Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ ആർഎസ്എസുകാരിൽ 70 ശതമാനവും ബീഫ് കഴിക്കുന്നവർ; ആർഎസ്എസിനെ പ്രീണിപ്പിക്കാൻ മുഖ്യമന്ത്രി ഒത്തുകളിക്കുന്നുവെന്നും പിണറായി; കേരള ഹൗസ് സംഭവത്തിൽ പ്രതിഷേധിച്ച് എംപിമാരുടെയും മാദ്ധ്യമപ്രവർത്തകരുടെയും ധർണ; ദേശീയ നേതാക്കളും പ്രതിഷേധവുമായി രംഗത്ത്‌

കേരളത്തിലെ ആർഎസ്എസുകാരിൽ 70 ശതമാനവും ബീഫ് കഴിക്കുന്നവർ; ആർഎസ്എസിനെ പ്രീണിപ്പിക്കാൻ മുഖ്യമന്ത്രി ഒത്തുകളിക്കുന്നുവെന്നും പിണറായി; കേരള ഹൗസ് സംഭവത്തിൽ പ്രതിഷേധിച്ച് എംപിമാരുടെയും മാദ്ധ്യമപ്രവർത്തകരുടെയും ധർണ; ദേശീയ നേതാക്കളും പ്രതിഷേധവുമായി രംഗത്ത്‌

ന്യൂഡൽഹി: ഗോമാംസ വിൽപ്പന ആരോപിച്ചുള്ള പൊലീസ് കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാർ കേരള ഹൗസിൽ ധർണ നടത്തി. ധർണ നടത്തിയ കേരളത്തിൽ നിന്നുള്ള എംപിമാർക്ക് അഭിവാദ്യങ്ങളുമായി സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും കേരള ഹൗസിലെത്തി.

കേരളത്തിലെ ആർഎസ്എസുകാരിൽ ഭൂരിപക്ഷവും ബീഫ് കഴിക്കുന്നവരാണെന്നും ആർഎസ്എസിനെ പ്രീണിപ്പിക്കാൻ വേണ്ടി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒത്തുകളിക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.

കേരള സർക്കാരിന്റെ അധികാരം തന്നെ ചോദ്യം ചെയ്യപ്പെടുംവിധത്തിൽ ഡൽഹി പൊലീസ് കടന്നുകയറിയ സംഭവത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിൽ കണ്ട് പരാതിപ്പെടാത്തതിൽ ദുരൂഹതയുണ്ടെന്നു പിണറായി വിജയൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ആർഎസ്എസ് പ്രീണന നയങ്ങളാണ് ഇതിനു പിന്നിൽ.

കേരളത്തിന്റെ പ്രതിഷേധം നേരിട്ടെത്തി അറിയിക്കുന്നതിനു പകരം കത്തയച്ചു പ്രതിഷേധിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. ഇത് ആർഎസ്എസ് വിധേയത്വമാണു ചൂണ്ടിക്കാട്ടുന്നതെന്നും പിണറായി പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആർഎസ്എസിനോട് അനാവശ്യ വിധേയത്വം പ്രകടിപ്പിക്കുകയാണ്. താത്കാലിക രാഷട്രീയ ലാഭത്തിനു ആർഎസ്എസിന്റെ പിന്തുണ നേടാനാണ് ഇതൊക്കെ ചെയ്യുന്നത്. കേരളത്തിലെ ആർഎസ്എസ്സുകാരിൽ 70 ശതമാനം പേരും ബീഫ് കഴിക്കുന്നവരാണ്. അങ്ങനെയുള്ള ആളുകൾ വർഗീയ അന്തരീക്ഷം സൃഷ്ടിക്കാൻ പശുവിന്റെ പേരിൽ ലഹള സംഘടിപ്പിക്കുകയാണ്. മനുഷ്യർ എന്ത് ഭക്ഷിക്കണം എന്നു തീരുമാനിക്കേണ്ടത് വർഗീയ കക്ഷികളല്ല. കേരളം ഒറ്റക്കെട്ടായി ഇതിനെ എതിർക്കണമെന്നും പിണറായി പറഞ്ഞു.

കേരള ഹൗസ് കേവലമായ ഭക്ഷശാല മാത്രമല്ല. തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് കഴിഞ്ഞാലുള്ള ഭരണ കേന്ദ്രം കൂടിയാണ്. ഇതിനകത്തേക്ക് ഡൽഹി പൊലിസ് കയറണമെങ്കിൽ റസിഡന്റ് കമ്മീഷണറുടെ അനുമതി വേണം. എന്നാൽ അനുമതി വാങ്ങിയല്ല 30 ഓളം പൊലിസുകാർ കേരള ഹൗസിൽ ഇരച്ചുകയറിയത്. അധികൃതമായി വാങ്ങിയ മാംസം പാകം ചെയ്താൽ എങ്ങനെയാണ് കുറ്റകരമാവുക. പരാതിയുണ്ടെങ്കിൽ റസിഡന്റ് കമ്മീഷണറെ സമീപിക്കണം. ഔദ്യോഗികമായി റസിഡന്റ് കമ്മീഷൻ മറുപടി പറയും. എന്നാൽ ഈ മര്യാദ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പാലിച്ചില്ലെന്നും പിണറായി പറഞ്ഞു.

ഫെഡറൽ തത്വം ലംഘിച്ചുകൊണ്ടാണു കേരള ഹൗസിൽ പൊലീസിനെ അയച്ചത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. യഥാർത്ഥത്തിൽ മലയാളിയുടെ ആത്മാഭിമാനത്തെയും മലയാളിയുടെ ഭക്ഷണ രീതിയേയും ചോദ്യം ചെയ്തു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തങ്ങളുടെ പോക്കറ്റിൽ നിൽക്കുന്നയാളാണെന്ന് ആർഎസ്എസിന് അറിയാമെന്നും പിണറായി പറഞ്ഞു.

കേരള ഹൗസിൽ നടന്ന ധർണയിൽ എംപിമാരായ പി കെ ശ്രീമതി, എ സമ്പത്ത്, സി പി നാരായണൻ എന്നിവർ പങ്കെടുത്തു. തുടർന്ന് കേരളത്തിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകരും കേരള ഹൗസ് കവാടത്തിൽ ധർണ നടത്തി. ഭക്ഷണം കഴിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാദ്ധ്യമപ്രവർത്തകരും ധർണ നടത്തിയത്.

ഇന്നലെ കേരള ഹൗസിൽ ഗോമാംസം വിൽക്കുന്നുവെന്ന പരാതിയെ തുടർന്നു ഡൽഹി പൊലീസ് റെയ്ഡ് നടത്തിയ സംഭവം ദേശീയതലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. ദേശീയ നേതാക്കളിൽ പലരും സംഭവത്തെ അപലപിച്ചു.

പശുവിറച്ചിയുണ്ടെന്ന വ്യാജസന്ദേശത്തെ തുടർന്ന് ഡൽഹിയിലെ കേരളാ ഹൗസ് റെയ്ഡ് നടത്തിയ ഡൽഹി പൊലീസ് നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കത്തയച്ചിരുന്നു. കേരളഹൗസിലെ റെയ്ഡ് അപലപനീയമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കി. റെയ്ഡ് അപലപനീയമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഡൽഹി ലഫ്. ഗവർണറെ സർക്കാർ പ്രതിഷേധമറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള ഹൗസിൽ പൊലീസ് നടത്തിയ ബീഫ് റെയ്ഡിനെ അപലപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി. കേരള ഹൗസ് എന്നതൊരു സർക്കാർ സംവിധാനമാണ്, അല്ലാതെ സ്വകാര്യ ഹോട്ടൽ അല്ല. ഡൽഹി പൊലീസിന് ഇവിടെ ഒരു കാര്യവുമില്ല. രാജ്യത്തിന്റെ ഫെഡറൽ സ്ട്രക്ചറിന്മേലുള്ള അക്രമമാണിത്. ഡൽഹി പൊലീസ് പ്രവർത്തിക്കുന്നത് ബിജെപിയെയും ശിവസേനയും പോലെയാണ്. ബിജെപിക്കും മോദിക്കും ഇഷ്ടപ്പെടാത്തത് ഒരു മുഖ്യമന്ത്രി കഴിക്കുന്നുണ്ടെന്ന് തോന്നിയാൽ നിങ്ങൾ സംസ്ഥാനഭവനിൽ പോയി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോ' എന്നും കെജ്‌രിവാൾ ചോദിച്ചു.

ഡൽഹി കേരള ഹൗസിൽ പൊലീസ് നടത്തിയ ബീഫ് റെയ്ഡിൽ പ്രധാനമന്ത്രിയെ കേരളത്തിന്റെ പ്രതിഷേധം അറിയിക്കാത്ത മുഖ്യമന്ത്രിയുടെ നടപടി അപമാനമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഡൽഹി സംഭവം കേരളീയരുടെ ആത്മാഭിമാനത്തിനേറ്റ മുറിവാണ്. കേരള ഹൗസിലെ ഭക്ഷണശാലയിൽ എന്ത് വേവണമെന്നും ഏത് അടുപ്പ് പ്രവർത്തിക്കണമെന്നും തീരുമാനിക്കാനുള്ള അധികാരം ഹിന്ദുസേനയുടേതല്ല. ഹിന്ദുസേനയുടെ താൽപര്യപ്രകാരം കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊലീസ് ഡൽഹിയിലെ കേരള ഹൗസിൽ അതിക്രമിച്ചുകയറി ഭക്ഷണപരിശോധന നടത്തിയത് ധിക്കാരമാണെന്നും കോടിയേരി പറഞ്ഞു.

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡൽഹിയിലെ കേരള ഹൗസിന്റെ ചുമതല മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന പൊതുഭരണവകുപ്പിനാണ്. എന്നിട്ടും ബീഫ് റെയ്ഡിനെപറ്റി പ്രതികരിക്കാൻ പന്ത്രണ്ട് മണിക്കൂർ വൈകിയത് ആശ്ചര്യകരമാണ്. പ്രതികരിച്ചപ്പോഴാകട്ടെ അത് വർഗീയശക്തികളോടുള്ള ലജ്ജാകരമായ കീഴടങ്ങലുമായെന്നും കോടിയേരി പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP