Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജെഎൻയുവിൽ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത് എബിവിപി പ്രവർത്തകരോ? വീഡിയോ പ്രചരിക്കുന്നു; രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയവരെ വെറുതെ വിടില്ലെന്ന് രാജ്‌നാഥ് സിങ്; വിദ്യാർത്ഥികളെ കാണാനെത്തിയ രാഹുൽ ഗാന്ധിക്ക് 'ഗോബാക്ക്' വിളി

ജെഎൻയുവിൽ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത് എബിവിപി പ്രവർത്തകരോ? വീഡിയോ പ്രചരിക്കുന്നു; രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയവരെ വെറുതെ വിടില്ലെന്ന് രാജ്‌നാഥ് സിങ്; വിദ്യാർത്ഥികളെ കാണാനെത്തിയ രാഹുൽ ഗാന്ധിക്ക് 'ഗോബാക്ക്' വിളി

ന്യൂഡൽഹി: അഫ്‌സൽ ഗുരു ചരമവാർഷിക ദിനത്തിൽ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ പ്രതിഷേധ പരിപാടിയിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവർത്തകരെന്ന് ആരോപണവും ശക്തമാകുന്നു. പ്രതിഷേധക്കാർക്കിടയിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചവരും അത് ഏറ്റുവിളിക്കുന്നവരും എബിവിപി പരിപാടിയിൽ പങ്കെടുക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ിരിക്കയാണ്. സീ ടിവിയാണ് ഇത്തരമൊരു വീഡിയോ പുറത്തുവിട്ടത്.

പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയവർ ക്യാമ്പസിനുള്ളിൽ നിന്നുള്ളവരല്ല എന്നാണ് ജെഎൻയു വിദ്യാർത്ഥികളുടെ വാദം. ഇവർ എബിവിപി പ്രവർത്തകരാണെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം. പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കുന്നവർ എബിവിപിയുടെ പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങളും വീഡിയോയിലുണ്ട്. ജെഎൻയുവിൽ നടന്ന പ്രതിഷേധം തകർക്കാർ ഗൂഢാലോചന നടന്നിരുന്നുവെന്ന വിദ്യാർത്ഥികളുടെ വാദം ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്ന് ദൃശ്യങ്ങളെന്നാണ് സമരക്കാർ അവകാശപ്പെടുന്നത്.

അതിനിടെ ജവഹർ ലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ(ജെ.എൻ.യു) രാജ്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയവരെ വെറുതെ വിടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ്‌വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വിരുദ്ധമായ ചോദ്യങ്ങളുയർത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഡൽഹിയിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. അതേസമയം, കസ്റ്റഡിയിലെടുത്ത യൂണിയൻ പ്രസിഡന്റിനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ കാണാനെത്തിയ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. 'ഗോ ബാക്ക്' വിളികളോടെയാണ് വിദ്യാർത്ഥികൾ കാമ്പസിൽ രാഹുലിനെ സ്വീകരിച്ചത്.

രാഹുലിനെക്കൂടാതെ കോൺഗ്രസ്, ഇടതുപാർട്ടി നേതാക്കളും ജെ.എൻ.യു കാമ്പസിലെത്തിയിരുന്നു. കോൺഗ്രസ് നേതാവും രാജ്യസഭാ ഉപനേതാവുമായ ആനന്ദ് ശർമ്മ, സിപിഐ(എം) ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ എന്നിവരാണ് എത്തിയത്. ജെ.എൻ.യു സ്റ്റുഡന്റ്‌സ് യൂണിയൻ (ജെ.എൻ.യു.എസ്.യു) പ്രസിഡന്റും എ.ഐ.എസ്.എഫ് പ്രവർത്തകനുമായ കനയ്യ കുമാറിനെ വെള്ളിയാഴ്ചയാണ് റിമാൻഡ് ചെയ്ത് മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡിയിലാക്കിയത്. കുമാറിനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥികളാണ് പ്രതിഷേധിക്കുന്നത്.

മുദ്രാവാക്യം മുഴക്കിയതിനെതിരെയും യോഗത്തിന്റെ പേരിലും ബിജെപി എംപി മഹീഷ് ഗിരിയും ജെ.എൻ.യു എ.ബി.വി.പി യൂണിറ്റും പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പരിപാടിയുടെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം, നേതൃത്വം നൽകിയ കുമാറിനെ ഹോസ്റ്റലിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുമാറിനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതുപാർട്ടി, ജനതാദൾ(യുണൈറ്റഡ്) നേതാക്കൾ ഇന്ന് രാജ്‌നാഥ് സിംഗിനെ സന്ദർശിച്ചിരുന്നു. നിരപരാധികൾക്കെതിരെ അന്വേഷണം നടത്തില്ലെന്ന് മന്ത്രി ഉറപ്പുനൽകിയതായി സന്ദർശനശേഷം സിപിഐ(എം) നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. സംഭവത്തിൽ 20 വിദ്യാർത്ഥികളെ പ്രതിചേർത്തിട്ടുണ്ട്. അവർ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കണമെന്നും യെച്ചൂരി പറഞ്ഞു.

അതേസമയം, പൊലീസ് നടപടിക്കെതിരെ കാമ്പസിൽ പ്രതിഷേധപ്രകടനം നടത്തിയ വിദ്യാർത്ഥികളെ അധികൃതർ പുറത്താക്കുകയും ഡീബാർ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ചടങ്ങിൽ പങ്കെടുത്തുവെന്ന് ആരോപിച്ച് ഏഴുപേരെ കൂടി പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. അനുസ്മരണ ചടങ്ങിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് വിദ്യാർത്ഥി യൂണിയൻ നേതാവ് കൻഹയ്യ കുമാറിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ മൂന്നാം വാർഷിക ദിനമായ ഫെബ്രുവരി ഒമ്പതിനാണ് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ അഫ്‌സൽ ഗുരു അനുസ്മരണം നടന്നത്.

അതിനിടെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സഈദിന്റെ പേരിൽ ട്വീറ്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജെ.എൻ.യുവിലെ വിദ്യാർത്ഥികളെ പിന്തുണക്കാൻ പാക്കിസ്ഥാനിലെ സഹോദരങ്ങളോട് അഭ്യർത്ഥിച്ചു കൊണ്ടുള്ളതാണ് ട്വീറ്റ്. പാക്കിസ്ഥാൻ സ്റ്റാൻഡ് വിത്ത് ജെ.എൻ.യു എന്ന ഹാഷ് ടാഗിൽ അറ്റ് ഹാഫിസ് സഇീദ് ജെ.യു.ഡി എന്ന പേരിലാണ് ട്വിറ്ററിൽ വാചകം പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇതിന്റെ സാധുത സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെ എതിർത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചവർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ സർവകലാശാല നൽകിയ ബിരുദ സർട്ടിഫിക്കറ്റുകൾ തിരിച്ചേൽപ്പിക്കുമെന്ന് മുൻ സൈനികർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP