Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡ്യൂട്ടി മാനേജരെ ചെരിപ്പൂരി അടിച്ച ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്വാദിനെ കരിമ്പട്ടികയിൽപ്പെടുത്തിയ എയർ ഇന്ത്യ; പിന്നാലെ യാത്രാ നിരോധവുമായി മറ്റ് വിമാനക്കമ്പനികളും; കൈവിട്ട് പാർട്ടിയും; പരാത ലഭിച്ചാൽ നടപടിയെന്ന് വ്യക്തമാക്കി ലോക്‌സഭാ സ്പീക്കറും

ഡ്യൂട്ടി മാനേജരെ ചെരിപ്പൂരി അടിച്ച ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്വാദിനെ കരിമ്പട്ടികയിൽപ്പെടുത്തിയ എയർ ഇന്ത്യ; പിന്നാലെ യാത്രാ നിരോധവുമായി മറ്റ് വിമാനക്കമ്പനികളും; കൈവിട്ട് പാർട്ടിയും; പരാത ലഭിച്ചാൽ നടപടിയെന്ന് വ്യക്തമാക്കി ലോക്‌സഭാ സ്പീക്കറും

ന്യൂഡൽഹി: എയർഇന്ത്യ വിമാനത്തിലെ ഡ്യൂട്ടി മാനേജരെ ചെരിപ്പൂരി കരണത്തടിച്ച ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്വാദിനെ കരിമ്പട്ടികയിൽപ്പെടുത്തിയ എയർ ഇന്ത്യ. ഇനി മേലിൽ ഗെയ്ക്ക്വാദിനെ വിമാനത്തിൽ കയറ്റില്ലെന്ന് പ്രഖ്യാപിച്ച എയർഇന്ത്യയ്ക്ക് പിന്നാലെ കൂടുതൽ സ്വകാര്യ വിമാന കമ്പനികളും എപിക്ക് വിലക്കേർപ്പെടുത്തി രംഗത്തെത്തി. എംപിയെ വിമാനത്തിൽ കയറ്റില്ലെന്നു വ്യക്തമാക്കി ജെറ്റ് എയർവേസ്, സ്‌പൈസ് ജെറ്റ്, ഇൻഡിഗോ, ഗോ എയർ തുടങ്ങിയ വിമാനക്കമ്പനികളും രംഗത്തെത്തി. ഇവർ അംഗങ്ങളായ 'ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസാ'ണ് എംപിക്ക് യാത്രാവിലക്കേർപ്പെടുത്തിയത്.

അക്രമത്തിനുശേഷം, എയർ ഇന്ത്യ വിമാനത്തിൽ രാജ്യത്തിനകത്തും, വിദേശത്തേക്കും സഞ്ചരിക്കാൻ എംപിക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, വിമാനയാത്രയിൽനിന്നു തന്നെ തടയാൻ ആർക്കുമാകില്ലെന്ന് രവീന്ദ്ര ഗെയ്ക്ക്വാദ് പ്രതികരിച്ചു. അതേസമയം, മോശമായി പെരുമാറിയ എംപിക്കെതിരെ ശിവസേന നടപടി സ്വീകരിച്ചേക്കും. എംപിക്കെതിരെ പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്ന് ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജനും വ്യക്തമാക്കി. അതിനിടെ, രവീന്ദ്ര ഗെയ്ക്ക്വാദിനെതിരെ പാർട്ടിതലത്തിൽ നടപടിയുണ്ടായേക്കുമെന്ന സൂചനയും ശക്തമാണ്.

എംപിയെ മുംബൈയിലെ ശിവസേന ആസ്ഥാനത്തേക്ക് പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ വിളിച്ചുവരുത്തിയിട്ടുണ്ട്. സംഭവം പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്നതാണെന്നും, അക്രമത്തെ പിന്തുണയ്ക്കാൻ കഴിയില്ലെന്നുമാണ് ശിവസേന നിലപാട്. പൊലീസുകാരോട് മോശമായി പെരുമാറിയതുൾപ്പെടെ നേരത്തെയും പരാതിക്കിടയാക്കിയ എംപിയാണ് രവീന്ദ്ര ഗെയ്ക്ക്വാദെന്നും, കർശന നടപടിയെടുക്കാൻ ശിവസേന തയ്യാറാകണമെന്നും മഹാരാഷ്ട്രയിലെ ബിജെപി നേതാക്കളും ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും വിമാനം 40 മിനിറ്റോളം വൈകിപ്പിച്ചതിനും എംപിക്കെതിരെ രണ്ടു പരാതികളും വിമാനക്കമ്പനി നൽകിയിട്ടുണ്ട്. അതേസമയം, യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിലവിലുള്ളതുപോലെ യാത്രാനിരോധനം ഏർപ്പെടുത്തേണ്ടവരുടെ ഒരു പട്ടിക തയാറാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് എയർ ഇന്ത്യ വൃത്തങ്ങൾ വെളിപ്പെടുത്തി. ഗെയ്ക്ക്വാദിനെപ്പോലുള്ളവരെ വിമാനയാത്രകളിൽനിന്നു വിലക്കുന്ന സംവിധാനമാണ് ആലോചിക്കുന്നത്. ഇത്തരക്കാർ ടിക്കറ്റെടുക്കാൻ ശ്രമിക്കുമ്പോൾ തന്നെ വിമാന കമ്പനിക്കു വിവരം ലഭിക്കും.

എയർ ഇന്ത്യ ജീവനക്കാരനെ 25 തവണ താൻ അടിച്ചുവെന്നു മാധ്യമങ്ങൾക്കു മുന്നിൽ ഗെയ്ക്ക്വാദ് വെളിപ്പെടുത്തിയിരുന്നു. മർദനമേറ്റ ഉദ്യോഗസ്ഥൻ സുകുമാർ (60) പൊലീസിൽ പരാതി നൽകി. എംപി വളരെ മോശമായി പെരുമാറുകയും അസഭ്യം പറയുകയും മർദിക്കുകയും കണ്ണട തകർക്കുകയും ചെയ്തുവെന്ന് സുകുമാർ പറഞ്ഞു.

മർദ്ദിച്ചതിനു പുറമേ വിമാനത്തിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാതെ വിമാനം 40 മിനിറ്റോളം തടഞ്ഞിടുകയും ചെയ്തു. സംഭവത്തിൽ എംപിക്കെതിരെ എയർഇന്ത്യ രണ്ടു കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ശിവസേനയും സംഭവത്തിൽ രവീന്ദ്ര ഗെയ്ക്ക്വാദിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. മർദ്ദനമേറ്റ സുകുമാർ പൊലീസിൽ പരാതി നൽകി. തന്നെ അസഭ്യം പറഞ്ഞതായും മോശമായി പെരുമാറുകയും ചെയ്തതായി സുകുമാർ പറയുന്നു. മർദ്ദിക്കുകയും കണ്ണട തകർക്കുകയും ചെയ്തെന്നും പരാതിയിലുണ്ട്.

ന്യുഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഇന്നലെ രാവിലെ 10.30നാണ് സംഭവം ഉണ്ടായത്. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിൽ നിന്നുള്ള ലോക്സഭാംഗമാണ് ഗെയ്ക്ക്വാദ്. പുണെയിൽ നിന്നു ഡൽഹിയിലെത്തിയ എയർഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഗെയ്ക്ക്വാദ്. വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തതിനു ശേഷമാണ് സംഭവം അരങ്ങേറിയത്. ബിസിനസ് ക്ലാസ് ടിക്കറ്റുണ്ടായിട്ടും എക്കോണമി ക്ലാസിൽ യാത്ര ചെയ്യേണ്ടിവന്നതിൽ പ്രതിഷേധിച്ച് ഗെയ്ക്ക്വാദ് വിമാനത്തിൽ നിന്നും ഇറങ്ങാൻ കൂട്ടാക്കിയില്ല.

ഇതോടെ വിമാന ജീവനക്കാരൻ എത്തി ഗെയ്ക്ക്വാദിനോടു ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇതോടെ ക്ഷുഭിതനായ ഗെയ്ക്ക്വാദ് ജീവനക്കാരനെ ചെരുപ്പൂരി അടിക്കുകയായിരുന്നു. എന്നാൽ, തന്നോട് മോശമായി പെരുമാറിയതിനാലാണ് ജീവനക്കാരനെ കൈകാര്യം ചെയ്തതെന്നായിരുന്നു രവീന്ദ്ര ഗെയ്ക്ക്വാദിന്റെ വിശദീകരണം. ബിസിനസ് ക്ലാസ് ടിക്കറ്റാണ് താൻ എടുത്തിരുന്നതെന്നും വിമാന ജോലിക്കാർ തന്നത് എക്കോണമി ക്ലാസാണെന്നും ഗെയ്ക്ക്വാദ് ആരോപിച്ചു.

ബിസിനസ് ക്ലാസ് ടിക്കറ്റാണ് തന്റെ കയ്യിലുള്ളതെന്നു കാണിച്ചിട്ടും സീറ്റ് തന്നില്ലെന്നും ഗെയ്ക്ക്വാദ് ആരോപിക്കുന്നു. ഇത്തരം സംഭവങ്ങൾ പതിവായിരിക്കുകയാണെന്നും അതുകൊണ്ടാണ് ദേഷ്യം അടക്കാനാകാതെ ജീവനക്കാരനെ തല്ലിയതെന്നും എംപി പറഞ്ഞു. അതേസമയം, ബിസിനസ് ക്ലാസിൽ സീറ്റ് ഒഴിവില്ലാത്തതിനാലാണ് എംപിക്ക് എക്കോണമി ക്ലാസിൽ സീറ്റ് നൽകിയതെന്നാണ് എയർഇന്ത്യയുടെ വിശദീകരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP