ്മൂലത്തിൽ ഉറച്ച് പി ചിദംബരം; തന്റെ അറിവില്ലാതെയാണ് ആദ്യ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചതെന്നും കോൺഗ്രസ് നേതാവ്

ഇശ്‌റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ്: സത്യവാങ്മൂലത്തിൽ ഉറച്ച് പി ചിദംബരം; തന്റെ അറിവില്ലാതെയാണ് ആദ്യ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചതെന്നും കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: ഇശ്‌റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ സത്യവാങ്മൂലം തിരുത്തി നൽകിയെന്ന മുൻ കേന്ദ്രആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയുടെ ആരോപണം മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം ശരിവച്ചു. അതേസമയം, തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല ആദ്യ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്റലിജൻസ് ബ്യൂറോയും ഗുജറാത്ത് പൊലീസും ചേർന്ന് രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യ സത്യവാങ്മൂലം തയാറാക്കിയത്. എന്നാൽ, രഹസ്യാന്വേഷണ വിവരങ്ങൾ അതിന് തെളിവല്ല. അന്വേഷണ ഏജൻസി ശേഖരിച്ച് കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ട് ആണ് തെളിവായി സ്വീകരിക്കേണ്ടത്. ഈ സാഹചര്യത്തിലാണ് വീണ്ടും ഒരു സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചതെന്നും ചിദംബരം വ്യക്തമാക്കി.

ഈ വിഷയത്തിന്റെ അന്തസത്തയിൽ താൻ ഉറച്ചുനിൽക്കുന്നതായും ചിദംബരം അറിയിച്ചു. പുതിയ സത്യവാങ്മൂലം സമർപ്പിക്കുന്ന കാര്യം മുൻ ആഭ്യന്തര സെക്രട്ടറി അറിഞ്ഞില്ലല്ലോ എന്ന ചോദ്യത്തിന് അത് സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് മാത്രമുള്ള പ്രിവിലേജ് ആണെന്നും മന്ത്രിയായ തനിക്കതില്ലെന്നും ചിദംബരം ചൂണ്ടിക്കാട്ടി.

ഇശ്‌റത്ത് ജഹാൻ ഏറ്റമുട്ടൽ കേസുമായി ബന്ധപ്പെട്ട സത്യവാങ്മൂലം മുൻ ആഭ്യന്തര മന്ത്രി പി. ചിദംബരം തിരുത്തിയെന്ന് മുൻ ആഭ്യന്തര സെക്രട്ടറി ജി. കെ പിള്ള ആരോപിച്ചിരുന്നു. ഐ.ബിയിലെ കീഴുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ് ചിദംബരം സത്യവാങ്മൂലം തിരുത്തിയത്. സത്യവാങ്മൂലം തയാറാക്കിയത് ചിദംബരത്തിന്റെ മേൽനോട്ടത്തിലാണ്. ഇതിന്റെ മുഴുവൻ ഉത്തരവാദിത്തവും ചിദംബരത്തിനാണെന്നും എൻ.ഡി ടിവി അഭിമുഖത്തിൽ ജി.കെ പിള്ള വ്യക്തമാക്കിയത്.

അതേസമയം ഇസ്രത് ജഹാൻ ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുൻ അണ്ടർ സെക്രട്ടറി ആർ.വി എസ്. മണിയും രംഗത്തെത്തി. ആഭ്യന്തര വകുപ്പിന് വേണ്ടി കോടതിയിൽ രണ്ട് സത്യവാങ്മൂലം സമർപ്പിച്ചത് മണിയാണ്. ഏറ്റുമുട്ടൽ അന്വേഷിച്ച സിബിഐ ഐ.ജി സതീഷ് വർമ ചോദ്യം ചെയ്യലിനിടെ തന്നെ ശാരീരികമായി പീഡിപ്പിച്ചതായി മണി വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കേസിൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഒപ്പ് വച്ചിരിക്കുന്നത് ആർ.വി എസ്. മണിയാണ്. ആദ്യം സത്യവാങ്മൂലം നൽകിയത് ആഭ്യന്തര, നിയമ മന്ത്രാലയങ്ങളുടെ അനുമതിയോടെയാണ്. ഇത് വ്യക്തവും കൃത്യവുമായിരുന്നു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ താൻ തന്നെയാണ് തയാറാക്കിയതെന്ന് മണി പറയുന്നു.

ഇസ്രത് ജഹാന്റെ പൂർവകാലത്തെ കുറിച്ചുള്ള വിവരങ്ങൾ, താമസിച്ച സ്ഥലം, ആയുധങ്ങൾ സംഘടിപ്പിച്ചത് തുടങ്ങിയവ വിവരങ്ങൾ ആദ്യ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, രണ്ടാമത്തെ സത്യവാങ്മൂലം പൂർണമായി മാറി. ഇത് തയാറാക്കിയത് ഇന്റലിജൻസ് ബ്യൂറോയിലെ ഉദ്യോഗസ്ഥനാണ്. ഇതിനെ കുറിച്ച് തനിക്ക് അറിയില്ല. ആഭ്യന്തര സെക്രട്ടറിയുടെ അറിവോടെയല്ലെന്നും മണി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP