Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'റാഫേൽ ഇടപാടിൽ അഴിമതി ഉള്ളതുകൊണ്ടാണ് സർക്കാർ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാകാത്തത്; ചോദ്യങ്ങളുയർത്തുന്നവരെ സർക്കാർ ദേശവിരുദ്ധരായി മുദ്രകുത്തുന്നു; മാധ്യമങ്ങൾ കുറച്ചെങ്കിലും നട്ടെല്ല് കാണിക്കണം'; റാഫേൽ ഇടപാടിൽ സർക്കാർ അഴിമതി നടത്തിയെന്ന ആരോപണം സഭയിൽ ഉന്നയിച്ച് രാഹുൽഗാന്ധി; മാധ്യമങ്ങൾ വിവരങ്ങൾ പുറത്തുകൊണ്ടുവരാത്തത് സർക്കാരിന്റെ സമ്മർദ്ദം മൂലമെന്നും വിമർശനം

'റാഫേൽ ഇടപാടിൽ അഴിമതി ഉള്ളതുകൊണ്ടാണ് സർക്കാർ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാകാത്തത്; ചോദ്യങ്ങളുയർത്തുന്നവരെ സർക്കാർ ദേശവിരുദ്ധരായി മുദ്രകുത്തുന്നു; മാധ്യമങ്ങൾ കുറച്ചെങ്കിലും നട്ടെല്ല് കാണിക്കണം'; റാഫേൽ ഇടപാടിൽ സർക്കാർ അഴിമതി നടത്തിയെന്ന ആരോപണം സഭയിൽ ഉന്നയിച്ച് രാഹുൽഗാന്ധി; മാധ്യമങ്ങൾ വിവരങ്ങൾ പുറത്തുകൊണ്ടുവരാത്തത് സർക്കാരിന്റെ സമ്മർദ്ദം മൂലമെന്നും വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടാപാടിൽ കേന്ദ്ര സർക്കാരിനെതിരെയും മാധ്യമങ്ങൾക്കെതിരെയും രൂക്ഷ വിമർശവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. ചൊവ്വാഴ്ച നടന്ന പാർലമെന്റ് യോഗത്തിലാണ് റാഫേൽ ഇടപാട് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടണമെന്ന് രാഹുൽഗാന്ധി പ്രതിരോധമന്തിരയോട് ആവശ്യപ്പെട്ടത്. എന്നാൽ ഇടപാടിനെക്കുറിച്ച് പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ പ്രതികരിക്കാൻ തയ്യാറായില്ല. ഇതാണ് രാഹുലിനെ ചൊടിപ്പിച്ചത്.

ചോദ്യങ്ങളുയർത്തുന്നവരെ സർക്കാർ ദേശവിരുദ്ധരായി മുദ്രകുത്തുകയാണെന്നും രാഹുൽ ആരോപിച്ചു. ഇടപാടിൽ അഴിമതി ഉള്ളതുകൊണ്ടാണ് സർക്കാർ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാകാത്തത്. ഗുജറാത്ത് ഇലക്ഷനോട് അനുബന്ധിച്ചുള്ള സമയത്താണ് പ്രധാനമന്ത്രി മോദിക്കെതിരെ രാഹുൽ ഗാന്ധി റാഫേൽ അഴിമതി ഉയർത്തിക്കൊണ്ടുവന്നത്.

'എത്ര തുക റാഫേൽ എയർക്രാഫ്റ്റ് വാങ്ങുന്നതിനായി ചെലവാക്കി എന്ന് സർക്കാർ പറയുന്നില്ല. എന്താണ് ഇതിന്റെ അർഥം. ഈ ഇടമാടിൽ അഴിമതി ഉണ്ടെന്നാണ്. മോദി പാരീസിൽ പോയത് റാഫേൽ ഇടപാടിൽ മാറ്റം വരുത്താനാണ്. ഈ രാജ്യത്തിന് ഇത് അറിയാൻ ആഗ്രഹമുണ്ടെന്ന്' ആരോപണമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. റാഫേൽ ഇടപാട് രാജ്യത്തിന്റെ രഹസ്യമാണെന്ന നിർമ്മല സീതാരാമന്റെ വാദത്തെയും രാഹുൽ പരിഹസിച്ചു. റാഫേലുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിങ്ങൾ എന്തുകൊണ്ട് പ്രധാനമന്ത്രിയോടും പ്രതിരോധമന്ത്രിയോടും ചോദിക്കുന്നില്ലെന്ന് രാഹുൽ മാധ്യമങ്ങളോട് ചോദിച്ചു. എനിക്കറിയാം നിങ്ങൾക്കുമേൽ സമ്മർദ്ദമുണ്ടെന്ന്. എന്നാൽ, മാധ്യമങ്ങൾ കുറച്ചെങ്കിലും നട്ടെല്ല് കാണിക്കണമെന്നും രാഹുൽ പറഞ്ഞു.

ഇരട്ടിയിലേറെ തുക നൽകിയാണ് ഇന്ത്യ ഫ്രാൻസിൽ നിന്നും യുദ്ധവിമാനങ്ങൾ വാങ്ങുന്നതും. നല്ലതെന്ന് കണ്ടെത്തി ഖത്തറും ഈജിപ്തും വാങ്ങുന്ന റാഫേൽ യുദ്ധ വിമാനം ഇന്ത്യ വാങ്ങുമ്പോൾ മാത്രം വില കുതിച്ചു കയറുന്നതാണ് വിവാദത്തിലാക്കിയിരിക്കുന്നത്. ഫ്രാൻസിൽ നിന്നു 36 റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യ വാങ്ങാനൊരുങ്ങുമ്പോഴാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

ഖത്തർ ഒരു റാഫേൽ വിമാനം ഏകദേശം 700 കോടി രൂപയ്ക്ക് വാങ്ങുമ്പോൾ ഇന്ത്യ അതു വാങ്ങുന്നതാകട്ടെ 1526 കോടിയിലധികം രൂപ മുടക്കി. 12 റഫാൽ വിമാനങ്ങൾ വാങ്ങാൻ ഖത്തർ കഴിഞ്ഞ ദിവസം കരാർ ഒപ്പുവച്ചതു കുറഞ്ഞ വിലയ്ക്കാണെന്നും ഇന്ത്യയുടേതു നഷ്ടക്കച്ചവടം ആണെന്നുമാണ് ആരോപണം. ഖത്തറിന് ഒരു വിമാനം ഏകദേശം 700 കോടി രൂപയ്ക്കു (9 കോടി യൂറോ) നൽകുമ്പോൾ, അതേ വിമാനത്തിന് ഇന്ത്യ ഇരട്ടിയിലേറെ (24 കോടി യൂറോ കരാർകാലത്തെ വിനിമയനിരക്കിൽ 1526 കോടി രൂപ) നൽകണം. കരാറിൽ അഴിമതി നടന്നെന്ന പ്രതിപക്ഷ ആരോപണത്തിനു വിശ്വാസ്യത പകരുന്നതാണു പുതിയ വിവരങ്ങൾ.

ഇന്ത്യയ്ക്ക് മുൻപ് റാഫേൽ വിമാനങ്ങൾ വാങ്ങിയ രണ്ടു രാജ്യങ്ങളാണ് ഈജിപ്തും ഖത്തറും. ഈജിപ്ത് ഒരു വിമാനത്തിനു 21.70 കോടി യൂറോ ചെലവിട്ട് 24 എണ്ണം 520 കോടി യൂറോയ്ക്കാണു വാങ്ങിയത്. അതായത് ഒരു വിമാനത്തിനു ചെലവായത് 21.70 കോടി യൂറോ. 12 വിമാനങ്ങൾ കൂടി വാങ്ങുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഖത്തർ ആദ്യഘട്ടമായി 630 കോടി യൂറോയ്ക്ക് 24 വിമാനങ്ങൾ വാങ്ങി ഒരു വിമാനവില 26.2 കോടി യൂറോ. എന്നാൽ ഖത്തർ ഇപ്പോൾ 12 വിമാനങ്ങൾ കൂടി വാങ്ങിയപ്പോൾ ഒരെണ്ണത്തിന്റെ വില 9 കോടി യൂറോ മാത്രം. ആകെ വാങ്ങിയ 36 വിമാനത്തിന്റെ ശരാശരി കൂട്ടിയാലും 20.5 കോടി യൂറോ.

രണ്ടാം ഘട്ടത്തിൽ വാങ്ങുമ്പോൾ വില അൽപം കുറയുക പതിവാണെങ്കിലും ഖത്തറുമായുള്ള കരാറിലെ പുതിയ വിലയും ശരാശരി വിലയും പരിഗണിക്കുമ്പോൾ ഇന്ത്യ ഒരു വിമാനത്തിന് 24 കോടി യൂറോ നൽകേണ്ടി വന്നത് ആരോപണങ്ങളുടെ മൂർച്ച കൂട്ടും. പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈയെടുത്ത് 58,000 കോടി രൂപയ്ക്കാണ് (780 കോടി യൂറോ) 36 വിമാനങ്ങൾക്കു കരാർ ഒപ്പിട്ടത്. റഫാലിന്റെ കരുത്ത്, മികവ്, വില എന്നിവയിൽ ആശങ്കകളില്ലെന്നാണ് ആരോപണം ഉയർന്ന ദിവസങ്ങളിൽ പുറത്തുവന്ന വിശദീകരണങ്ങളെങ്കിൽ, ഇപ്പോൾ വിലയിലും നഷ്ടക്കച്ചവടമായെന്നാണു ഖത്തർ കരാർ നൽകുന്ന സൂചന.

വില സംബന്ധിച്ചു കേന്ദ്രസർക്കാർ സുതാര്യത പാലിക്കാത്തതിനെ കോൺഗ്രസ് വിമർശിച്ചിരുന്നു. കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതിയിൽ ആലോചിക്കാതെ പ്രധാനമന്ത്രി കരാറിന് അനുമതി നൽകിയെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്കു വിമാനങ്ങൾ നൽകിയതു കൂടിയ വിലയ്ക്കല്ലെന്നും ചില പ്രത്യേകതകൾ കണക്കിലെടുക്കണമെന്നും റഫാൽ നിർമ്മാതാക്കളായ ദാസോൾത് വ്യക്തമാക്കിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP