Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗോരഖ്പുരിലെ കുട്ടികളുടെ കൂട്ട മരണത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു; സംഭവവികാസങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ്; ഓക്‌സിജൻ സിലിണ്ടറിന്റെ ലഭ്യതക്കുറവില്ലെന്ന് പറഞ്ഞ് തടിയൂരാൻ യോഗി സർക്കാറിന്റെ ശ്രമം; മുഖ്യമന്ത്രി സ്വന്തം മണ്ഡലത്തിൽ നടന്ന ദുരന്തത്തിൽ ജനങ്ങളോട് മാപ്പുപറയണമെന്ന് പ്രതിപക്ഷം

ഗോരഖ്പുരിലെ കുട്ടികളുടെ കൂട്ട മരണത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു; സംഭവവികാസങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ്; ഓക്‌സിജൻ സിലിണ്ടറിന്റെ ലഭ്യതക്കുറവില്ലെന്ന് പറഞ്ഞ് തടിയൂരാൻ യോഗി സർക്കാറിന്റെ ശ്രമം; മുഖ്യമന്ത്രി സ്വന്തം മണ്ഡലത്തിൽ നടന്ന ദുരന്തത്തിൽ ജനങ്ങളോട് മാപ്പുപറയണമെന്ന് പ്രതിപക്ഷം

ഗോരഖ്പുർ: ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ കുരുന്നുകളുടെ ദുരന്തം രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു. ഗോരഖ്പുരിലെ ബാബാ രാഘവ്ദാസ് (ബിആർഡി) മെഡിക്കൽ കോളജിൽ പിഞ്ചു കുട്ടികൾ ഉൾപ്പെടെ 63 പേർ മരിച്ച സംഭവം അന്തർദേശിയ തലത്തിൽ തന്നെ വലിയ ദുരന്ത വാർത്തയായി മാറിയ സാഹചര്യത്തിൽ വിഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെട്ടു. യുപി സർക്കാരുമായും ഉദ്യോഗസ്ഥരുമായും നിരന്തര സമ്പർക്കം പുലർത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, സംഭവവികാസങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ദുരന്തമുണ്ടായ ഗോരഖ്പുരിലെ ആശുപത്രി സന്ദർശിക്കാൻ ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ, കേന്ദ്ര ആരോഗ്യ സെക്രട്ടറി എന്നിവർക്ക് ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ നിർദ്ദേശം നൽകി.

അതേസമയം, ഓക്‌സിജൻ സിലിണ്ടറുകളുടെ അഭാവത്തെ തുടർന്നാണ് കുട്ടികൾ മരിച്ചതെന്ന വാർത്ത തള്ളിക്കൊണ്ട് വിഷയത്തിൽ കൈകഴുകാനാണ് യുപി സർക്കാറിന്റെ ശ്രമം. വിവിധ അസുഖങ്ങൾ ബാധിച്ചാണ് കുട്ടികൾ മരിച്ചതെന്നാണ് സംസ്ഥാന സർക്കാർ നൽകുന്ന വിശദീകരണം. ഓക്‌സിജൻ സിലിണ്ടറിന്റെ ലഭ്യതക്കുറവിനെ തുടർന്ന് 48 മണിക്കൂറിനിടെ മാത്രം 30 കുട്ടികൾ മരിച്ചെന്നാണ് റിപ്പോർട്ടുകൾ തള്ളുകയാണ് യുപി സർക്കാർ.

വിവിധ അസുഖങ്ങളെ തുടർന്ന് ഓഗസ്റ്റ് ഏഴു മുതൽ ശിശുരോഗ വിഭാഗത്തിൽ 60 കുട്ടികൾ മരിച്ചുവെന്ന് ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ് പറഞ്ഞു. ജൂലൈ ഒൻപതിനും ഓഗസ്റ്റ് ഒൻപതിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദർശിച്ചിരുന്നു. അപ്പോഴൊന്നും ഓക്‌സിജൻ സിലിണ്ടറിന്റെ ലഭ്യതക്കുറവുള്ള കാര്യം ആശുപത്രി അധികൃതർ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നില്ലെന്നും സിദ്ധാർഥ് നാഥ് പറഞ്ഞു.

ദുഃഖകരമായ സംഭവമാണ് ഉണ്ടായതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ബിആർഡി മെഡിക്കൽ കോളജിനുനേരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പിന്നാലെ, അന്വേഷണ വിധേയമായി മെഡിക്കൽ കോളജ് സൂപ്രണ്ടിനെ സർക്കാർ സസ്‌പെൻഡ് ചെയ്തു. സസ്‌പെൻഷനിലായ സൂപ്രണ്ട് രാജിവച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി യുപി മെഡിക്കൽ വിദ്യാഭ്യാസമന്ത്രി അശുതോഷ് തൻഡൻ അറിയിച്ചു.

അതേസമയം ഗോരഖ്പൂരിലെ ആശുപത്രിയിൽ 30 കുട്ടികൾ അടക്കം 63 കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ പ്രതിപക്ഷം. സംഭവത്തിന്റെ പേരിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളോട് മാപ്പ് പറയണണെന്ന് ബാബ രാഘവ് ദാസ് മെഡിക്കൽ കോളേജ് സന്ദർശിച്ചശേഷം കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.

സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രാജ് ബബ്ബാറിനൊപ്പമാണ് ഗുലാം നബി ആശുപത്രിയിലെത്തിയത്. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ നടന്ന സംഭവത്തിൽ അദ്ദേഹം മൗനം വെടിയണമെന്ന് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ സമാജ് വാദി പാർട്ടി ആവശ്യപ്പെട്ടു.
രാജ്യത്തെ നടുക്കിയ സംഭവത്തിൽ യോഗി ആദിത്യനാഥ് ഒരു വാക്കുപോലും പറയാത്തത് നിർഭാഗ്യകരമാണെന്ന് സമാജ് വാദി പാർട്ടി ജനറൽ സെക്രട്ടറി രാം ഗോപാൽ യാദവ് പറഞ്ഞു. സംഭവത്തിന് ശേഷവും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ച ആവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെ നിരവധി ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയൊ സ്ഥലം മാറ്റുകയൊ ചെയ്തതിനാൽ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവിടെ ആരുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് ബി.എസ്‌പി നേതാവ് മായാവതി ആവശ്യപ്പെട്ടു. ബി.എസ്‌പിയുടെ മൂന്നംഗ സംഘം ആശുപത്രി സന്ദർശിക്കുമെന്നും അവർ വ്യക്തമാക്കി. ഗുരുതരമായ അലംഭാവം പുലർത്തിയ സംസ്ഥാന സർക്കാർ ഇപ്പോൾ നിശബ്ദത പാലിക്കുകയാണെന്ന ആരോപണവുമായി ആം ആദ്മി പാർട്ടിയും രംഗത്തെത്തിയിട്ടുണ്ട്.

മസ്തിഷ്‌കത്തിലെ അണുബാധ ചികിൽസയ്ക്ക് പേരുകേട്ട ആശുപത്രിയാണ് ഉത്തർപ്രദേശിലെ ഗോരഖ്പുരിലുള്ള രാഘവ്ദാസ് മെഡിക്കൽ കോളജ്. കുട്ടികളുടെ മരണം റിപ്പോർട്ട് ചെയ്തതു മുതൽ ഓക്‌സിജന്റെ തടസം മൂലമല്ല അപകടം ഉണ്ടായത് എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, ഇവിടെ ഓക്‌സിജൻ സിലണ്ടറുകൾക്ക് ക്ഷാമമുണ്ടായിരുന്നുവെന്ന് അധികൃതർ സമ്മതിക്കുകയും ചെയ്യുന്നു. ആശുപത്രിയിൽ ഓക്‌സിജൻ വിതരണം ചെയ്തിരുന്ന കമ്പനിക്ക് 68 ലക്ഷം രൂപ കുടിശിക വരുത്തിയിരുന്നു. ഇതേത്തുടർന്നു കമ്പനി വ്യാഴാഴ്ച ഓക്‌സിജൻ വിതരണം നിർത്തി വയ്ക്കുകയായിരുന്നുവെന്നാണു റിപ്പോർട്ട്. പകരം സംവിധാനം ഏർപ്പാടാക്കാൻ ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നുവെന്നാണ് സർക്കാർ പറയുന്നത്. ഓക്‌സിജൻ സിലിണ്ടറിന്റെ ലഭ്യതക്കുറവ് ചൂണ്ടിക്കാണിച്ച് ശിശുരോഗ വിഭാഗം ആശുപത്രി അധികൃതർക്ക് നൽകിയ കത്തും പുറത്തായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP