Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭ്യാസത്തിനിടെ പെരുമ്പാമ്പ് കഴുത്തിൽ ചുറ്റിവരിഞ്ഞതോടെ പാമ്പാട്ടി പിടഞ്ഞുവീണു; അഭ്യാസം ഗംഭീരമായെന്ന് കരുതി പണം ഇട്ടുകൊടുത്ത് കാണികൾ; യുപിയിലെ ദുരന്തത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

അഭ്യാസത്തിനിടെ പെരുമ്പാമ്പ് കഴുത്തിൽ ചുറ്റിവരിഞ്ഞതോടെ പാമ്പാട്ടി പിടഞ്ഞുവീണു; അഭ്യാസം ഗംഭീരമായെന്ന് കരുതി പണം ഇട്ടുകൊടുത്ത് കാണികൾ; യുപിയിലെ ദുരന്തത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

ലക്‌നൗ: പെരുമ്പാമ്പുമൊത്ത് അഭ്യാസം നടത്തുകയായിരുന്ന പാമ്പാട്ടി, കാണികൾ നോക്കിനിൽക്കെ പിടഞ്ഞുവീണിട്ടും അത് അഭ്യാസത്തിന്റെ ഭാഗമാണെന്ന് കരുതി കാണികൾ. കുറേ നേരം കഴിഞ്ഞിട്ടും കഴുത്തിൽ ചുറ്റിയ പെരുമ്പാമ്പുമായി ശ്വാസംമുട്ടി കിടന്ന പാമ്പാട്ടിയുടെ അടുത്തേക്ക് ആദ്യമൊന്നും ആരും അടുക്കാതെ നിൽക്കുന്നതും പ്രകടനം ഗംഭീരമെന്ന് അഭിപ്രായപ്പെട്ട് പണം എറിഞ്ഞുകൊടുക്കുന്നതുമായ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു.

ഉത്തർ പ്രദേശിലെ മൗനാധ് ഭഞ്ജനിലാണ് ഇത്തരമൊരു ദുരന്തം ഉണ്ടായത്. പെരുമ്പാമ്പിനെ കഴുത്തിൽ ചുറ്റിയുള്ള അഭ്യാസമാണ് വിനയായത്. കഴുത്തിൽ പൊടുന്നനെ ശക്തമായി ചുറ്റിവരിഞ്ഞ പാമ്പ് പാമ്പാട്ടിയെ ശ്വാസംമുട്ടിച്ച് വീഴ്‌ത്തുകയായിരുന്നു. എന്നാൽ അഭ്യാസത്തിനിടെ പാമ്പുമായി പാമ്പാട്ടി താഴെ കമഴ്ന്നു വീണത് അഭ്യാസത്തിന്റെ ഭാഗമാണെന്ന് കരുതി കാണികൾ കുറേ നേരത്തേക്ക് ഇനിയെന്ത് സംഭവിക്കുമെന്ന് കാത്ത് നിൽക്കുകയായിരുന്നു.

കുറേ നേരം ശ്വാസംകിട്ടാതെ വെപ്രാളപ്പെടുന്നതു കാണാം ദൃശ്യങ്ങളിൽ. എന്നാൽ അപ്പോഴും രക്ഷിക്കാൻ ആരും തുനിഞ്ഞില്ല. അഭ്യാസം ഗംഭീരം എന്ന മട്ടിൽ പലരും പണം ഇടയ്ക്കിടെ ഇടുകയും ചെയ്തു. കുറേ നേരത്തേക്ക് ഈ സ്ഥിതി തുടരുകയും പാമ്പുപിടി അയച്ച് മാറാൻ തുടങ്ങിയിട്ടും പാമ്പാട്ടി അനക്കമില്ലാതെ കിടക്കുകയും ചെയ്യുന്നത് കണ്ടപ്പോഴാണ് നാട്ടുകാർക്ക് ആപത്ത് മനസ്സിലായത്. ഇതോടെ ധൈര്യപൂർവം ചിലർ പാമ്പിനെ വലിച്ചു മാറ്റാൻ ശ്രമിച്ചു.

എഴുന്നേറ്റുനിന്നുകൊണ്ടാണ് ഇയാൾ പാമ്പിനെ കഴുത്തിൽ ചുറ്റുന്നത്. പതുക്കെ നിലത്തേക്കിരുന്ന ഇയാൾ സെക്കൻഡുകൾക്കകം നിലത്തുവീണു. അപ്പോഴും കാണികൾ ഇത് അഭ്യാസത്തിന്റെ ഭാഗമാണെന്ന് കരുതി കണ്ടുനിന്നു. അപ്പോഴേക്കും ഇയാൾ ശ്വാസംമുട്ടി മരണത്തിന്റെ വക്കിലെത്തിയിരുന്നു. പിന്നീട് മൂന്നുപേർ ഓടിയെത്തി പാമ്പിനെ വലിച്ചുമാറ്റി ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ലെന്നാണ് റിപ്പോർട്ട്. അപകടം മനസ്സിലായതോടെ ചിലർ വെള്ളം നൽകാനും ദൂരെ നിന്ന് വെള്ളം ദേഹത്തേക്ക് ഒഴിക്കാനും ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

പാമ്പിനെ കഴുത്തിൽചുറ്റി സ്ഥിരമായി അഭ്യാസം കാണിക്കാറുള്ളയാളാണ് ഇപ്പോൾ അപകടത്തിൽപ്പെട്ട യുവാവ്. അതുകൊണ്ടാണ് കാണികൾ ആദ്യം ഇടപെടാതിരുന്നതും. എന്നാൽ, എഴുന്നേറ്റുനിന്ന് പെരുമ്പാമ്പിനെ കഴുത്തിലിട്ടപ്പോൾത്തന്നെ അത് വരിഞ്ഞുമുറുക്കാൻ തുടങ്ങിയിരുന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ശ്വാസം മുട്ടിയതനുസരിച്ചാണ് യുവാവ് നിലത്തേക്കിരുന്നതും പിന്നീട് തലയടിച്ച് മുന്നോട്ടുവീണതും. അപ്പോഴേക്കും പാമ്പ് ശരിക്കും വരിഞ്ഞ് മുറുക്കുകയും ചെയ്തിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മരണപ്പെട്ടെന്നുമാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആദ്യം പ്രദേശത്തെ തന്നെ ആശുപത്രിയിൽ എത്തിച്ചുവന്നും നില അത്യന്തം ഗുരുതരമാണെന്ന് കണ്ട് വേറെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ആണ് പ്രാദേശിക റിപ്പോർട്ടുകളിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP