Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശത്രു സ്വന്തം പാളയത്തിലോ? ഭീകരർക്കു സഹായം നൽകിയത് സൈനികതാവളത്തിനുള്ളിൽ നിന്നെന്നു സംശയം; ഫ്‌ളഡ് ലൈറ്റുകൾ ദിശമാറ്റിയെന്നു കണ്ടെത്തി; ഗുർദാസ്പുരിലെ സൈനിക കേന്ദ്രവും ഭീകരർ ലക്ഷ്യമിട്ടിരുന്നു; മൊഴികളിലെ വൈരുദ്ധ്യത്തിൽ ഗുർദാസ്പുർ എസ്‌പി സൽവീന്ദറിനെ നുണപരിശോധനയ്ക്കു വിധേയനാക്കും

ശത്രു സ്വന്തം പാളയത്തിലോ? ഭീകരർക്കു സഹായം നൽകിയത് സൈനികതാവളത്തിനുള്ളിൽ നിന്നെന്നു സംശയം; ഫ്‌ളഡ് ലൈറ്റുകൾ ദിശമാറ്റിയെന്നു കണ്ടെത്തി; ഗുർദാസ്പുരിലെ സൈനിക കേന്ദ്രവും ഭീകരർ ലക്ഷ്യമിട്ടിരുന്നു; മൊഴികളിലെ വൈരുദ്ധ്യത്തിൽ ഗുർദാസ്പുർ എസ്‌പി സൽവീന്ദറിനെ നുണപരിശോധനയ്ക്കു വിധേയനാക്കും

ന്യൂഡൽഹി: പത്താൻകോട്ടിലെ ഭീകരാക്രമണം തെളിയിക്കുന്നത് ശത്രു സ്വന്തം പാളയത്തിൽ തന്നെയാണെന്നാണോ? അത്തരത്തിലുള്ള വിലയിരുത്തലിലേക്കാണു അന്വേഷണ സംഘം എത്തിയതെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഭീകരർക്കു സഹായം നൽകിയത് സൈനികതാവളത്തിനുള്ളിൽ നിന്നെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. പ്രദേശത്തെ ഫ്‌ളഡ് ലൈറ്റുകൾ ദിശമാറ്റിയെന്നു കണ്ടെത്തിയതാണ് അന്വേഷണ സംഘത്തെ ഈയൊരു സംശയത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

ഗുർദാസ്പുരിലെ സൈനിക കേന്ദ്രവും ഭീകരർ ലക്ഷ്യമിട്ടിരുന്നതായാണു വിവരം. അതിനിടെ, മൊഴികളിലെ വൈരുദ്ധ്യത്തെത്തുടർന്നു ഗുർദാസ്പുർ എസ്‌പി സൽവീന്ദർ സിങ്ങിനെ നുണപരിശോധനയ്ക്കു വിധേയനാക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.

വ്യോമസേനാ താവളത്തിനുള്ളിൽ ആക്രമണം നടത്തിയ ഭീകരർക്ക് സഹായം നൽകിയിട്ടുണ്ടാകാം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ എൻജിനിയറിങ് വിഭാഗത്തിലെ ജീവനക്കാരനെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ഭീകരാക്രമണം ആസൂത്രണം ചെയ്ത ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസർ അടക്കമുള്ള നാലു പേർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ ഈ മാസം 14, 15 തീയതികളിൽ നിശ്ചയിച്ചിരുന്ന വിദേശകാര്യ സെക്രട്ടറിതല ചർച്ചയിൽ നിന്ന് ഇന്ത്യ പിന്മാറുമെന്നും അറിയിച്ചിട്ടുണ്ട്. പത്താൻകോട്ട് ആക്രമണം ആസൂത്രണം ചെയ്ത ജയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറും സഹോദരൻ അബ്ദുൽ റൗഫ് അസ്ഗറുമടക്കം നാലുപേർക്കെതിരെയുള്ള ശക്തമായ തെളിവുകളാണ് ഇന്ത്യ കൈമാറിയത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ പാക്കിസ്ഥാൻ ഉറച്ച നടപടി എടുത്തില്ലെങ്കിൽ വിദേശകാര്യ സെക്രട്ടറിതല ചർച്ചയിൽ നിന്ന് പിന്മാറാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.

വ്യോമസേന കേന്ദ്രത്തിനു പുറത്തെ 11 അടി ഉയരമുള്ള ചുറ്റുമതിൽ മരത്തിലൂടെയും കയറിലൂടെയും കയറി ചാടിക്കടന്ന് കമ്പിവേലി മുറിച്ചാണ് ഭീകരർ ഉള്ളിൽ കടന്നത്. ഭീകരർ ഇത് ചെയ്ത സ്ഥലത്ത് ഫ്‌ളഡ് ലൈറ്റുകളുടെ വെളിച്ചമില്ലായിരുന്നു. മതിലിലേക്ക് അടിക്കേണ്ട ലൈറ്റുകൾ ഈ പ്രദേശത്ത് മാത്രം മുകളിലേക്ക് ദിശമാറ്റിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിന്റെ ഭാഗമായിട്ടാണ് കരസേനയുടെ എൻജിനിയറിങ് സർവീസ് വിഭാഗത്തിലെ ജീവനക്കാരനെ ചോദ്യം ചെയ്തത്. ലൈറ്റുകൾ മനപ്പൂർവ്വം മുകളിലേക്ക് ദിശ മാറ്റിയതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വിദേശത്തുനിന്നുള്ള 23 പൈലറ്റുമാർ പരിശീലനത്തിനായി പത്താൻകോട്ടുള്ളപ്പോഴാണ് ഭീകരരാക്രമണമുണ്ടായത്. ഇത് യാദൃശ്ചികമാണോ എന്നതും എൻഐഎ അന്വേഷിക്കും. വ്യോമസേന കേന്ദ്രത്തിന്റെ പ്രവർത്തനം സംബന്ധിച്ചുള്ള രഹസ്യവിവരങ്ങളും ചോർന്നിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്ദ്യോഗസ്ഥരുടെ നിഗമനം. എൻഎസ്ജിയും വായുസേന, കരസേന കമാൻഡോകളും ഒത്തൊരുമയോടെ പ്രവർത്തിച്ചാണ് ഭീകരരെ വകവരുത്തിയതെന്ന് ഉന്നത ഉദ്യോഗസ്ഥർ അവകാശപ്പെടുന്നുണ്ടെങ്കിലും അതല്ല യാഥാർഥ്യമെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. 15,000 ത്തോളം കരസേന കമാൻഡോകളുടേയും മൈൻവേധ ട്രക്കുകളുമടക്കമുള്ള ഉപകരണങ്ങളുടേയും സേവനം തൊട്ടടുത്ത് തന്നെയുണ്ടായിരുന്നിട്ടും ഡൽഹിയിൽ നിന്ന് എൻഎസ്ജി കമാൻഡോകളെ ഇറക്കിയതിൽ കരസേനയ്ക്കും വായുസേനയ്ക്കും അതൃപ്തിയുണ്ട്.

അതിനിടെ, പത്താൻകോട്ടിലെ ഭീകരാക്രമണക്കേസിൽ സംശയത്തിന്റെ നിഴലിലായ ഗുർദാസ്പുർ എസ്‌പി സൽവീന്ദർസിങ്ങിനെ നുണപരിശോധനയ്ക്കു വിധേയമാക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. പത്താൻകോട്ട് വ്യോമസേനാത്താവളത്തിൽ ആറ് ഭീകരർ നടത്തിയ 'ആക്രമണത്തിന് മുന്നേ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയതാണ് ഗുരുദാസ്പുർ എസ്‌പി സൽവീന്ദർ സിംഗിനെയും സഹായിയേയും. ഇരുവരേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇവരുടെ മൊഴികളിൽ സംശയം നിലനിൽക്കുന്നതിനാലാണ് നുണപരിശോധന നടത്തുന്നത്.

തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ സൽവീന്ദർ സിങ് പാക്കിസ്ഥാനിൽ നിന്നും ജീവനോടെ തിരിച്ചെത്തിയിരുന്നു. ഡിസംബർ 30ന് രാത്രിയോടെയാണ് എസ്‌പി മറ്റു രണ്ടു ഉദ്യോഗസ്ഥരുമായി പാക്കിസ്ഥാൻ അതിർത്തി പ്രദേശത്ത് എത്തിയത്.ആധുനിക ആയുധങ്ങളുമായി അതിർത്തി പ്രദേശത്ത് എത്തിയ ഭീകരർ തന്നെ ബന്ധിയാക്കുകയായിരുന്നുവെന്നും . തീവ്രവാദികൾ പഞ്ചാബിയിലും, ഹിന്ദിയിലും, ഉറുദുവിലും സംസാരിച്ചതായും സൽവീന്ദർ സിങ് പറഞ്ഞു. പത്താൻകോട്ടുള്ള ഒരു തീർത്ഥാടന കേന്ദ്രം സന്ദർശിച്ചതിന് ശേഷം ഗുരുദാസ്പുരിലേക്ക് യാത്ര തിരിക്കുമ്പോഴാണ് തീവ്രവാദികൾ തങ്ങളുടെ വാഹനത്തെ ആക്രമിച്ചതെന്നായിരുന്നു എസ്‌പിയുടെ മൊഴി.

എസ്. പിയെ നുണപരിശോധനയ്ക്കായി ഡൽഹിയിലോ ബംഗളൂരുവിലോ കൊണ്ടുപോകാനാണ് തീരുമാനമെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി. സിംഗിനെ ഇതുവരെ സസ്‌പെന്റു ചെയ്തിട്ടില്ലെന്ന് പഞ്ചാബ് ഡി.ജി.പി സുരേഷ് അറോറ അറിയിച്ചു. എസ് പിയുടെ സ്വകാര്യ വാഹനത്തിൽ നീല ബീക്കൺ ലൈറ്റ് ഉപയോഗിച്ചിരുന്നെന്നും ഇത് നിയമവിരുദ്ധമാണെന്നും ബീക്കൺ ലൈറ്റ് ഉള്ളതിനാലാണ് ഭീകരർക്ക് ചെക്ക് പോയിന്റുകളിലൂടെ സുഗമമായി സഞ്ചരിക്കുന്നതിന് സാധിച്ചതെന്നും അന്വേഷണ ഏജൻസി പറഞ്ഞു. പത്താൻകോട്ട് വ്യോമതാവളത്തിന് തൊട്ടടുത്തുവരെ ഭീകരർ എസ്‌പിയുടെ വാഹനത്തിലാണ് എത്തിയത്.

അതിനിടെ, ഞ്ചാബിലെ പത്താൻകോട്ടിൽ ആക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദ് ഭീകരർ കൂടുതൽ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി സൂചനകളുണ്ട്. ഗുരുദാസ്പൂരിലെ സൈനിക കന്റോൺമെന്റ് ആയിരുന്നു ഇവരുടെ ലക്ഷ്യം. പത്താൻകോട്ടിൽ കൊല്ലപ്പെട്ട ആറ് ഭീകരർക്ക് പുറമേ പാക്കിസ്ഥാൻ പരിശീലനം ലഭിച്ച രണ്ടു പേർ കൂടി സൈനിക വേഷത്തിൽ കടന്നുകയറിയിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് ഈ സംശയം. ഗുർദാസ്പൂരിലെ ഒരു പൊലീസ് സ്‌റ്റേഷനു നേർക്ക് കഴിഞ്ഞ ജൂലൈയിൽ പാക്കിസ്ഥാനി ഭീകരരുടെ ആക്രമണം നടന്നിരുന്നു.
സൈനിക കേന്ദ്രത്തിന് സമീപത്തുനിന്നും ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ രണ്ടു പേരെ പ്രദേശവാസികൾ കണ്ടെത്തി പൊലീസിന് വിവരം നൽകിയിരുന്നു. ഇതേതുടർന്ന് സൈനിക കേന്ദ്രത്തിന് കനത്ത സുരക്ഷയാണ് സൈന്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഭീകരർക്ക് ഒരവസരം പോലും നൽകാതെ ഇസ്രയേലിൽ നിന്ന് പരിശീലനം നേടിയ 'സ്വാത്' സംഘത്തെയാണ് ഇവിടെ പരിശോധനയ്ക്ക് നിയോഗിച്ചത്. ഈ മേഖല മുഴുവൻ വ്യോമനിരീക്ഷണം നടത്തുകയും ചെയ്തു. സൈന്യവും പൊലീസും നടത്തിയ സംയുക്ത നീക്കത്തിനൊടുവിലാണ് ഭീകരരെന്ന് സംശയിക്കുന്നവരെ കണ്ടെത്തിയതെന്നും പഞ്ചാബ് ഡെപ്യൂട്ടി ഐ.ജി കുൻവാർ വിജയ് പ്രതാപ് അറിയിച്ചു.

ഇന്ത്യ നൽകിയ തെളിവുകളിൽ പാക് പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

ഇസ്ലാമാബാദ്: പത്താൻകോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറിയ തെളിവുകൾ സംബന്ധിച്ച് അന്വേഷണം നടത്താൻ നവാസ് ഷെരീഫ് ഉത്തരവിട്ടു. പുരോഗതി വിലയിരുത്താൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉന്നതതല യോഗം വിളിച്ചു. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഷെരീഫ് ഉന്നതതല യോഗം വിളിക്കുന്നത്.

പാക്കിസ്ഥാൻ സൈന്യത്തലവൻ ജനറൽ റഹീൽ ഷെരീഫ്, ഐ.എസ്.ഐ മേധാവി ലെഫ്. ജനറൽ റിസ്‌വാൻ അക്തർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസീർ ജൻജ്വ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പാക് ഇന്റലിജൻസ് മേധാവി അഫ്താബ് സുൽത്താനാണ് അന്വേഷണ ചുമതല. ഇന്ത്യ നൽകിയ തെളിവുകൾ അഫ്താബിന് കൈമാറി.

തീവ്രവാദത്തെ തുടച്ചു നീക്കുന്നതിന് ഇന്ത്യയുമായി യോജിച്ച് പ്രവർത്തിക്കുന്നതിന് പാക്കിസ്ഥാൻ പ്രതിഞ്ജാബദ്ധമാണെന്ന് നവാസ് ഷെരീഫ് ആവർത്തിച്ചു. ഷെരീഫിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് തീവ്രവാദത്തിനെതിരായ നിലപാട് ആവർത്തിച്ചത്.
തെളിവുകൾ പരിശോധിച്ച് എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് യോഗം വിലയിരുത്തി. പത്താൻകോട്ട് ആക്രമണത്തെ അപലപിക്കുന്നതായും പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ ആവർത്തിക്കുന്നു. ഈ മാസം നടക്കാനിരിക്കുന്ന സെക്രട്ടറിതല ചർച്ചയുടെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാൻ വീണ്ടും ഉന്നതതല യോഗം വിളിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP