Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റോബർട്ട് വദേരയുടെ നല്ല കാലം കഴിയുന്നു; ദലൈലാമക്കൊപ്പം എയർപോർട്ട് പരിശോധന ഒഴിവാക്കാൻ ചേർത്ത ഏക പേര് വെട്ടും; ഒഴിവാക്കപ്പെടുന്നവരിൽ സൈനിക തലവന്മാരും

റോബർട്ട് വദേരയുടെ നല്ല കാലം കഴിയുന്നു; ദലൈലാമക്കൊപ്പം എയർപോർട്ട് പരിശോധന ഒഴിവാക്കാൻ ചേർത്ത ഏക പേര് വെട്ടും; ഒഴിവാക്കപ്പെടുന്നവരിൽ സൈനിക തലവന്മാരും

യടുത്ത കാലം വരെ റോബർട്ട് വദേരയ്ക്ക് വിമാനമിറങ്ങിയാൽ പരിശോധനകളൊന്നും കൂടാതെ നെരെ വീട്ടിലേക്ക് കാറിൽ കയറി പോകാനുള്ള അവകാശമുണ്ടായിരുന്നു. അതുപോലെത്തന്നെ വിമാനം കയറാനാണെങ്കിൽ വെറും അഞ്ച് മിനിറ്റ് മുമ്പ് വിമാനത്താവളത്തിലെത്തി നേരെയങ്ങ് വിമാനത്തിൽ കയറിയാൽ മതിയായിരുന്നു. ഈ വക ആനുകൂല്യങ്ങളനുഭവിക്കുന്നവരുടെ കൂട്ടത്തിൽ ദലൈലാമയ്‌ക്കൊപ്പമായിരുന്നു വദേരയുടെ പേരുണ്ടായിരുന്നത് എന്നത് ശ്രദ്ധേയമാണ്. അമ്മായിയമ്മ സോണിയയുടെ നിയന്ത്രണത്തിലുള്ള ഭരണകാലത്ത് അനുഭവിച്ച അമ്മാതിരി ആനുകൂല്യങ്ങളൊന്നും ഇനിമേലാൽ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് പ്രതീക്ഷിക്കേണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വദേരയ്ക്ക് പുറമെ മറ്റ് നിരവധി വിഐപികളും അനുഭവിച്ച് വരുന്ന ഈ ആനുകൂല്യം എടുത്ത് കളയാനാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. എയർപോർട്ടുകളിലെ സുരക്ഷാ പരിശോധയിൽ നിന്ന് ഒഴിവാക്കപ്പെട്ട പ്രമുഖരുടെ പട്ടികയിൽ നിന്ന് ആരെയൊക്കെ വെട്ടിനിരത്തണമെന്നത് സംബന്ധിച്ച ലിസ്റ്റ് മന്ത്രാലയം തയ്യാറാക്കി വരികയാണ്. പുതിയ ലിസ്റ്റ് പ്രകാരം നിലവിലുള്ള പത്ത് കാറ്റഗറികളെ ഈ സുരക്ഷാപരിശോധനാ ഇളവിൽ നിന്ന് ഒഴിവാക്കുമെന്നാണ് ഏവിയേഷൻ വൃത്തങ്ങൾ പറയുന്നത്.

റോബർട്ട് വദേരയ്ക്ക് പുറമെ പ്ലാനിങ് കമ്മീഷന്റെ ഡെപ്യൂട്ടി ചെയർമാൻ, കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ, മൂന്ന് സേനയുടെയും തലവന്മാർ തുടങ്ങിയവർ ഒഴിവാക്കപ്പെടുന്നവരുടെ ലിസ്റ്റിൽ ഉൾപ്പടുന്ന പ്രമുഖരാണ്.

ഇതു സംബന്ധിച്ച ചർച്ചകൾ നടത്താനായി സിവിൽ ഏവിയേഷൻ മന്ത്രാലയവും ദി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും (ബിസിഎഎസ്) രണ്ട് വട്ട ചർച്ചകൾ നടത്തിക്കഴിഞ്ഞു. വീണ്ടും ഇതു സംബന്ധിച്ച ചർച്ചകൾ വൈകാതെയുണ്ടാകും. 2007ൽ യുപിഎ സർക്കാർ കൂട്ടിച്ചേർത്ത ഈ കാറ്റഗറികൾ ഒഴിവാക്കാൻ ബിസിഎഎസ് തയ്യാറെടുത്ത് വരികയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വദേരയുടെ കാര്യം ഇക്കൂട്ടത്തിൽ അതിശയം ജനിപ്പിക്കുന്ന വസ്തുതയാണെന്നാണ് ബിസിഎസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്.

പ്ലാനിങ് കമ്മീഷന്റെ ഡെപ്യൂട്ടി ചെയർമാൻ, ഭാരത് രത്‌ന നേടിയവർ, മുഖ്യ തെരഞ്ഞെടുപ്പ് കമമീഷണർ, കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, അറ്റോർണി ജനറൽ, മൂന്ന് സേനകളുടെയും തലവന്മാർ എന്നീ ആറ് കാറ്റഗറികൾ ഈ ലിസ്റ്റിൽ സിവിൽ ഏവിയേഷൻ മന്ത്രാലയം കൂട്ടിച്ചേർത്തത് 2007ലാണ്. ഈ മാസത്തോടെ ഇവർക്ക് ഈ ആനുകൂല്യം ഒഴിവാകാൻ പോകുകയാണെന്നാണ് ബിസിഎസിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞത്.

ഈ ലിസ്റ്റിൽ പെടാത്തവരിൽ ദലൈലാമയെ മാത്രമാണ് വ്യക്തിപരമായ പരിഗണന മാനിച്ച് വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ റോബർട്ട് വദേരയ്ക്കും ദലൈലാമയ്‌ക്കൊപ്പം വ്യക്തിപരമായ ഈ ആനുകൂല്യം നൽകുന്നതെന്തിനാണെന്നാണ് ഇപ്പോൾ ചോദ്യമുയരുന്നത്. എസ്പിജി പ്രൊട്ടക്ഷൻ ലിസ്റ്റിലില്ലാത്ത വദേര എസ്പിജി സംരക്ഷണത്തോടെ യാത്ര ചെയ്യുന്നതിനെതിരെയും ചോദ്യങ്ങൾ ഉയരുന്നുണ്ട്. വദേരയെ ഈ കാറ്റഗറികളിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് 22 കാറ്റഗറികളെ ഉണ്ടായിരുന്നുള്ളൂ. 23-ാമത് കാറ്റഗറിയായാണ് വദേരയെ ഉൾപ്പെടുത്തിയിരിക്കുന്നത്. സിവിൽ എവിയേഷൻ മന്ത്രാലയം പിന്നീട് എട്ട് കാറ്റഗറികൾ കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവയെല്ലാം എക്‌സംപ്‌ററ് കാറ്റഗറികളാണ്. വദേരയെയും ഇതിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ദലൈലാമ, വദേര എന്നിവർ മാത്രമെ വ്യക്തിപരമായ പരിഗണനയുടെ അടിസ്ഥാനത്തിൽ ഇതിൽ സ്ഥാനം പിടിച്ചുള്ളൂ എന്നതാണ് അതിശയകരമായ വസ്തുത.

ചിലർ അനാവശ്യമായ പരിഗണന അനുഭവിക്കുന്നത് ഒഴിവാക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്‌ക്കാരങ്ങൾ വ്യോമയാന മന്ത്രാലയം നടപ്പാക്കാനൊരുങ്ങുന്നത്. ഇളവ് അനുഭവിക്കുന്നവരുടെ ലിസ്റ്റിൽ പുതിയ ആളുകളെ ഉൾപ്പെടുത്തേണമോ എന്നത് സംബന്ധിച്ച നിർദേശങ്ങളും വ്യോമയാന മന്ത്രാലയം തേടുന്നുണ്ട്. മുതിർന്ന ബിജെപി നേതാക്കളെയാരെയെങ്കിലും ഇതിൽ ഉൾപ്പെടുത്തണമോ എന്നാണ് ഇതു കൊണ്ട് മന്ത്രാലയം ഉദ്ദേശിക്കുന്നത്. അത്യാവശ്യമുള്ളവർക്ക് മാത്രം ഈ ആനുകൂല്യം നൽകിയാൽ മതിയെന്നാണ് സിവിൽ ഏവിയേഷൻ മന്ത്രി അശോഗ് ഗജപതി രാജു നിർദേശിച്ചിരിക്കുന്നത്. തന്റെ കുടുംബം വിമാനത്താവളങ്ങളിൽ അനുഭവിക്കുന്ന സുരക്ഷാപരിശോധന ഇളവ് പിൻവലിക്കണമെന്ന് പ്രിയങ്കാ ഗാന്ധി മെയ് 31 ന് എസ്പിജിക്ക് എഴുതിയിരുന്നു. ഇതു സംബന്ധിച്ച ചർച്ചകൾ വ്യോമയാന മന്ത്രാലയം നടത്തുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രിയങ്കയുടെ ഈ നീക്കം.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാന ഗവർണർമാർ, മുൻ രാഷ്ട്രപതിമാർ, മുൻ ഉപരാഷ്ട്രപതിമാർ, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, ലോക്‌സഭാ സ്പീക്കർ, കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ, സംസ്ഥാനങ്ങളിലെ ഉപ മുഖ്യമന്ത്രിമാർ, പ്ലാനിങ് കമ്മീന്റെ ഡെപ്യൂട്ടി ചെയർമാൻ, ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കന്മാർ, ഭാരതരത്‌നം നേടിയവർ, വിദേസരാജ്യങ്ങളിലെ അംബാസിഡർമാർ, സുപ്രീം കോടതി ജ്ഡ്ജിമാർ, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ, കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, രാജ്യസഭയിലെ ഡെപ്യൂട്ടി ചെയർമാനും ലോക്‌സഭിയിലെ ഡെപ്യൂട്ടി സ്പീക്കറും, മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഓഫ് ദി യൂണിയൻ കൗൺസിൽ ഓഫ് മിനിസ്റ്റേർസ്, അറ്റോർണി ജനറൽ ഓഫ് ഇന്ത്യ, ക്യാബിനറ്റ് സെക്രട്ടറി, കേന്ദ്ര ഭരണപ്രദേശങ്ങളിലെ ലെഫ്. ഗവർണർമാർ, ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസുമാർ, കേന്ദ്രഭരണപ്രദേശങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്രഭരണപ്രദേശങ്ങളിലെ ഉപമുഖ്യമന്ത്രിമാർ, വിസിറ്റിങ് ഫോറിൻ ഡിഗ്‌നിറ്ററീസ്, ചീഫ്‌സ് സ്റ്റാഫ്‌സ് ഹോൾഡിങ് ദി റാങ്ക് ഓഫ് ഫുൾ ജനറൽ ഓർ ഇക്യൂവലന്റ് റാങ്ക്, ദലൈലാമ, എസ്പിജി സംരക്ഷണമുള്ളവർ എന്നീ കാറ്റഗറികളിലുള്ളവരാണ് നിലവിൽ വിമാനത്താവളങ്ങളിലെ സുരക്ഷാപരിശോധയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP