Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്താൻകോട്ട് ഭീകരാക്രമണത്തിൽ ഐഎസ്‌ഐക്കു വേണ്ടി ചാരപ്രവർത്തനം നടത്തിയ മലപ്പുറം സ്വദേശി രഞ്ജിത്തിന്റെ പങ്കും അന്വേഷിക്കും; പത്താനിൽ നിന്ന് ഇന്നലെ പാക്കിസ്ഥാനിലേക്കു പോയതു നാലു ഫോൺ കോൾ; സംഭവത്തെക്കുറിച്ച് എൻഐഎ അന്വേഷണം നടത്തും

പത്താൻകോട്ട് ഭീകരാക്രമണത്തിൽ ഐഎസ്‌ഐക്കു വേണ്ടി ചാരപ്രവർത്തനം നടത്തിയ മലപ്പുറം സ്വദേശി രഞ്ജിത്തിന്റെ പങ്കും അന്വേഷിക്കും; പത്താനിൽ നിന്ന് ഇന്നലെ പാക്കിസ്ഥാനിലേക്കു പോയതു നാലു ഫോൺ കോൾ; സംഭവത്തെക്കുറിച്ച് എൻഐഎ അന്വേഷണം നടത്തും

ന്യൂഡൽഹി: പത്താൻകോട്ടിലെ വ്യോമസേനാകേന്ദ്രം ആക്രമിച്ച സംഭവത്തിൽ മലയാളിയായ മുൻ സൈനികോദ്യോഗസ്ഥന്റെ പങ്കും അന്വേഷിക്കും. ദേശീയ അന്വേഷണ ഏജൻസിയാണ് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നത്.

പാക്കിസ്ഥാൻ രഹസ്യന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്കുവേണ്ടി ചാരപ്രവർത്തനം നടത്തിയ കേസിലാണ് കഴിഞ്ഞയാഴ്ച രഞ്ജിത്ത് പിടിയിലായത്. ഭട്ടിൻഡ എയർഫോഴ്‌സ് ലെയ്‌സണിങ് യൂണിറ്റിലെ ലീഡിങ് എയർക്രാഫ്റ്റ്മാനായിരുന്ന മലപ്പുറം ചെറുകാവ് പുളിക്കൽ വീട്ടിൽ കെ.കെ. രഞ്ജിത്താണ് അന്വേഷണ ഏജൻസിയുടെ പിടിയിലായത്.

കഴിഞ്ഞ ദിവസം പത്താൻകോട്ടിൽ നിന്നു പാക്കിസ്ഥാനിലേക്കു പോയത് നാലു ഫോൺകോളുകളാണെന്ന റിപ്പോർട്ടും അതിനിടെ പുറത്തുവന്നു. ഭീകരർ ബന്ദിയാക്കിയ എസ്‌പിയുടെ ഫോണിൽ നിന്നാണു കോൾ പോയതെന്ന റിപ്പോർട്ടുകളാണു പുറത്തുവന്നത്. രാത്രി 12.30നും 2.30നും ഇടയിലാണ് നാലു ഫോൺ കോളുകളും പോയിട്ടുള്ളത്. പഞ്ചാബി, മുൾട്ടാനി ഭാഷകളിലായിരുന്നു സംഭാഷണം. ആക്രമണം നടത്തേണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരം ഭീകരർക്ക് ഫോണിലൂടെ അപ്പുറത്തുനിന്നും സംസാരിക്കുന്നയാൾ നൽകി. പത്താൻകോട്ട് വ്യോമസേനാ കേന്ദ്രത്തിൽ കടന്ന് വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉൾപ്പെടെയുള്ളവയെല്ലാം തകർക്കാനും ഇയാൾ ഭീകരരോട് ആവശ്യപ്പെടുന്നതായാണു റിപ്പോർട്ട്.

ആക്രമണത്തിൽ പങ്കെടുത്ത ഭീകരന്റെ അമ്മയുടെ ഫോണിലേക്കാണ് പാക്കിസ്ഥാനിലേക്ക് പോയ ഒരു കോൾ. ഭീകരാക്രമണ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ ഇയാൾ അമ്മയോട് പറഞ്ഞതായി ഇന്റലിജൻസ് വ്യക്തമാക്കി. മാത്രമല്ല ആക്രമണത്തിന് ഏഴു പേരടങ്ങിയ സംഘമാണ് എത്തിയിട്ടുള്ളതെന്നും ഭീകരൻ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഭീകരാക്രമണം നടത്തിയവരെല്ലാം പാക്കിസ്ഥാനിലെ ബഹവാൽപൂർ, മുൾട്ടാൻ സ്വദേശികളാണെന്നാണ് സൂചന. ഡിസംബർ 30 നാണ് ഭീകരർ ഇന്ത്യയിലേക്ക് കടന്നതെന്നും ജമ്മു കശ്മീർ അല്ലായിരുന്നു ഇവരുടെ ലക്ഷ്യ കേന്ദ്രമെന്നുമാണ് ലഭിക്കുന്ന വിവരം.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി ഉന്നത സൈനികോദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. അതിനിടെ, ആക്രമണത്തെ പാക്കിസ്ഥാൻ അപലപിച്ചു. ഭീകരത തുടച്ചു നീക്കുന്നതിൽ ഇന്ത്യയോട് സഹകരിച്ച് പ്രവർത്തിക്കാൻ പാക്കിസ്ഥാൻ പ്രതിജ്ഞാബദ്ധമെന്ന് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേ സമയം പത്താൻകോട്ടിൽ വീണ്ടും വെടിവയ്‌പ്പ് നടന്നതായി റിപ്പോർട്ടുണ്ട്. പത്താൻകോട്ട് ഭീകരാക്രമണത്തെ തുടർന്ന് ന്യൂഡൽഹി, മുംബയ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി.

ഇതിനിടെയാണ് മലയാളിയായ മുൻ വ്യോമസേന ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെ പങ്ക് ഇക്കാര്യത്തിലുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നതായുള്ള റിപ്പോർട്ടുകൾ വന്നത്. പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ ഒരുക്കിയ ഹണി ട്രാപ്പിൽ വീണ രഞ്ജിത്ത് ഇന്ത്യയുടെ സുരക്ഷാരഹസ്യങ്ങൾ ചോർത്തിക്കൊടുത്തിരുന്നു.

ലീഡ്‌സിലെ ബീസ്റ്റണിൽ താമസിക്കുന്നുവെന്നു ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ പരിചയപ്പെടുത്തിയ ദാമിനി മക്‌നോട്ട് എന്ന യുവതിയുടെ പേരിലാണ് ഹണി ട്രാപ്പ് രഞ്ജിത്തിനെ തേടി എത്തിയത്. അവിടെനിന്ന് പ്രസിദ്ധീകരിക്കുന്ന അന്വേഷണാത്മക മാസികയിൽ ജോലി ചെയ്യുന്നുവെന്നും പ്രൊഫൈലിൽ അവർ അവകാശപ്പെട്ടിരുന്നു.

പതുക്കെ ചാറ്റിൽനിന്ന് വാട്‌സാപ്പിലൂടെ ഓഡിയോ ചാറ്റിലേക്കും പിന്നീട് ഫോട്ടോ ഷെയർ ചെയ്യുന്നതിലേക്കും ഈ ബന്ധം വളർന്നു. ഇത്തരമൊരു ചാറ്റിങ്ങിനിടെ സ്വാഭാവികമെന്നോണമാണ് ദാമിനി വ്യോമസേനയെക്കുറിച്ചുള്ള വിവരം രഞ്ജിത്തിനോട് ചോദിക്കുന്നത്. താൻ ജോലി ചെയ്യുന്ന മാസികയിൽ ഒരു ലേഖനം എഴുതാനെന്ന വ്യാജേന രഞ്ജിത്തിൽനിന്ന് ഇവർ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.

ദാമിനിയുടെ വാക്കുകളിൽ മനംമയങ്ങിക്കിടന്ന രഞ്ജിത്തിന് ആ ചോദ്യത്തിൽ സംശയമൊന്നും തോന്നിയില്ല. മാസികയ്ക്കുവേണ്ടിയെന്നോണം ഇതിന് മുമ്പ് രഞ്ജിത്തിനെ അവർ ഇന്റർവ്യൂവും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ എന്തെങ്കിലും വിവരങ്ങൾ ദാമിനിക്ക് കൊടുക്കുന്നതിൽ അപകടമുണ്ടെന്ന് രഞ്ജിത്ത് കരുതിയില്ല. മാത്രമല്ല, അത്തരം വിവരങ്ങൾ എന്തെങ്കിലും നൽകിയാൽ അതിന് പ്രതിഫലം കൂടി നൽകാമെന്ന് ദാമിനി വാഗ്ദാനം ചെയ്തതോടെ, രഞ്ജിത്ത് അവർക്ക് കൂടുതൽ വഴങ്ങി.

ഏതോ ഒരു സുന്ദരിയുടെ ഫോട്ടോയും ചിത്രങ്ങളുമുപയോഗിച്ച് പാക് രഹസ്യാന്വേഷണ ഏജൻസിയാണ് ഈ വിവരങ്ങൾ ചോർത്തിയിരുന്നത്. അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ ഫേസ്‌ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും സ്‌കൈപ്പിലുടെയും കൈമാറുകയായിരുന്നു രഞ്ജിത്ത്.

ഇക്കാര്യങ്ങളുടെ പശ്ചാത്തലത്തിലാണ് രഞ്ജിത്തിനെ കൂടുതൽ ചോദ്യം ചെയ്യാൻ എൻഐഎ ഒരുങ്ങുന്നത്. ഇന്ത്യ - യുകെ ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച ഓപ്പറേഷൻ ഇന്ദ്രധനുഷിനെക്കുറിച്ചുള്ള വിവരങ്ങളെല്ലാം യുവതിക്ക് കൈമാറിയിട്ടുണ്ടെന്ന് രഞ്ജിത്ത് മൊഴി നൽകിയെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്താൻകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനെ ചോദ്യം ചെയ്യുന്നത്. ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ രഞ്ജിത്തിന്റെ പൊലീസ് കസ്റ്റഡി നാലാം തീയതി വരെ നീട്ടിയിട്ടുണ്ട്.

വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനങ്ങളും ഹെലിക്കോപ്റ്ററുകളും സൂക്ഷിക്കുന്ന പത്താൻകോട്ട് വ്യോമസേന കേന്ദ്രത്തിനു നേർക്ക് ശനിയാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്. വിമാനങ്ങൾ സൂക്ഷിക്കുന്ന സാങ്കേതിക മേഖലയിൽ ആക്രമണം നടന്നിട്ടില്ലെന്നാണ് വ്യോമസേന വൃത്തങ്ങൾ നൽകുന്ന വിവരം. വ്യോമസേന കേന്ദ്രത്തിന് നേരെ ഉണ്ടായ ഭീകരാക്രമണത്തിലും തുടർന്നുണ്ടായ ഏറ്റമുട്ടലിലും എട്ടുപേർ കൊല്ലപ്പെട്ടതായാണ് അവസാനം പുറത്തുവന്ന റിപ്പോർട്ടുകൾ. നാല് ഭീകരരും വ്യോമസേന ഉദ്യോഗസ്ഥരടക്കം നാല് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. സംഘത്തിൽ ഏഴോളം പേരുണ്ടായിരുന്നതായാണ് സൂചന. പുതുവർഷ ദിനത്തിൽ ഭീകരാക്രമണം ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേസമയം, പുതുവർഷത്തിൽ ഭീകരാക്രമണം ഉണ്ടാകുമെന്നു മുന്നറിയിപ്പുണ്ടായിട്ടും മുൻകരുതലുകൾ എടുക്കാതിരുന്നത് കേന്ദ്ര സർക്കാരിന്റെ പിടിപ്പുകേടാണെന്നു കോൺഗ്രസ് ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP