Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയൽരാജ്യങ്ങൾക്കു മോദിയുടെ സമ്മാനമായ ഉപഗ്രഹം മെയ്‌ അഞ്ചിന് വിക്ഷേപിക്കും; വാർത്താവിനിമയ ഉപഗ്രഹത്തിന്റെ നേട്ടം കൊയ്യുന്നത് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഒഴികെയുള്ള സാർക് രാജ്യങ്ങൾ; വിജയംകാണുന്നത് ചൈനയ്‌ക്കെതിരായ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ബഹിരാകാശ നയതന്ത്രം

അയൽരാജ്യങ്ങൾക്കു മോദിയുടെ സമ്മാനമായ ഉപഗ്രഹം മെയ്‌ അഞ്ചിന് വിക്ഷേപിക്കും; വാർത്താവിനിമയ ഉപഗ്രഹത്തിന്റെ നേട്ടം കൊയ്യുന്നത് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഒഴികെയുള്ള സാർക് രാജ്യങ്ങൾ; വിജയംകാണുന്നത് ചൈനയ്‌ക്കെതിരായ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ബഹിരാകാശ നയതന്ത്രം

ബെംഗലൂരു: അയൽരാജ്യങ്ങൾക്കായുള്ള പ്രധാനമന്ത്രി മോദിയുടെ സമ്മാനമാണ് ജിസാറ്റ്-9 ഉപഗ്രഹം. ദക്ഷിണേഷ്യർ രാജ്യങ്ങളുടെ കൂട്ടായ്മയായ സാർക്കിനായി ഇന്ത്യ നിർമ്മിച്ച ഉപഗ്രഹം മെയ്‌ അഞ്ചിന് വിക്ഷേപിക്കും. പ്രധാനമന്ത്രി മോദിതന്നെയാണ് തന്റെ റേഡിയോ പരിപാടിയായ മൻകീബാത്തിൽ ഇക്കാര്യം അറിയിച്ചത്. വാർത്താവിനിമയ സേവനങ്ങളാണ് ഉപഗ്രഹത്തിൽനിന്നു ലഭിക്കുക.

മോദിയുടെ തലയിൽ വിരിഞ്ഞ ആശയമാണ് സാർക് ഉപഗ്രഹ പദ്ധതി. 2014 നവംബറിൽ നേപ്പാളിൽ നടന്ന സാർക് ഉച്ചകോടിയിലാണ് അംഗ രാജ്യങ്ങൾക്കായി പൊതുവായ ഉപഗ്രഹം എന്ന പദ്ധതി മോദി അവതരിപ്പിച്ചത്. മേഖലയിൽ സ്വാധീനം വളർത്താൻ ചൈന കിണഞ്ഞു ശ്രമിക്കുകയും ഇന്ത്യ- പാക്ക് ബന്ധത്തിലെ ഉലച്ചിലുകൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മോദിയുടെ 'ബഹിരാകാശ നയതന്ത്രം' വിജയ വിക്ഷേപണത്തിന് ഒരുങ്ങുന്നത്.

2230 കിലോഗ്രാം ഭാരവും 50 മീറ്ററോളം നീളവുമുള്ള ഈ ഉപഗ്രഹത്തിനുമാത്രം ചെലവ് 235 കോടി രൂപയാണ്. പദ്ധതിക്കു മൊത്തം 450 കോടിയോളം രൂപ ചെലവാകുമെന്നാണ് കണക്ക്. വാർത്താ വിനിമയ രംഗത്ത് 12 വർഷത്തോളം ഈ ഉപഗ്രഹത്തിന്റെ സേവനം ലഭ്യമാകും. പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും ഉപഗ്രഹം നൽകും. ഉപഗ്രഹത്തിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ രാജ്യങ്ങൾ പരസ്പരം കൈമാറും.

ഐഎസ്ആർഒ ആണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. ആദ്യം സാർക് സാറ്റലൈറ്റ് എന്നായിരുന്നു ഈ ഉപഗ്രഹത്തിന്റെ പേരെങ്കിലും പിന്നീട് പാക്കിസ്ഥാൻ പിന്മാറിയതോടെ സൗത്ത് ഏഷ്യൻ ഉപഗ്രഹം എന്ന് പേര് മാറ്റുകയായിരുന്നു. നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾ സഹകരണസന്നദ്ധത അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യ വക്താവ് വ്യക്തമാക്കി. ചില സാങ്കേതിക തടസങ്ങൾ നീങ്ങിയാൽ അഫ്ഗാനിസ്ഥാനും സഹകരിക്കും.

മെയ്‌ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നാകും ഉപഗ്രഹത്തിന്റെ വിക്ഷേപണം. ജിഎസ്എൽവി മാർക് രണ്ട് റോക്കറ്റാണ് ഇതിന് ഉപയോഗിക്കുക. ജിഎസ്എൽവിയുടെ 11ാം ബഹിരാകാശ ദൗത്യമായിരിക്കും ഇത്. ഓരോ രാജ്യത്തിനും പ്രത്യേകം ട്രാൻസ്‌പോണ്ടറുകളും എല്ലവർക്കുമായുള്ള പൊതു ട്രാൻസ്‌പോണ്ടറുകളും ഉപഗ്രഹത്തിലുണ്ടാകും. ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ച്, ഫെബ്രുവരി 15ന് ഐഎസ്ആർഒ ചരിത്രമെഴുതിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP