Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അംബവിലാസം കൊട്ടാരത്തിൽ അമ്പതിലേറെ ചടങ്ങുകൾ; 500 പേർക്കുമാത്രം പ്രവേശനം; രാജ്യത്തെ എൺപതോളം രാജകുടുംബങ്ങളിൽ ക്ഷണം: രാജകീയ പ്രൗഢി നിറഞ്ഞുതുളുമ്പിയ മണ്ഡപത്തിൽ മൈസൂർ യുവരാജന്‌ മണവാട്ടിയായി രാജസ്ഥാൻ രാജകുമാരി

അംബവിലാസം കൊട്ടാരത്തിൽ അമ്പതിലേറെ ചടങ്ങുകൾ; 500 പേർക്കുമാത്രം പ്രവേശനം; രാജ്യത്തെ എൺപതോളം രാജകുടുംബങ്ങളിൽ ക്ഷണം: രാജകീയ പ്രൗഢി നിറഞ്ഞുതുളുമ്പിയ മണ്ഡപത്തിൽ മൈസൂർ യുവരാജന്‌ മണവാട്ടിയായി രാജസ്ഥാൻ രാജകുമാരി

മൈസൂർ: ആഘോഷലഹരിയും രാജപ്രൗഢിയും നിറഞ്ഞുതുളുമ്പിയ ചടങ്ങിൽ മൈസൂർ മഹാരാജാവ് യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ രാജസ്ഥാൻ രാജകുടുംബത്തിലെ തൃഷിക കുമാരിയെ താലിചാർത്തി പട്ടമഹിഷിയാക്കി. രാജ്യത്തെ രാജകുടുംബങ്ങളിലും വിദേശങ്ങളിലെ റോയൽ കുടുംബങ്ങളിലുമെല്ലാം ക്ഷണമെത്തിയതോടെ രാജവാഴ്ചക്കാലത്തെ അനുസ്മരിപ്പിച്ച ചടങ്ങുകൾക്കാണ് ദിവസങ്ങളായി മൈസൂർ സാക്ഷ്യംവഹിച്ചത്.

ഇന്നുരാവിലെ ഇന്ന് 9.05നും 9.35നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലായിരുന്നു വിവാഹം. ഏതാണ്ട് അഞ്ഞൂറോളം തിരഞ്ഞെടുത്ത് അതിഥികൾക്കുമാത്രമായി വിവാഹമണ്ഡപമൊരുക്കിയ അംബാവിലാസം കൊട്ടാരത്തിലേക്ക് പ്രവേശനം നിജപ്പെടുത്തിയിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി 80 വ്യത്യസ്ത ചടങ്ങുകളാണ് ദിവസങ്ങളായി നടക്കുന്നത്.

ഏറെക്കാലത്തിനു ശേഷം നടക്കുന്ന രാജപരിണയം കാണാൻ വിവിധ ദേശങ്ങളിൽ നിന്നും ജനങ്ങൾ പ്രവഹിച്ചതോടെ മൈസൂരിന് ഇത് മറ്റൊരു ദസറ ആഘോഷമായി മാറി. ഇനിയൊരു രാജ പരിണയം കാണാൻ എത്രനാൾ കാത്തിരിക്കേണ്ടിവരുമെന്നറിയാതെ, മൈസൂരു ആഘോഷലഹരിയിൽ ആറാടിയെന്നു പറയാം. വിവാഹവുമായി ബന്ധപ്പെട്ട നിരവധി ചടങ്ങുകൾ രാജകീയാചാരങ്ങളുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്കുമുമ്പേ തുടങ്ങിയിരുന്നു.

വിവാഹച്ചടങ്ങ് പുലർച്ചെയാണ് ആരംഭിച്ചത്. അംബവിലാസം കൊട്ടാരത്തിനകത്ത് പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാണ് താലികെട്ട് നടന്നത്. മണ്ഡപത്തിൽ രാജകുടുംബാംഗങ്ങളായ 500 പേർക്കു മാത്രമായിരുന്നു പ്രവേശനം. ഇന്നു വൈകിട്ട് ദമ്പതികളെ സ്വീകരിച്ച് അലങ്കരിച്ച ഊഞ്ഞാലിലിരുത്തി ആട്ടുന്ന 'ഉരുട്ടനെ എൻ ഉയിരെ' ചടങ്ങ് നടക്കും. വിവാഹസന്ധ്യയ്ക്കു സംഗീതചാരുത പകരാൻ മൈസൂർ ബ്രദേഴ്‌സിന്റെ സംഗീതക്കച്ചേരിയും ഉണ്ടാകും.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം രാഷ്ട്രീയ രംഗത്തേതുൾപ്പെടെ നിരവധി പ്രമുഖർ ഇന്നു രാത്രി ദർബാർ ഹാളിൽ നടക്കുന്ന സൽക്കാരത്തിൽ പങ്കെടുക്കും. 10,000 പേരാണ് ഈ ചടങ്ങിലേക്കു ക്ഷണിക്കപ്പെട്ട അതിഥികൾ. 1,700 അതിഥികൾക്ക് ഒരേസമയം നവദമ്പതികളെ ആശംസിക്കാൻ ദർബാർ ഹാളിൽ സൗകര്യമുണ്ടാകും. അഞ്ച് മിനിറ്റ് നേരമാണ് അനുവദിച്ചിരിക്കുന്നത്. മൈസൂരു രാജകുടുംബത്തിലെ ഇപ്പോഴത്തെ അവകാശിയാണ് യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ. ഏതാണ്ട് 550 വർഷം മുമ്പുമുതൽ മൈസൂർ ഭരണം നടത്തിയ കുടുംബത്തിലെ വിവാഹം അതുകൊണ്ടുതന്നെ രാജ്യത്താകെയുള്ള രാജകുടുംബങ്ങളുടെ ശ്രദ്ധാകേന്ദ്രമായി. വിവാഹത്തിന് തലേന്ന് അംബാവിലാസ് കൊട്ടാരത്തിൽ നിന്നു ക്ഷേത്ര ദർശനത്തിന് പുറപ്പെടുന്ന ചടങ്ങുണ്ടായിരുന്നു.

ഇന്നലെ രാവിലെ വധു തൃഷിക കുമാരിയുടെ മാതാപിതാക്കൾ യദുവീറിന് പാദപൂജ ചെയ്തു. ഗൃഹസ്ഥാശ്രമ പ്രവേശനത്തിനു നാന്ദികുറിച്ച് ഉപനയനം നടന്നു. വിവാഹിതരാകുന്നതോടെ രണ്ടു പൂണൂൽ ധരിക്കുന്നതാണ് രീതി. ഗൃഹസ്ഥാശ്രമ പൂജയ്ക്കുശേഷം ദുൻഗാപുർ രാജകുടുംബത്തിലെ രീതിയനുസരിച്ച് വധുവിന്റെ മാതാപിതാക്കളായ ഹർഷവർധൻ സിങ്ങും മഹാശ്രീ കുമാരിയും യദുവീറിന് വൈരമോതിരമണിയിച്ചു. ഇന്നലെ വൈകിട്ട് ഏഴരയോടെ പ്രധാന ചടങ്ങായ കാശി യാത്രയും നടന്നു. കാശിക്കു പോകാനൊരുങ്ങുന്ന വരനെ തിരിച്ചു വിളിക്കുന്നതായാണു സങ്കൽപം

വെള്ള വസ്ത്രവും തലപ്പാവുമണിഞ്ഞ വരന് വധുവിന്റെ പിതാവ് ഹർഷവർധൻ സിങ് യാത്രയ്ക്കുള്ള കുടയും വിശറിയും മറ്റു സാമഗ്രികളും ഏൽപ്പിച്ചു. മഹാറാണി പ്രമോദദേവി വൊഡയാറും ചടങ്ങുകളിൽ പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി വാദ്യാഘോഷാദികളുടെ അകമ്പടിയോടെ കൊട്ടാരത്തിലെ എട്ടു ക്ഷേത്രങ്ങളിലും യദുവീർ പ്രാർത്ഥന നടത്തി. ചടങ്ങിനു ശേഷം കൊട്ടാരത്തിൽ രാജാവിനു മൈസൂർ പാവ് നൽകൽ ചടങ്ങുമുണ്ടായി. വിവാഹാഘോഷം പ്രമാണിച്ച് ടൂറിസ്റ്റുകളുടെ മൈസൂരിലെ മുഖ്യ ആകർഷണം കൂടിയായ കൊട്ടാരത്തിലേക്ക് ആറുദിവസമായി സഞ്ചാരികൾക്ക് വിലക്കും ഏർപ്പെടുത്തിയിരുന്നു. അതേസമയം, അതിഥികൾക്കായി സദ്യ ഉൾപ്പെടെയുള്ള ചടങ്ങുകളും നിയന്ത്രിത പ്രവേശനവും അനുവദിക്കുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP