Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എ പി ജെ അബ്ദുൾ കലാമിന് ഇന്ദ്രപ്രസ്ഥം വിട നൽകി; മൃതദേഹം രാമേശ്വരത്ത് എത്തിച്ചു; സംസ്‌കാര ചടങ്ങിൽ കേരളത്തെ പ്രതിനിധാനം ചെയ്തു മുഖ്യമന്ത്രിയും ഗവർണറും പ്രതിപക്ഷ നേതാവും പങ്കെടുക്കും

എ പി ജെ അബ്ദുൾ കലാമിന് ഇന്ദ്രപ്രസ്ഥം വിട നൽകി; മൃതദേഹം രാമേശ്വരത്ത് എത്തിച്ചു; സംസ്‌കാര ചടങ്ങിൽ കേരളത്തെ പ്രതിനിധാനം ചെയ്തു മുഖ്യമന്ത്രിയും ഗവർണറും പ്രതിപക്ഷ നേതാവും പങ്കെടുക്കും

ന്യൂഡൽഹി: അന്തരിച്ച മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന് രാജ്യ തലസ്ഥാനം വിടനൽകി. മൃതദേഹം ഡൽഹിയിൽ നിന്ന് ജന്മനാടായ തമിഴ്‌നാട്ടിലെ രാമേശ്വരത്തേക്ക് കൊണ്ടുപോയി. പാലം വിമാനത്താവളത്തിൽ നിന്ന് വ്യോമസേനയുടെ വിമാനത്തിൽ മധുരയിലെത്തിച്ച മൃതദേഹം അവിടെ നിന്ന് ഹെലികോപ്ടർ മാർഗമാണ് രാമേശ്വരത്തുകൊണ്ടുവന്നത്.

ചൊവ്വാഴ്ച വൈകിട്ട് മുതൽ ഇന്നു രാവിലെ വരെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ കലാമിന്റെ മൃതദേഹം പൊതുദർശനത്തിനു വച്ചിരുന്നു. സമൂഹത്തിന്റെ നാനാതുറകളിൽ പെട്ടവർ കലാമിന് അന്ത്യാഞ്ജലി അർപ്പിച്ചു.

ഉച്ചതിരിഞ്ഞാണ് ഹെലികോപ്ടർ മാർഗം രാമേശ്വരത്തിന് സമീപത്തെ മണ്ഡപത്തിൽ കലാമിന്റെ മൃതദേഹം എത്തിച്ചത്. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണു പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തുക.

അബ്ദുൾ കലാമിന്റെ സംസ്‌കാര ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. പ്രധാനമന്ത്രി നാളെ രാവിലെ രാമേശ്വരത്ത് എത്തിച്ചേരും. 11 മണിയോടെ അദ്ദേഹം ചടങ്ങിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേരളത്തെ പ്രതിനിധാനം ചെയ്തു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഗവർണർ പി സദാശിവം, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ, സ്പീക്കർ എൻ ശക്തൻ എന്നിവർ പങ്കെടുക്കും. 

രാമേശ്വരംമധുര റോഡിലെ പേക്കരിമ്പ് എന്ന സ്ഥലത്തെ 1.85 ഏക്കർ സ്ഥലമാണ് അബ്ദുൽ കലാമിന്റെ ഖബറടക്കത്തിനായി തെരഞ്ഞെടുത്തത്. ഇതിന്റെ ഒരുക്കങ്ങൾ ഇവിടെ നടന്നുവരികയാണ്. ഭാവിയിൽ കലാമിന്റെ സ്മാരകം നിർമ്മിക്കുന്നതിന് വേണ്ടിയാണ് സർക്കാർ സ്ഥലംവിട്ടു നൽകിയത്. പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിന്റെ സുരക്ഷാ ക്രമീകരണങ്ങൾക്കായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാമേശ്വരത്ത് എത്തിയിട്ടുണ്ട്. അബ്ദുൽ കലാമിന്റെ ഖബറടക്കം നടക്കുന്ന ജൂലൈ 30ന് തമിഴ്‌നാട്ടിൽ പൊതുഅവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. സ്‌കൂളുകൾ, കോളജുകൾ, സർക്കാർ ഓഫിസുകൾ, പൊതുമേഖലാ- സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അവധിയായിരിക്കും.

ഇന്നലെ ഡൽഹിയിൽ എത്തിച്ച മൃതദേഹത്തിൽ പതിനായിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. ഷില്ലോങ്ങിൽ നിന്നു ഡൽഹി പാലം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയതു രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും സേനാമേധാവികളും ചേർന്നാണ്. രാജാജി റോഡിലെ വസതിക്കു മുന്നിൽ വൻ ജനാവലിയാണ് അന്ത്യോപചാരമർപ്പിക്കാനെത്തിയത്. സ്‌കൂൾ-കോളജ് വിദ്യാർത്ഥികളും യുവാക്കളുമായിരുന്നു അവരിലേറെയും. ആയിരക്കണക്കിനാളുകൾ ഡൽഹിയിലെ വസതിയിലെത്തിയതോടെ പൊതുദർശനം രാത്രി വൈകും വരെ നീണ്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP