Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒരു ഷർട്ടിന്റെ വില ഒന്നേകാൽ കോടി രൂപ; മുംബൈയിലെ ബിസിനസുകാരന്റെ സ്വർണഷർട്ട് തുന്നാൻ ചെലവഴിച്ചത് നാലു കിലോ തനിതങ്കം

ഒരു ഷർട്ടിന്റെ വില ഒന്നേകാൽ കോടി രൂപ; മുംബൈയിലെ ബിസിനസുകാരന്റെ സ്വർണഷർട്ട് തുന്നാൻ ചെലവഴിച്ചത് നാലു കിലോ തനിതങ്കം

ന്യൂഡൽഹി: സ്വർണവില കൂടുന്നതും കുറയുന്നതുമൊന്നും പങ്കജ് പരഖിന് ഒരു പ്രശ്‌നമല്ല. തന്റെ 45-ാം ജന്മദിനത്തിൽ അണിയാനായി പത്തരമാറ്റ് ഷർട്ടാണ് ഈ ബിസിനസുകാരൻ തീർപ്പിച്ചത്. നാലു കിലോ തൂക്കം വരുന്ന ഈ ഷർട്ടിന്റെ വില കേട്ടാൽ പക്ഷേ കണ്ണു തള്ളും, 1.30 കോടി രൂപ. തീർന്നില്ല ഷർട്ടിന്റെ വിശേഷങ്ങൾ. ഷർട്ടിന്റെ ഏഴ് ബട്ടനുകളും സ്വർണം കൊണ്ടുള്ളതാണ്. പൂർണമായും തനി തങ്കത്തിൽ തീർത്തതാണ് ഈ ഷർട്ടെന്നും മറ്റ് മെറ്റലുകളൊന്നും ഇതിന്റെ നിർമാണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും പങ്കജ് പറയുന്നു.

പങ്കജിനായി വസ്ത്രം ഡിസൈൻ ചെയ്ത് നൽകിയത് നാസികിലെ ബാഫ്‌നാ ജ്വല്ലേഴ്‌സാണ്. മുംബൈയിലെ പാരെലിൽ ഉള്ള ശാന്തി ജ്വല്ലേഴ്‌സിലെ 20 തെരഞ്ഞെടുക്കപ്പെട്ട പണിക്കാർ രണ്ടു മാസം കൊണ്ടായിരുന്നു സ്വർണ്ണ ഷർട്ട് തുന്നിയെടുത്തത്. മഹാരാഷ്ട്ര ടൂറിസം മന്ത്രി ചഗൻ ഭുജ്ബാൽ ഉൾപ്പെടെ രാഷ്ട്രീയത്തിലെയും വിനോദമേഖലയിലെയും ഉന്നതരും വിവിധ പാർട്ടിയിലെ പ്രമുഖരും വെള്ളിയാഴ്ച നടക്കുന്ന പങ്കജിന്റെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കും. പക്ഷേ അതിനു മുന്നെ ഷർട്ട് ധരിച്ച് മുംബൈയിലെ സിദ്ധി വിനായക ക്ഷേത്രത്തിൽ പങ്കജ് ദർശനം നടത്തിയിരുന്നു. ഷർട്ട് ധരിക്കാൻ വളരെ കംഫർട്ടബിൾ ആണെന്നും പങ്കജ് പറയുന്നു.


ഷർട്ടുമിട്ട് വെറുതേ ആഘോഷത്തിൽ പങ്കെടുക്കൽ മാത്രമല്ല പങ്കജിന്റെ ഉദ്ദേശം. അതിലൂടെ ലിംകാ ബുക്ക് ഓഫ് റെക്കോഡ്‌സിലും ഗിന്നസ് റെക്കോഡിലും പ്രവേശിക്കുക എന്നതാണ്. കഴിഞ്ഞ വർഷം 1.27 കോടി രൂപ വിലവരുന്ന സ്വർണ്ണ ഷർട്ട് ധരിച്ച് ലോകറെക്കോഡ് ഇട്ട പിമ്പ്രി ചിഞ്ചുവാഡിലെ ദത്താ ഫുഗേയെ മറികടക്കുകയാണ് പങ്കജിന്റെ ലക്ഷ്യം.

സ്‌കൂൾ പഠനം പാതി വഴിയിൽ അവസാനിപ്പിച്ച് ബിസിനസിലേക്ക് തിരിഞ്ഞ പങ്കജിന് സ്വർണത്തോടുള്ള ഭ്രമം കുട്ടിക്കാലം മുതലെ തുടങ്ങിയതാണ്. അഞ്ച് വയസു മുതൽ ഈ മഞ്ഞലോഹം തന്നെ ഭ്രമിപ്പിക്കുന്നതായും ഇന്നും ഇതിനോടുള്ള പാഷൻ അതേ പോലെ തന്നെ തുടരുന്നതായും പങ്കജ് പറയുന്നു. 23 വർഷം മുമ്പ് തന്റെ വിവാഹം നടക്കുമ്പോൾ നവവധുവിനെക്കാൾ ആൾക്കാർ ശ്രദ്ധിച്ചത് തന്നെയാണെന്ന് പങ്കജ് പറയുന്നു. നവവധുവിനെക്കാൾ ആഭരണങ്ങൾ അണിഞ്ഞിരുന്നുവത്രേ പങ്കജ്.

വീട്ടുകാർക്ക് തന്റെയീ സ്വർണഭ്രമത്തോട് ഇഷ്ടമോ ഇഷ്ടക്കേടോ ഇല്ലെന്ന് പറയുന്നു പങ്കജ്. പല ബിസിനസുകാർക്കും പല തരത്തിലുള്ള പാഷനല്ലേ, അങ്ങനെയൊന്നാണ് തനിക്ക് സ്വർണത്തോട് ഉള്ളതെന്നും ഇയാൾ പറയുന്നു. ഇങ്ങനെയൊക്കെയാണെന്നു കരുതി പങ്കജ് തന്റെ സാമ്പാദ്യത്തിൽ നല്ലൊരു ഭാഗം സന്നദ്ധ പ്രവർത്തനങ്ങൾക്കായും ചെലവഴിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ രാജസ്ഥാനിലെ പ്രശസ്തമായ നാരായൺ സേവാ സൻസ്ഥൻ ആശുപത്രിയിൽ 120 പോളിയോ ഓപ്പേറഷൻ നടത്തുന്നതിനുള്ള ചെലവ് എല്ലാം നോക്കിയത് പങ്കജായിരുന്നു. ഇന്ത്യയിൽ പോളിയോയ്ക്ക് ഏറ്റവും നല്ല ചികിത്സ ലഭിക്കുന്ന ഹോസ്പിറ്റലാണിത്. രോഗികൾക്കായി ഭക്ഷണവും മരുന്നുകളും മറ്റ് സഹായങ്ങളും ഇയാൾ ചെയ്യാറുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP