തനിക്കാണ് അധികാരമെന്നും, താനാണ് സൂപ്പർ പവറെന്നും പറയുന്നു; എന്നാൽ ഒന്നും ചെയ്യുന്നതായി കാണുന്നില്ല; മാലിന്യവിഷയത്തിൽ ലഫ്.ഗവർണർ നടത്തിയ അഭിപ്രായത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി
July 12, 2018 | 03:11 PM IST | Permalink

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാലിനെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി. മാലിന്യ സംസ്കരണം പ്രാദേശിക ഭരണകൂടത്തിന്റെ ചുമതലയാണെന്ന ഡൽഹി ലഫ്.ഗവർണറുടെ പരാമർശനത്തിനാണ് രൂക്ഷ വിമർശനം ഏറ്റുവാങ്ങിയത്. തനിക്കാണ് അധികാരമെന്നും താനാണ് സൂപ്പർമാനെന്നും നിങ്ങൾ പറയുന്നു. എന്നാൽ ഒന്നും ചെയ്യുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. ഡൽഹിയിലെ ഗസ്സിപൂർ, ഓഖ്ല, ഭലാസ്വ എന്നിവിടങ്ങളിലെ ശുചീകരണത്തിനു വേണ്ടി നടന്ന യോഗങ്ങളിലൊന്നും ലഫ്. ഗവർണറുടെ ഓഫീസിൽ നിന്ന് ആരും പങ്കെടുത്തിരുന്നില്ലെന്ന് അമിക്കസ് ക്യൂറി കോളിൻ ഗോൺസാൽവസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കോടതിയുടെ വിമർശനം.
ഡൽഹിയിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നതിന്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാറിനോ ഡൽഹി സർക്കാറിനോ എന്ന ചോദ്യത്തിനാണ് പ്രാദേശിക ഭരണ കൂടങ്ങൾക്കാണ് ഉത്തരവാദിത്തമെന്ന് ഗവർണർ മറുപടി നൽകിയത്. മാലിന്യ സംസ്കരണം പ്രാദേശിക സർക്കാറുകളുടെ ചുമതലയാണെന്നും അതിന്റെ മേൽനോട്ടച്ചുമതലയാണ് തനിക്കുള്ളതെന്നുമായിരുന്നു ഗവർണറുടെ മറുപടി. ഇന്ന് രണ്ടു മണിക്ക് മുമ്പ് ശുചീകരണത്തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡും യൂണിഫോമും നൽകണമെന്ന് കോടതി ലെഫ്. ഗവർണറോട് നിർദ്ദേശിച്ചു.
